ബിക്‌സ് വേണോ അത്രുമാന്‍ജന്‍ വേണോ?

vicks, ads, ???????, ??????????
ഫേവര്‍ ഫ്രാന്‍സിസ് കോളേജ് കാലത്തെ രസകരമായ കഥകളില്‍ ഞാന്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥയുടെ തലക്കെട്ടാണിത്. അച്ഛന് തലവേദന വന്നപ്പോള്‍ വിക്‌സ് വാങ്ങാന്‍ കടയില്‍ പോയ ഉണ്ണിക്കുട്ടന്റെ കഥ. വിക്‌സ് എന്നു പറയാന്‍ അറിയാതെ ബിക്‌സ് ഉണ്ടോ എന്നു ചോദിച്ച ഉണ്ണിക്കുട്ടനെ കണക്കിന് കളിയാക്കി കടയുടമ. ബിക്‌സ് എന്നല്ല വിക്‌സ് എന്നാണ് പറയേണ്ടത് എന്നു പറഞ്ഞു പഠിപ്പിച്ച ശേഷമേ വിക്‌സ് ഡപ്പി എടുത്തു കൊടുക്കാന്‍ അയാള്‍ തയ്യാറായുള്ളൂ. പക്ഷെ ഈ ക്ലാസ് കഴിഞ്ഞു നോക്കുമ്പോള്‍ കടയില്‍ വിക്‌സ് സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. എന്നാല്‍ പിന്നെ വിക്‌സിന് പകരം 'അത്രുമാന്‍ജന്‍' മതിയോ എന്നായി കടക്കാരന്റെ ചോദ്യം. അമൃതാഞ്ജന് പകരം അത്രുമാന്‍ജന്‍ എന്നു പറയുന്ന കടക്കാരന്റെ കഥ കേട്ടാല്‍ ഇപ്പോഴും ഞാന്‍ ആര്‍ത്തു ചിരിക്കും. പക്ഷെ ആ കഥയിലൊരു പ്രശ്‌നമുണ്ട്. ആ പ്രശ്‌നം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും എന്നെ അലട്ടുന്നുമുണ്ട്. വിക്‌സ് സ്റ്റോക്ക് ഇല്ലാത്ത കടയുണ്ടാകുമോ? മെഡിക്കല്‍ ഷോപ്പിലെ ചില്ലലമാരിയില്‍ മാത്രമല്ല പലചരക്കു കടയിലും മുറുക്കാന്‍ കടയിലും ബേക്കറിയിലുമൊക്കെ കൗണ്ടറില്‍ തന്നെ കയറിയിരുന്നു വിക്‌സ് വിലസാന്‍ തുടങ്ങിയിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒന്നു മഴ കനത്താല്‍ മലയാളി തന്റെ വീട്ടില്‍ ആദ്യം തിരയുന്ന വസ്തുക്കളില്‍ ഒന്നായി വിക്‌സ് മാറിയിട്ടും വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു. ജലദോഷം, മൂക്കടപ്പ്, തലവേദന അങ്ങനെ മഴക്കാലം സമ്മാനിക്കുന്ന ഒട്ടുമിക്ക ശാരീരിക അസ്വസ്ഥതകള്‍ക്കും ഒറ്റമൂലിയായി വിക്‌സ് ഇപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ട്. VICKS-1 ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ നോര്‍ത്ത് കരോലിനയിലെ ഒരു ഫാര്‍മസിസ്റ്റ് ആയ ലന്‍സ്ഫോര്‍ഡ് റിച്ചാര്‍ഡ്‌സണ്‍ തന്റെ അളിയനായ ഡോക്ടര്‍ ജോഷ്വാ വിക്കിന്റെ മരുന്ന് കമ്പനി ഏറ്റെടുക്കുന്നതോടെയാണ് നമ്മള്‍ ഇന്ന് ഏറ്റവും