അനുഷ്ക ശര്‍മ്മ-ഷാരൂഖ് ഖാന് ടീമിന്റെ ചിത്രം സീറോ കണ്ടതിനു പിന്നാലെ വാഴ്ത്തലുമായി സോഷ്യല്‍മീഡിയയിലെത്തിയ വിരാട് കോഹ്ലിയെ ട്രോളി കൊല്ലുകയാണ് ട്വിറ്ററാറ്റികള്‍. അനുഷ്ക കൊഹ്ലിയുടെ ഭാര്യ അല്ലേ പിന്നെന്തിനാണ് ഇങ്ങനെ ട്രോളുന്നതെന്ന് ചോദിച്ചാല്‍ സോഷ്യല്‍മീഡിയയ്ക്കും കൃത്യമായ ഉത്തരമുണ്ട്.
ഓസ്ട്രേലിയയിലെ മൂന്നാം ടെസ്റ്റിന് മുമ്പുള്ള ഇടവേളയിലാണ് കോഹ്ലി അനുഷ്കയുടെ സിനിമ കആണാനെത്തിയത്. മെല്‍ബണില്‍ സിനിമ കണ്ട് കഴിഞ്ഞ് ട്വിറ്ററില്‍ കോഹ്ലി അഭിപ്രായവും എഴുതി.
‘സീറോ നന്നായി ആസ്വദിച്ചു. എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് സിനിമയില്‍. അനുഷ്കയുടെ പ്രകടനം വളരെ ഇഷ്ടപ്പെട്ടു, കാരണം വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്. അനുഷ്ക ഗംഭീരമായി തന്നെ അഭിനയിച്ചു’ കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ സോഷ്യല്‍ലോകത്ത് സീറോയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്. ഇതേതുടര്‍ന്നാണ് സിനിമയെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ കോഹ്ലിക്ക് ആക്രമണമേല്‍ക്കേണ്ടി വന്നത്. കോഹ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് അനുഷ്കയാവും എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. ഇന്ത്യന്‍ താരം രാഹുലും സീറോയെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു.