ഇസ്ലാമാബാദ് : ലോകകപ്പ് വിശകലനത്തിനിടെ അവതാരകനുമായി തെറ്റി ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയ മുന്‍ പാക് താരം ശുഐബ് അക്തറിന് പിടിവിയുടെ നോട്ടീസ്. സംഭവം ചാനലിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.
‘ഗെയിം ഓണ്‍ ഹെ’ എന്ന പരിപാടിയുടെ അവതാരകന്‍ നൗമാന്‍ നിയാസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അക്തര്‍ പാനലിസ്റ്റ് സ്ഥാനം രാജി വയ്ക്കുന്നതായി അറിയിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ചത്. ഇത് കരാര്‍ ലംഘനമാണെന്നും പിടിവിക്ക് വന്‍ സാമ്പത്തികനഷ്ടമുണ്ടായെന്നും നോട്ടീസില്‍ പറയുന്നു. മൂന്ന് മാസത്തെ ശമ്പളമായ 33.33 ലക്ഷം രൂപ താരം തിരിച്ചടയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
കരാര്‍ കാലയളവില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിനൊപ്പം ഇന്ത്യന്‍ ചാനലില്‍ അക്തര്‍ പരിപാടിയില്‍ പങ്കെടുത്തതും നോട്ടീസില്‍ ചോദ്യം ചെയ്തു. നോട്ടീസ് അയച്ച ചാനലിന്റെ നടപടി നിരാശാജനകമാണെന്നും നിയമപരമായി ഇതിനെതിരെ മുന്നോട്ട് നീങ്ങുമെന്നുമാണ് അക്തര്‍ അറിയിച്ചിരിക്കുന്നത്.