ലാഘവത്തോടെ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നായ വിക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത്. ആവണക്കെണ്ണയില്‍ കര്‍പ്പൂരവും യൂക്കാലി ഓയിലുമൊക്കെ ചേര്‍ത്തു ഉണ്ടാക്കിയെടുത്ത ഈ മിശ്രിതത്തിനു റിച്ചാര്‍ഡ്‌സണ്‍ ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റിച്ചാര്‍ഡ്‌സണ്‍സ് മാജിക് ക്രൂപ് സ്ലേവ് എന്നായിരുന്നു. എന്നാല്‍ തന്റെ പേര് കൂടി ചേര്‍ത്താല്‍ അതു ഉപഭോക്താവിന് പറയാനും ഡപ്പിയില്‍ പ്രിന്റ് ചെയ്യാനുമൊന്നും അത്ര എളുപ്പമായിരിക്കില്ല എന്ന തിരിച്ചറിവ് തന്റെ ഉത്പന്നത്തിനു കുറച്ചു കൂടി മികച്ച ഒരു പേര് കണ്ടെത്താന്‍ റിച്ചാര്‍ഡ്‌സണെ പ്രേരിപ്പിച്ചു. ആ അന്വേഷണം ചെന്നെത്തിയത് തന്റെ അളിയന്റെ പേരിലാണ്. പറയാനും എഴുതാനും എളുപ്പമുള്ള ചെറിയ പേര്. വിക്‌സ്. അങ്ങിനെ റിച്ചാര്‍ഡ്‌സണ്‍സ് മാജിക് ക്രൂപ് സ്ലേവ് എന്ന പേര് വിക്‌സ് മാജിക് ക്രൂപ് സ്ലേവ് എന്ന പേരിനു വഴിമാറി. ആയിരത്തി തൊള്ളായിരത്തി അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ഈ പേരില്‍ തന്നെയായിരുന്നു വിക്‌സിന്റെ പടയോട്ടം. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടില്‍ റിച്ചാര്‍ഡ്‌സണിന്റെ മൂത്ത മകനാണു ഈ നീളന്‍ പേരിനെ പിന്നെയും വെട്ടിയൊതുക്കി വിക്‌സ് വേപോറബ് എന്ന പേര് തങ്ങളുടെ ഉല്‍പ്പന്നത്തിന് നല്‍കിയത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ന്യൂ യോര്‍ക്കിലും മറ്റും മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിചെയ്ത അനുഭവസമ്പത്തുമായി എത്തിയ പുത്രന്‍ സ്മിത്ത് റിച്ചാര്‍ഡ്‌സണ്‍ തന്റെ പിതാവിന്റെ മരണത്തോടെ കമ്പനിയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റു. VICKS-2ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ എന്ന ആഗോള ഭീമന്‍ കമ്പനി ഏറ്റെടുക്കുന്നത് വരെ വിക്‌സ് എന്ന ബ്രാന്‍ഡ് റിച്ചാര്‍ഡ്‌സണ്‍ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. വിക്സിന്റെ ഉത്ഭവത്തിനു പിന്നില്‍ തന്നെയുണ്ട് ധാരാളം കഥകള്‍. വിട്ടുമാറാത്ത ചുമ ബാധിച്ചവര്‍ക്ക് വേണ്ടി റിച്ചാര്‍ഡ്‌സണ്‍ കണ്ടെത്തിയതാണ് ഈ മരുന്നെന്നും അതല്ല തന്റെ മൂന്നു മക്കള്‍ക്കും