സിറാജിന്റെ ആദ്യ മൂന്നു പന്തുകള്‍ക്ക് മറുപടിയില്ലാതെ പൃഥ്വി ഷാ; അടുത്ത മൂന്നു പന്തില്‍ തുടര്‍ച്ചയായ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും

മുംബൈ: ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ഈ സംഭവം. മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും പൃഥ്വിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10 ഓവറില്‍ 73 റണ്‍സടിച്ചുകൂട്ടിയ സഖ്യം പിരിക്കാനായി ഹൈദരാബാദ് നായകന്‍ അമ്പാട്ടി റായിഡു സിറാജിനെ പന്തേല്‍പ്പിച്ചു.

പിന്നീട് കണ്ടത് മികച്ച പന്തുകള്‍ കൊണ്ട് സിറാജ് പൃഥ്വിയെ വിറപ്പിക്കുന്നതാണ്. സിറാജിന്റെ ആയുധം ബൗണ്‍സറുകളായിരുന്നു. സിറാജിന്റെ രണ്ട് മികച്ച പന്തുകള്‍ കളിക്കാനുള്ള പൃഥ്വിയുടെ ശ്രമം പാളി. ഒരു പന്ത് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൃഥ്വിയുടെ കയ്യില്‍ നിന്നും ബാറ്റ് തെറിച്ചു പോകുകയും ചെയ്തു. രണ്ടു തവണയും ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ പൃഥ്വിക്ക് ജീവന്‍ നല്‍കുകയായിരുന്നു. സിറാജിനെ ഇത് അലോസരപ്പെടുത്തുകയും ചെയ്തു. സിറാജിന്റെ അടുത്ത ബൗണ്‍സറിലും പൃഥ്വി ബീറ്റണായി.

ഈ സമയമത്രയും സിറാജ്, പൃഥ്വിയെ തുറിച്ച് നോക്കുന്നത് കാണാമായിരുന്നു. എന്നാല്‍ പിന്നീട് കളിമാറി. കടുത്ത തിരിച്ചു വരവാണ് പൃഥ്വി നടത്തിയത്. സിറാജിന്റെ ആദ്യ മൂന്നു പന്തുകളില്‍ മറുപടിയില്ലാതിരുന്ന പൃഥ്വി, അടുത്ത മൂന്നു പന്തുകളില്‍ തുടര്‍ച്ചയായ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 16 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. 44 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത പൃഥ്വി ഒടുവില്‍ 12ാം ഓവറില്‍ മെഹ്ദി ഹസന്റെ പന്തിലാണ് പുറത്തായത്. 60 റണ്‍സിന് മത്സരം മുംബൈ ജയിക്കുകയും ചെയ്തു.

Exit mobile version