ന്യൂഡല്‍ഹി : ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതോടെ ആ സ്ഥാനത്തേക്ക് ആര് പകരക്കാരനാകുമെന്ന തലപുകയ്ക്കലുകള്‍ക്കിടയില്‍ നായകസ്ഥാനത്തേക്ക് ജസ്പ്രീത് ബുംറയെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ട്വന്റി20യില്‍ ബുംറ ടീം ഇന്ത്യയെ നയിക്കണമെന്നാണ് നെഹ്‌റയുടെ അഭിപ്രായം.
ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് ബുംറ എന്നത് തന്നെയാണ് ഇതിനുള്ള കാരണമായി നെഹ്‌റ ചൂണ്ടിക്കാട്ടുന്നത്. ഒരു നായകനാകാന്‍ വേണ്ട എല്ലാ ഗുണങ്ങളും ബുംറയ്ക്കുണ്ടെന്നാണ് നെഹ്‌റയുടെ പക്ഷം.
“രോഹിത്തിനെക്കൂടാതെ റിഷഭ് പന്തിന്റെയും കെഎല്‍ രാഹുലിന്റെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പന്തിന് ടീം സ്ഥാനം നഷ്ടമായ ഒരുപാട് അവസരങ്ങളുണ്ട്. മയാങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് കെഎല്‍ രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് മടക്കി വിളിച്ചത്.”
“മുന്‍ വൈസ് ക്യാപ്റ്റന്‍ അജയ് ജഡേജ പറഞ്ഞത് പോലെ ഗെയിം നന്നായി മനസ്സിലാക്കുന്ന താരമാണ് ബുംറ.എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനായി ബുംറ കളിക്കുന്നുമുണ്ട്. പേസ് ബോളര്‍മാരെ ക്യാപ്റ്റനാക്കിക്കൂട എന്ന് നിയമമൊന്നുമില്ലല്ലോ.” ക്രിക്കറ്റ് വാര്‍ത്താ വെബ്‌സൈറ്റായ ക്രിക്ക് ബസ്സിനോട് നെഹ്‌റ പ്രതികരിച്ചു.
ട്വന്റി20 ഫോര്‍മാറ്റിലെ പുതിയ ക്യാപ്റ്റനെ അടുത്ത ആഴ്ചയോടെ ബിസിസിഐ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Discussion about this post