അബുദാബി: തന്റെ കുട്ടികള്‍ക്ക് തന്നെ ആജീവനാന്തം കളിയാക്കാനുള്ള വക ലഭിച്ചെന്ന് ആ മണ്ടന്‍ റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ച് പാക് താരം അസ്ഹര്‍ അലി പറഞ്ഞു. ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ അശ്രദ്ധ കൊണ്ട് സംഭവിച്ച റണ്ണൗട്ടിനെ കുറിച്ചാണ് അസ്ഹര്‍ അലിയുടെ ഈ പ്രതികരണം.
തന്റെ 10 വയസുകാരനായ മകന്‍ ഇതിനെ എന്തായാലും കളിയാക്കുമെന്നും ഇനി മക്കളോട് തനെന്തു പറഞ്ഞാലും അവര്‍ തിരിച്ച് അതിനെ നേരിടുക ഈ സംഭവം വെച്ചായിരിക്കും എന്നും അലി കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു റണ്ണൗട്ട് തീരെ പ്രതീക്ഷിച്ചതല്ല. ആ സമയം പന്തിന്റെ അധിക സ്വിംഗിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താനും ആസാദ് ഷഫീഖുമെന്നും താരം പറഞ്ഞു.
മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുക്കുമ്പോഴും ഇത്തരമൊരു കാര്യം ആരും ചിന്തിച്ചില്ല. കാരണം ബാറ്റില്‍ തട്ടിയ പന്ത് ബൗണ്ടറിയിലേക്കു പോയത് അത്യാവശ്യം നല്ല വേഗത്തിലായിരുന്നു. ബൗണ്ടറിയായെന്നു തന്നെയാണ് തങ്ങള്‍ കരുതിയത്. ടിം പെയ്ന്‍ സ്റ്റംമ്പ് ഇളക്കിയപ്പോള്‍ അതൊരു തമാശയാണെന്നാണ് കരുതിയത്, എന്നാല്‍ പിന്നീടാണ് സംഭവിച്ച അബദ്ധം മനസിലായതെന്നും അസ്ഹര്‍ അലി പറഞ്ഞു.
141 പന്തില്‍ നിന്ന് 64 റണ്‍സോടെ മികച്ച രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് അശ്രദ്ധ മൂലം അസ്ഹറിന് സ്വന്തം വിക്കറ്റ് നഷ്ടമാകുന്നത്. പീറ്റര്‍ സിഡില്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് അസര്‍ അലിയുടെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്കെത്തുംതോറും പന്തിന്റെ വേഗത കുറയുന്നുണ്ടായിരുന്നു. ഒടുവില്‍ ബൗണ്ടറി റോപ്പിന് തൊട്ടുമുന്നില്‍ പന്ത് നില്‍ക്കുകയായിരുന്നു.
എന്നാല്‍ പന്ത് ബൗണ്ടറിയിലെത്തി എന്ന ധാരണയില്‍ പിച്ചിന് മധ്യത്തിലേക്ക് ചെന്ന അസര്‍ അലിയും, ആസാദ് സംസാരത്തിലായിരുന്നു. പന്തിനു പിന്നാലെ ഓടിയെത്തിയ ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉടന്‍ തന്നെ പന്ത് ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ടിം പെയിനിന് കൈമാറുകയും പെയിന്‍ സ്റ്റംമ്പ് ഇളക്കുകയും ചെയ്തു.
Discussion about this post