ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോമുകളില്‍ നിന്നും വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്. 23 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് വിടവാങ്ങല്‍. സമൂഹമാധ്യമങ്ങളിലൂടെ മിതാലി തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

“കഴിഞ്ഞു പോയ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ തുടക്കത്തിനും ഇതേ പിന്തുണയും പ്രാര്‍ഥനയും എല്ലാവരില്‍ നിന്നുമുണ്ടാകണം.

എല്ലാ യാത്രയ്ക്കും പോലെ ഈ യാത്രയ്ക്കും ഒരവസാനമുണ്ടാകണമല്ലോ. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോമില്‍ നിന്നും വിരമിക്കുന്നതായി അറിയിക്കുകയാണ്. ഓരോ തവണ ഫീല്‍ഡിലിറങ്ങുമ്പോഴും ഏറ്റവും ബെസ്റ്റ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ ജയിക്കണം എന്ന് മാത്രമായിരുന്നു ചിന്ത. മൂവര്‍ണക്കൊടിയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനമായിരിക്കും. കായിക കരിയറിന് തിരശ്ശീലയിടാന്‍ പറ്റിയ ഏറ്റവും മികച്ച സമയമിതാണെന്ന് തോന്നുന്നു. കാരണം ഏറെ പ്രതിഭ നിറഞ്ഞ യുവതാരങ്ങളുടെ കയ്യിലാണ് ഇപ്പോള്‍ ടീമുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനവുമാണ്”. മിതാലി കുറിച്ചു.

1999 ജൂണിലെ ഏകദിനത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ മിതാലി അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്(7805) നേടിയ താരമായ മിതാലിക്ക് കീഴില്‍ ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,346 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങള്‍ കളിച്ചു.

Exit mobile version