സാരമായ ജലദോഷം ബാധിച്ചപ്പോള്‍ അതില്‍ നിന്നൊരു മോചനം കണ്ടെത്താനായി ഉണ്ടാക്കിയെടുത്തതാണ് വിക്സെന്നുമൊക്കെ കഥകള്‍ പറയുന്നു. ഉത്ഭവം എങ്ങിനെ ആയിരുന്നാലും ആവണക്കെണ്ണയും യൂക്കാലി തൈലവും കര്‍പ്പൂരവുമൊക്കെ ചേര്‍ത്തുണ്ടാക്കിയ വിക്‌സ് മൂക്കടപ്പിനും ജലദോഷത്തിനും തലവേദനക്കുമൊക്കെ ഒരു താത്കാലികാശ്വാസം നല്‍കാന്‍ കെല്പ്പുള്ളതാണ് എന്ന വസ്തുത വളരെ പെട്ടെന്ന് തന്നെ വിക്‌സിനെ വിപണിയുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കി മാറ്റി. VICKS-4മലയാളിക്ക് വിക്‌സിനോടുള്ള താല്പര്യത്തെ തോല്‍പിക്കാനും ഇതുവരെ ഒരു എതിരാളിക്കും കഴിഞ്ഞിട്ടില്ല. അമൃതാഞ്ജനും സന്ദുബാമുമൊക്കെ ആവോളം പരസ്യം വാരി വിതറിയിട്ടും വിക്‌സിന്റെ മേല്‍ക്കോയ്മക്ക് ചെറിയൊരു കോട്ടം വരുത്താന്‍ പോലുമായില്ല എന്നത് ഈ ബ്രാന്‍ഡ് എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ്. സാധാരണ ജലദോഷത്തിന് വിക്‌സ് തേക്കുന്നവര്‍ കുറച്ചു കൂടി വീര്യം കൂടിയ ബാം വേണമെന്ന് തോന്നുമ്പോള്‍ ആണ് അമൃതാഞ്ജനെ സമീപിക്കുന്നത്. ഈ വീര്യക്കൂടുതല്‍ തന്നെയാണ് അമൃതാഞ്ജന്റെ ഗുണവും ദോഷവും. ഗള്‍ഫ് നാടുകളില്‍ നിന്നും ലീവില്‍ നാട്ടിലെത്തുന്നവരോട് നമ്മളില്‍ പലരും കൊണ്ടു വരാന്‍ ആവശ്യപ്പെടുന്ന ഒരു ഉല്പന്നമാണ് ടൈഗര്‍ ബാം. വിക്‌സിനെക്കാളും അമൃതാഞ്ജനെക്കാളുമൊക്കെ വീര്യം കൂടിയ ഔഷധമായി നമ്മള്‍ എന്നും ഓമനിച്ചു പോരുന്ന ടൈഗര്‍ ബാം പക്ഷെ സാധാരണക്കാരന് എത്തിപ്പിടിക്കാവുന്ന ഉത്പന്നമല്ല താനും. VICKS-5 വെറും വേപോറബ്ബില്‍ മാത്രമായി തങ്ങളുടെ ഉത്പന്ന ശ്രേണി പരിമിതപ്പെടുത്താന്‍ വിക്സും തയ്യാറായിരുന്നില്ല. ജലദോഷം എന്ന നിസ്സാരമെങ്കിലും മരുന്നില്ലാത്ത രോഗത്തില്‍ നിന്നും ആശ്വാസം നല്‍കാന്‍ എന്നും നൂതന മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കായി വിക്‌സ് പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തു. ദേഹത്തു പുരട്ടുന്നതില്‍ നിന്നും കഴിക്കാനും മൂക്കില്‍ വലിച്ചു കേറ്റാനുമൊക്കെ സജ്ജരായി ആ ശ്രേണി നമ്മുടെ മുന്നില്‍ യുദ്ധത്തിന് തയ്യാറായി നിന്നും. വിക്‌സ് കി ഗോലിയും കിച്ച് കിച്ച് എന്ന ശല്യക്കാരനും VICKS-3 മലയാളി ടിവി കണ്ടു തുടങ്ങിയ കാലം തൊട്ട് അവന്റെ മനസ്സില്‍ പതിഞ്ഞ മുദ്രാവാക്യമാണ് 'വിക്‌സ് കി ഗോലി ലോ, കിച്ച് കിച്ച് ദൂര്‍ കരോ'. വിക്‌സ് ജലദോഷത്തിനു പുരട്ടാന്‍ മാത്രമല്ല അലിയിച്ചു കഴിച്ചു തൊണ്ട വേദനയകറ്റാം എന്നും നമ്മളെ പഠിപ്പിച്ചത് ഈ പരസ്യവാചകമാണ്. ഗോലിയെന്നാല്‍ മലയാളികള്‍ കുഴികുത്തികളിക്കുന്ന ഗോട്ടിയല്ലെന്നും അതിനു ഹിന്ദിയില്‍ വെടിയുണ്ടയെന്നു മാത്രമല്ല ഗുളികയെന്നും അര്‍ത്ഥമുണ്ടെന്നു അഞ്ചാം ക്ലാസ്സില്‍ ഹിന്ദി പഠിക്കുന്നതിനു മുന്‍പ് നമ്മള്‍ നമ്മള്‍ മനസ്സിലാക്കിയതും ഇതേ പരസ്യവാചകത്തില്‍ നിന്നു തന്നെ. ഏതൊരു മെഡിക്കല്‍ ഷോപ്പില്‍ ചെന്നാലും കൗണ്ടറില്‍ തന്നെ ഒരു കുപ്പിയില്‍ നിറയെ വിക്‌സ് ഗുളികകള്‍ കാണും, ഒപ്പം ഒരു പരന്ന ഡിസ്പ്ലൈ ഷെല്‍ഫില്‍ വിക്‌സ് വേപോറബ്ബും ഇന്‍ഹേലറും അടക്കമുള്ള മറ്റ് വിക്‌സ് യോദ്ധാക്കളും. ചിലപ്പോഴൊക്കെ പലചരക്ക് കടയില്‍ നിന്നു ചില്ലറക്ക് പകരമായിപ്പോലും ഈ വിക്‌സ് മിട്ടായികള്‍ നമ്മുടെ കയ്യിലെത്തും. വിക്‌സിനെക്കാള്‍ സ്വാദുള്ള സ്‌ട്രെപ്‌സില്‍സും ആയുവേര്‍ദത്തിന്റെ രുചിക്കൂട്ടുമായി ഏലാദി ടാബ്ലറ്റ്സ്സുമൊക്കെ മത്സരിച്ചിട്ടും ഇപ്പോഴും നമുക്ക് പ്രിയം വിക്‌സ് കി ഗോലി തന്നെ. വിക്‌സ് മിട്ടായി പോലെത്തന്നെ ഡിമാന്റ് ഉള്ള ഒരു വിക്‌സ് ഉല്പന്നമാണ് വിക്‌സ് ഇന്‍ഹേലര്‍. ഒന്നു മൂക്കടഞ്ഞു പോയാല്‍ ഉടന്‍ മലയാളി എടുത്തു പയറ്റുന്ന വജ്രായുധം. ഗുണമുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്‍ഹേലര്‍ ഒരു അലങ്കാരം പോലെ കൂടെ കൊണ്ടു നടക്കുന്ന മലയാളികളും അനേകം. സിഗരറ്റ് വലിക്കുന്ന പോലെ ഇടക്കിടക്ക് ഇന്‍ഹേലര്‍ വലിച്ചു കേറ്റിയും ആളുകള്‍ സുഖം തേടും എന്നു മുന്‍കൂട്ടി കണ്ടിട്ടാകണം കീ ചെയിനിന്റെ രൂപത്തില്‍ വിക്‌സ് ഇന്‍ഹേലര്‍ പുറത്തിറക്കിയത്. [video id="tITnrXn8lsI" type="youtube" width="" height="320"] പ്രധാനമായും രണ്ടു ആവശ്യങ്ങളാണത്രെ വിക്‌സ് ഗുളികകളുടെ പരസ്യ ക്യാമ്പയിന്‍ രൂപപ്പെടുത്തിയെടുത്ത പബ്ളിസിസ് ആംബിയന്‍സ് എന്ന പരസ്യ ഏജന്‍സിക്ക് മുന്നില്‍ വിക്‌സ് ഉടമകള്‍ മുന്നോട്ട് വച്ചത്. ഒന്നാമത്തേത് തൊണ്ട വേദനയില്‍ നിന്നും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്ന