ഷാർജ : ഐപിഎല്ലിൽ വീണ്ടും കരുത്ത് കാണിച്ചു ഡൽഹി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 18 റൺസിന്റെ വിജയം. 229 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങിലും ബൗളിങ്ങിലും പിഴച്ച കൊൽക്കത്തയ്ക്ക് ആശ്വാസമായത് നിതീഷ് റാണ (58)യുടെയും ഓയിൻ മോർഗന്റെയും (44) ഇന്നിങ്‌സ് ആണ്. ശുഭം ഗിൽ (28) റസ്സൽ (13), നരെയ്ൻ (3), ദിനേശ് കാർത്തിക് (6), പാറ്റ് കമ്മിൻസ് (5) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാൻമാരുടെ സംഭാവന.
വാലറ്റത്ത് മോർഗനും (44) രാഹുൽ ത്രിപാഠിയും (36) പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഡൽഹിക്ക് വേണ്ടി നോർജ് 3 വിക്കറ്റും ഹർഷൻ പട്ടേൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സ്റ്റോയ്‌നിസും അമിട്ട് മിശ്രയും റബാഡയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അതേസമയം, ടോസ് നഷ്ട്ടപെട്ടു ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഡൽഹി അർദ്ധ സെഞ്ച്വറി നേടിയ നായകൻ ശ്രേയസ് അയ്യരുടെയും പ്രിത്വി ഷായുടെയും മികവിൽ മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് അടിച്ചു കൂട്ടിയാതാണ് വിജയത്തിന്റെ അടിത്തറ പാകിയത്.
മികച്ച തുടക്കം ലഭിച്ച ഡൽഹി കൊൽക്കത്ത ബൗളർമാരെ കണക്കറ്റു പ്രഹരിക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടായ പ്രിത്വി ഷായും(66) ശിഖർ ധവാനും (26) 56 റൺസ് നേടി പിരിഞ്ഞെങ്കിലും പിന്നീട് തളർന്നു പോകാതെ ബാറ്റിങ് മുന്നോട്ട് നയിച്ചത് നായകൻ ശ്രേയസ് അയ്യരും (88) റിഷഭ് പന്തും (38) ചേർന്നാണ്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസ്സൽ 2 വിക്കറ്റും വരുൺ ചക്രവർത്തിയും കമലേഷ് നഗർകോട്ടിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ശിവം മാവിയും കമ്മിൻസും ചക്രവർത്തിയും ഡൽഹി ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.