ന്യൂഡല്‍ഹി : ഐപിഎല്ലിന്റെ അടുത്ത സീസണിലെ മാച്ചുകള്‍ മഹാരാഷ്ട്രയില്‍ മാത്രമായി ചുരുക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി മറ്റ് ടീമുകള്‍. ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ കളിപ്പിക്കുന്നത് മുംബൈ ഇന്ത്യന്‍സിന് അനാവശ്യ മുന്‍ തൂക്കം നല്‍കുമെന്നാണ് ടീമുകളുടെ ആരോപണം.
കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടം ഇന്ത്യയില്‍ നടത്തിയപ്പോള്‍ ഒരു ടീമിനെയും ബിസിസിഐ ഹോം ഗ്രൗണ്ടില്‍ കളിപ്പിച്ചിരുന്നില്ല. സമാന ശ്രദ്ധ ഇത്തവണയും വേണമെന്നാണ് ആവശ്യം. മുംബൈ ഇന്ത്യന്‍സ് മറ്റേത് സ്റ്റേഡിയത്തില്‍ കളിക്കുന്നതിനും വിരോധമില്ലെന്നും വാങ്കഡെയില്‍ അവരെ കളിപ്പിച്ച് മറ്റ് ടീമുകളേക്കാള്‍ മുന്‍ തൂക്കം അവര്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്നും ഒരു പ്രമുഖ ടീമിന്റെ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
“ഇത്തവണ ഒരു ടീമിനും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് മാത്രം വാങ്കഡെ സ്‌റ്റേഡിയത്തില്‍ മത്സരം അനുവദിക്കുന്നത് ശരിയല്ലെന്നാണ് മറ്റ് ടീമുകളുടെ നിലപാട്. മുംബൈ ഇന്ത്യന്‍സ് മുംബൈയിലെ തന്നെ വേദികളില്‍ കളിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ വാങ്കഡെയില്‍ കളിപ്പിക്കരുതെന്നാണ് ആവശ്യം. ബിസിസിഐ ഇക്കാര്യം പരിഗണനയിലെടുക്കുമെന്നാണ് പ്രതീക്ഷ.” പ്രതിനിധി അറിയിച്ചു.
കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഈ വര്‍ഷം ഐപിഎല്‍ മഹാരാഷ്ട്രയിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടത്തുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നത്. വാങ്കഡെ സ്‌റ്റേഡിയത്തിന് പുറമേ മുംബൈയിലെ തന്നെ ബ്രാബണ്‍ സ്റ്റേഡിയം, പുണെയിലെ ഗുഹാന്‍ജെ സ്റ്റേഡിയം എന്നിവിടങ്ങളിലായി ടൂര്‍ണമെന്റ് ക്രമീകരിക്കാനാണ് ബിസിസിഐയുടെ നീക്കം.