മൊഹാലി : പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ച് ഹര്‍ഭജന്‍ സിങ്. ഐപിഎല്ലുമായി ബന്ധപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കല്‍ തീരുമാനം വൈകിപ്പിച്ചതെന്ന് താരം വ്യക്തമാക്കി.
“എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്ക് എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.” ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
All good things come to an end and today as I bid adieu to the game that has given me everything in life, I would like to thank everyone who made this 23-year-long journey beautiful and memorable.
My heartfelt thank you 🙏 Grateful .https://t.co/iD6WHU46MU— Harbhajan Turbanator (@harbhajan_singh) December 24, 2021
1998മുതല്‍ 2016വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011ല്‍ ഇന്ത്യ വിജയിച്ച ഏകദിന ലോകകപ്പിലും 2007ലെ ട്വന്റി 20 ലോകകപ്പിലും അംഗമായിരുന്നു ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍. 2016ല്‍ ധാക്കയില്‍ നടന്ന യുഎഇയ്‌ക്കെതിരായ ട്വന്റി20യിലാണ് താരം രാജ്യത്തിന് വേണ്ടി അവസാനമായി കളിച്ചത്.
2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ചതായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ ഇതിലൂടെ
ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാതിരുന്നപ്പോളും ഹര്‍ഭജന്‍ ഐപിഎല്ലില്‍ തിളങ്ങി നിന്നിരുന്നു. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ താരം ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുണ്ട്.