ദുബായ് : ട്വന്റി 20 ഫോര്‍മാറ്റിലെ അടുത്ത നായകന്‍ ആരെന്ന ചോദ്യത്തിന് ചെറിയ സൂചനകളിലൂടെ മറുപടി നല്‍കി വിരാട് കോഹ്ലി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കുറച്ചു നാളായി ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും കോഹ്ലി പറഞ്ഞു.
“നായകസ്ഥാനം എന്നത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ മാറി ചിന്തിക്കേണ്ട സമയവും വന്നിരിക്കുന്നു. ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. ഇപ്പോള്‍ മറ്റൊരാള്‍ ടീമിനെ മുന്നോട്ട് നയിക്കേണ്ട സമയമായി. രോഹിത് ഇവിടെത്തന്നെയുണ്ടെന്ന് പറയേണ്ടതില്ലല്ലോ, കഴിഞ്ഞ കുറച്ചു നാളുകളായി രോഹിത് ടീമിന്റെ മേല്‍നോട്ടം വഹിക്കുന്നുമുണ്ട്.” കോഹ്ലി പറഞ്ഞു.
ഇന്ത്യന്‍ നായകനായി ഇറങ്ങിയ അവസാന കളിയില്‍ നമീബിയയ്‌ക്കെതിരായ പോരാട്ടത്തിന് മുമ്പാണ് കോഹ്ലി തന്റെ അഭിപ്രായം പങ്ക് വച്ചത്.ഈ ലോകകപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് നേരത്തേ തന്നെ കോഹ്ലി അറിയിച്ചിരുന്നു.
അടുത്ത ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം നിര്‍ദേശിച്ച് കേള്‍ക്കുന്ന പേരാണ് രോഹിത്തിന്റേത്. രാജ്യാന്തര ട്വന്റി20 യില്‍ 19 മത്സരങ്ങളില്‍ ഇന്ത്യയുടെ സ്‌കിപ്പര്‍ ആയിരുന്ന രോഹിത് ഇന്ത്യക്ക് 15 വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്.