ദുബായ് : ഐപിഎല്‍ പതിനാലാം സീസണില്‍ രണ്ടാം തവണയും ഓവറുകള്‍ എറിഞ്ഞു തീര്‍ക്കുന്നതില്‍ പിഴവ് വരുത്തിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ പിഴ ചുമത്തി സംഘാടകര്‍. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന് 24 ലക്ഷം രൂപയും പ്ലേയിങ് ഇലവനിലുണ്ടായിരുന്ന മറ്റ് 10 താരങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതവുമാണ് പിഴ.
“ഈ സീസണില്‍ രണ്ടാം തവണയും ഓവര്‍ നിരക്കില്‍ കുറവ് വരുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനില്‍ നിന്ന് ഐപിഎല്‍ നിയമാവലിയിലെ ചട്ടമനുസരിച്ച് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. പ്ലേയിങ് ഇലവനിലുണ്ടായിരുന്ന താരങ്ങളില്‍ നിന്ന് ഒന്നുകില്‍ ആറ് ലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും പിഴയായി ഈടാക്കും.” ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.
രാഹുല്‍ ത്രിപാഠി, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്കായി രാഹുല്‍ ത്രിപാഠി 42 പന്തില്‍ 74 റണ്‍സോടെ പുറത്താകാതെ നിന്നു. വെങ്കേഷ് അയ്യര്‍ 30 പന്തില്‍ 53 റണ്‍സെടുത്തു. 29 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കിയാണ് കൊല്‍ക്കത്ത ജയിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ വിജയം നേടിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ചു സാംസണ് സമാനമായ കുറ്റത്തിന് ഐപിഎല്‍ അധികൃതര്‍ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് ആദ്യ സംഭവമായതിനാലാണ് പിഴ 12 ലക്ഷത്തില്‍ ഒതുക്കിയത്.