ആശ്വാസം. രണ്ടാമത്തേത് വിക്‌സ് കഴിച്ചതിനു ശേഷം വീണ്ടും നന്നായി സംസാരിക്കാന്‍ പറ്റുമെന്ന വിശ്വാസം. ഇതു രണ്ടും ഭംഗിയായി സംഗമിപ്പിച്ചു കൊണ്ടു തന്നെയാണ് ഇക്കാലമത്രയും വിക്‌സ് ഗുളികകളുടെ പരസ്യങ്ങള്‍ നമ്മളെ രസിപ്പിച്ചത്. അതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യങ്ങള്‍ തൊട്ട് ഇപ്പോഴത്തെ യൂട്യൂബ് വിഡിയോകള്‍ വരെയുണ്ട്. അവ കൃത്യമായി പാലിച്ചു പോന്ന പരസ്യരീതികളുമുണ്ട്. വിക്‌സ് ഗോലി - കിച്ച് കിച്ച് പരസ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒരു പരസ്യമാണ് ഇന്ത്യക്കാരുടെ പ്രിയ വിനോദം ക്രിക്കറ്റിനെ കൂട്ടു പിടിച്ചു പബ്ളിസിസ് ആംബിയന്‍സ് രൂപപ്പെടുത്തിയെടുത്ത പരസ്യം. റേഡിയോയില്‍ ക്രിക്കറ്റ് കമന്ററി കേട്ടു കൊണ്ടിരിക്കുന്ന അന്ധനായ വൃദ്ധനാണ് പരസ്യത്തിലെ നായകന്‍. വൃദ്ധന്റെ കൈ തട്ടി റേഡിയോ താഴെ വീണു തകരുന്നു. എന്നാല്‍ അവിടെത്തുന്ന യുവാക്കള്‍ റേഡിയോയ്ക്കു കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്ന് വൃദ്ധനെ ധരിപ്പിക്കുകയും വൃദ്ധന് വേണ്ടി റേഡിയോയിലെ ക്രിക്കറ്റ് കമന്ററി മുഴുവന്‍ പറയാന്‍ തയ്യാറാകുകയും ചെയ്യുന്നു. പക്ഷെ ഉച്ചത്തില്‍പ്പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ കമന്ററിക്കാരന്‍ യുവാവിനെ കിച്ച് കിച്ച് അലട്ടുന്നു. ഉടന്‍ സുഹൃത്തു കൊടുക്കുന്ന മെന്തോളും തേനും അടങ്ങിയ വിക്‌സ് ജംബോ കഴിച്ച് യുവാവ് തന്റെ കമന്ററി തുടരുന്നു. നേരം അന്തിയാവോളം കമന്ററി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്ന യുവാവിനോട് ഇനി ന്യൂസ് വച്ചിട്ട് പോകാന്‍ വൃദ്ധന്‍ ആവശ്യപ്പെടുന്നിടത്താണ് ഈ കിടിലന്‍ പരസ്യം അവസാനിക്കുന്നത്. കാലം മാറുന്നതിനനുസരിച്ചു വിക്സും തങ്ങളുടെ പുതിയ ക്യാമ്പയിനുകളുമായി വിപണിയില്‍ എപ്പോഴും സജീവമായി തന്നെ നിലകൊണ്ടു. വിജയത്തിന്റെ ഏറ്റവും ഉയര്‍ന്ന പടിയില്‍ നില്‍ക്കുമ്പോഴും പരസ്യങ്ങളില്‍ കുറവ് വരുത്താനോ പ്രചാരണ പരിപാടികളില്‍ പിശുക്ക് പിടിക്കാനോ വിക്‌സ് ശ്രമിച്ചില്ല. പഴയ ഫോര്‍മുലയില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ നമ്മെ പിടിച്ചിരുത്തുന്ന പുതിയ പരസ്യങ്ങളുമായി വിക്‌സ് ഇപ്പോഴും വിപണിയില്‍ ഒന്നാമനായി തലയുയര്‍ത്തി നില്‍ക്കുന്നു. അടുത്തിടെ ഇറങ്ങിയ വിക്‌സ് പരസ്യങ്ങളില്‍ ഏറ്റവും ഹിറ്റായത് ക്രോം പിക്‌ചേഴ്‌സിന് വേണ്ടി മലയാളിയായ മനോജ് പിള്ള സംവിധാനം ചെയ്ത ടാറ്റൂ പരസ്യമാണ്. രണ്ടും കൈയ്യും നിറയെ പച്ചകുത്തിയിരിക്കുന്ന ഒരു 'ഫ്രീക്കത്തി'യും അവളുടെ കാമുകനായ ഒരു ചന്ദനക്കുറിക്കാരനുമാണ് പരസ്യത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. എന്നെ നിന്റെ അമ്മക്ക് ഇഷ്ടമാകുമോ എന്നാണ് കാമുകിയുടെ ചോദ്യം. ആ ചോദ്യത്തിന് മുന്‍പില്‍ അവന്റെ പ്രണയം പകച്ചു പോയെങ്കിലും ഒരു വിക്‌സ് മിട്ടായി കഴിച്ചു തന്റെ ശബ്ദം വീണ്ടെടുത്തു അവന്‍ ഉത്തരം നല്‍കുന്നു. 'എന്റെ അമ്മക്ക് പെയിന്റിംഗുകള്‍ വളരെ ഇഷ്ടമാണ്', ഈ ഗംഭീര ഉത്തരത്തിനു മുന്നില്‍ ഇത്തവണ പകച്ചു പോകുന്നത് കാമുകിയാണ്. ശുദ്ധ ഹാസ്യത്തിന്റെ അമിട്ട് പൊട്ടിച്ച് യുവമനസ്സുകള്‍ക്കുള്ളില്‍ ഇടിച്ചു കയറിയ ഈ പരസ്യം ഒരു വിക്‌സ് മിട്ടായി പോലെത്തന്നെ രുചിയുള്ളതാണ്. [video id="OhPa_m1hAnQ" type="youtube" width="" height="320"] ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ടു മുതല്‍ ഇന്ത്യയില്‍ ഉള്ള ബ്രാന്‍ഡ് ആണ് വിക്‌സ് കഫ് ഡ്രോപ്സ്. കിച്ച് കിച്ച് വിക്‌സിനൊപ്പം ചേരുന്നത് എണ്‍പതുകളുടെ പകുതിയോടെയാണ്. ഇനിയെത്ര കാലം കൂടി വിക്‌സിന് ഇതേ കിച്ച് കിച്ച് ക്യാമ്പയിനുമായി മുന്നോട്ടു പോകാനാകും എന്ന ചോദ്യത്തിന് അവര്‍ക്കു നല്‍കാനുള്ളത് ഒരൊറ്റ ഉത്തരംമാത്രം. എത്ര വേണമെങ്കിലും പോകാം. ജയന്ത് കൃപലാനി തന്റെ മകള്‍ക്ക് കഥപറഞ്ഞു കൊടുത്തു തുടങ്ങിയ ഈ കിച്ച് കിച്ച് പരസ്യക്കളി ടാറ്റൂ പെണ്‍കുട്ടിയിലും കാമുകനിലുമെത്തുമ്പോഴും തികച്ചും ഫ്രഷ് ആയിത്തന്നെ തുടരുന്നു. വിക്‌സിന് രോഗം മാറ്റാന്‍ കഴിവുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമായി നില്‍ക്കുമ്പോഴും വിക്‌സ് പരസ്യങ്ങളുടെ കാര്യത്തില്‍ അങ്ങിനെ ഒരു ശങ്ക വേണ്ട. കാലമേറെക്കഴിഞ്ഞിട്ടും പരസ്യ ക്യാമ്പയിനുകളിലെ ഒഴിവാക്കാനാവാത്ത കിച്ച് കിച്ച് ആയി അതെപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. favourfrancis@gmail.com

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)