മുംബൈ : രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന് ഉറപ്പായതോടെ
ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന് പകരക്കാരനെ തേടി ബിസിസിഐ. ആവശ്യമുന്നയിച്ച് അധികൃതര്‍ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണെ സമീപിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററുമായതിനാലാണ് ലക്ഷ്മണ്‍ ബിസിസിഐയെ വിസമ്മതം അറിയിച്ചത്. പരിശീലകനാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളതും ടീമിന്റെ ഇതുവരെയുള്ള യാത്രയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളതുമായ താരങ്ങളെയാണ് ബിസിസിഐ പരിഗണിക്കുന്നത്. 134 ടെസ്റ്റുകളില്‍ 17 സെഞ്ചുറികള്‍ സഹിതം 8781 റണ്‍സ് നേടിയിട്ടുള്ള ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ലക്ഷ്മണ്‍ ആവശ്യം നിരസിച്ചതിനാല്‍ പരിശീലകനായി ബിസിസിഐ ഇനിയും ‘അലയേണ്ടി’ വരും.
ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് ദ്രാവിഡ് സ്ഥാനമേല്‍ക്കുക. ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ആദ്യം വിസമ്മതിച്ച ദ്രാവിഡ് പിന്നീട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മനസ്സു മാറ്റിയത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും ലോകകപ്പിന് ശേഷം രാഹുല്‍ ചുമതലയേല്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.