ഏകദിന ലോകകപ്പിൽ സെമി കാണാതെ പാകിസ്താൻ പുറത്താകുമെന്ന് ഉറപ്പായതോടെ ട്രോളുമായി മുൻഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താൻ തിരികെ ജീവനുംകൊണ്ട് ഓടുന്നതിനെ സൂചിപ്പിച്ച് ‘പാകിസ്താൻ സിന്ദാബാഗ്’ എന്നാണ് സെവാഗ് കുറിച്ചത്.
കൂടാതെ, നിങ്ങൾ ബിരിയാണിയും ഇന്ത്യയുടെ ആതിഥേയത്വവും നന്നായി ആസ്വദിച്ചെന്ന് കരുതുന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെ സെവാഗ് പരിഹസിച്ചു. ‘പാകിസ്താൻ സിന്ദാബാഗ്! അത്രയേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു. വിമാനത്തിൽ സുരക്ഷിതമായ ഒരു മടക്കയാത്ര ആശംസിക്കുന്നു. ബൈ ബൈ പാകിസ്താൻ!’- എന്നാണ് സെവാഗിന്റെ കുറിപ്പ്. നിമിഷങ്ങൾക്കകം ട്രോൾ വൈറലായിരിക്കുകയാണ്.
പാകിസ്താന് ഇംഗ്ലണ്ടുമായി അവസാന മത്സരം ബാക്കിയുണ്ടെങ്കിലും ഇന്നലെ ശ്രീലങ്കക്കെതിരെ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ പാകിസ്താന്റെ സെമി സാധ്യത അവസാനിച്ച മട്ടാണ്. ഇനി സെമി കടക്കണമെങ്കിൽ അത്ഭുതം തന്നെ സംഭവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് പാകിസ്താൻ.
അവശേഷിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസിനോ അതിന് മുകളിലോ വലിയ ജയം നേടണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 2.6 ഓവറിൽ വിജയം നേടുകയും വേണം.
ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം. ഇംഗ്ലണ്ട് നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായ അവസ്ഥയിലാണ്. ഇതിനിടെ തിരിച്ചടിയായി പാക് നായകൻ ബാബർ അസമിന് ഐസിസി റാങ്കിംഗിൽ നിന്ന് ഒന്നാം റാങ്ക് നഷ്ടമായിരുന്നു. ബോളർ ഷഹീൻ അഫ്രീദിക്കും ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്. സെമി പോലും കാണാതെയുള്ള മോശം പ്രകടനത്തിന്റെ പേരിൽ സ്വന്തം രാജ്യത്തു നിന്നും വലിയ വിമർശനമാണ് പാകിസ്താൻ നേരിടേണ്ടി വരുന്നത്.