ശേഷം സ്‌ക്രീനില്‍...നാളെ മുതല്‍ ഇതാ ഇന്നു മുതല്‍

ഫേവര്‍ ഫ്രാന്‍സിസ് കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകള്‍ എന്ന ജയറാം ചിത്രത്തിലെ പ്രശസ്തമായ ഒരു അനൗണ്‍സ്മെന്റ് ആണ് പില്‍ക്കാലത്ത് ഏറെ പ്രശസ്തമായ ഈ തലവാചകം. നായകനായ ജയറാമിന്റെ ഉടമസ്ഥതയില്‍ ഉള്ള സിനിമാ തിയേറ്ററില്‍ 'ഇതാ ഇന്നു മുതല്‍' എന്ന ചലച്ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു എന്നുള്ള ഈ വിളിച്ചു പറയല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കോളാമ്പി മൈക്കില്‍ സിനിമാ വിശേഷങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു പോകുന്ന കാറിനോ ജീപ്പിനോ പുറകെ സിനിമാ നോട്ടീസ് കിട്ടാന്‍ പാടുപെട്ടോടിയ ഒരു ഭൂതകാലത്തെക്കാണ്. ആ സുവര്‍ണകാലത്തില്‍ നിന്നു തന്നെയാണ് എന്റെ തലമുറയുടെ സിനിമാ പരസ്യങ്ങളെക്കുറിച്ചുള്ള ഓര്‍മകളും തുടങ്ങുന്നത്. എന്നാല്‍ ജീപ്പിനും കാറിനും പകരം കാളവണ്ടികളും നോട്ടീസുകള്‍ക്ക് പകരം പാട്ടുപുസ്തകവുമായി സിനിമാപരസ്യങ്ങള്‍ മലയാളമണ്ണില്‍ എത്തിയ കാലം തൊട്ടു സജീവമാണ്. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന സിനിമാപ്പരസ്യവഞ്ചികള്‍ ഉണ്ടായിരുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ ഭൂതകാലം. സിനിമയുടെ പരസ്യങ്ങളെ മറ്റു ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങളുടെ ഗണത്തില്‍ സാധാരണയായി ഉള്‍പ്പെടുത്തി കാണാറില്ല. പക്ഷെ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങളെക്കാള്‍ പരസ്യം എന്ന പ്രചരണ മാദ്ധ്യമത്തിന്റെ ശക്തി നേരത്തെ തന്നെ തിരിച്ചറിയുകയും അതിനായി അവലംബിക്കാവുന്ന സകല മാര്‍ഗങ്ങളും പയറ്റി നോക്കുന്നതും സിനിമയുടെ പിന്നണിക്കാര്‍ തന്നെ. പരസ്യങ്ങള്‍ മാത്രമല്ല പബ്ലിക് റിലേഷനും സിനിമയുടെ ഔദ്യോഗിക പ്രചരണ രീതികളില്‍ എന്നേ സ്ഥാനം പിടിച്ചു കഴിഞ്ഞു. പീആര്‍ഓ എന്ന പദവിയെക്കുറിച്ച് ശരാശരി മലയാളി ആദ്യമായി കേള്‍ക്കുന്നത് സിനിമയില്‍ നിന്ന് തന്നെ ആയിരിക്കും. വേറെ ആരൊക്കെ സിനിമയില്‍ പീആര്‍ഓ ആയി വന്നാലും വാഴൂര്‍ ജോസ് എന്ന പേര് മലയാളിയുടെ മനസ്സില്‍ നിന്ന് അത്രയെളുപ്പമൊന്നും മായാന്‍ ഇടയില്ല. പക്ഷെ സിനിമയെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് അപ്പോഴും ഇപ്പോഴും ഇനി എല്ലായ്‌പ്പോഴും വഹിക്കാന്‍ പോകുന്നത് സിനിമാ പോസ്റ്ററുകള്‍ തന്നെയായിരിക്കും. നഗരത്തിലെ സ്ഥിരം പോസ്റ്റര്‍ സ്‌പോട്ടുകളില്‍ പുതിയ പോസ്റ്റര്‍ വരുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചറിയുന്ന മലയാളികള്‍ ഇപ്പോഴുമുണ്ട്. അത്തരത്തില്‍ ഉള്ള ഒരു ഗംഭീര പോസ്റ്റര്‍ സ്‌പോട്ട് ആണ് കോഴിക്കോട് മാവൂര്‍ റോഡിലെ ഓവര്‍ബ്രിഡ്ജിന്റെ ഇരുവശങ്ങളും. സര്‍ഫില്‍ വിരിഞ്ഞ പോസ്റ്റര്‍ വസന്തം ഞങ്ങളുടെ സിനിമാ കൗമാരത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു പോസ്റ്റര്‍ ആണ് ന്യൂ ഡല്‍ഹി എന്ന ജോഷി ചിത്രത്തിന്റെ. ത്രീ ഡീ പോലെ ഉയര്‍ന്നു നില്‍ക്കുന്ന അതിന്റെ ടൈറ്റില്‍ ആയിരുന്നു അതിന്റെ ഹൈ ലൈറ്റ്. ഡിസൈനിങ്ങിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാതിരുന്ന അക്കാലത്ത് ഞങ്ങളുടെ ഇടയില്‍ പ്രചരിച്ച ഒരു കിംവദന്തി ആയിരുന്നു ന്യൂഡല്‍ഹിയുടെ ആ മിഴിവാര്‍ന്ന ടൈറ്റിലുകള്‍ സര്‍ഫ് പൊടി കൂട്ടിയിട്ട് അക്ഷരങ്ങളാക്കി അത് ഫോട്ടോ എടുത്തതാണെന്ന്. പക്ഷെ അത് കേരളം കണ്ട ഏറ്റവും മികച്ച പോസ്റ്റര്‍ ഡിസൈനര്‍മാരില്‍ ഒരാളായ ഗായത്രി എയര്‍ ബ്രഷ് ഉപയോഗിച്ച് ചെയ്‌തെടുത്ത ഡിസൈന്‍ ആയിരുന്നെന്നു എന്നറിയുന്നത് ഏറെക്കാലം കഴിഞ്ഞാണ്. ഈ തിരിച്ചറിവുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും സിനിമ വരുന്നു എന്ന് നമ്മെ വിളിച്ചറിയിക്കുന്നത് പോസ്റ്ററുകള്‍ തന്നെയാണ്. ആരാന്റെ ചുവരില്‍ നെഞ്ചും വിരിച്ചു നിന്നിട്ട് തന്നെയാണ് ജയന്‍ തൊട്ടു ജയസൂര്യ വരെയുള്ള താരങ്ങള്‍ നമ്മുടെ ഹീറോകള്‍ ആയി മാറിയത്. സിനിമാ പോസ്റ്റര്‍ എന്ന സിമ്പിളും അതെസമയം പവര്‍ഫുള്ളും ആയ പരസ്യ രീതി തന്നെയാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച പ്രചാരണരീതിയായി ഈ ഓണ്‍ലൈന്‍ യുഗത്തില്‍ പോലും പരിഗണിക്കപ്പെടുന്നത്. പരമ്പരാഗത പരസ്യ രീതികളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രചാരണ ആയുധവും പോസ്റ്ററുകള്‍ തന്നെ. എന്നാല്‍ ആദ്യകാലത്തൊന്നും പരസ്യ ഏജന്‍സികള്‍ ആയിരുന്നില്ല സിനിമയ്ക്കു വേണ്ടിയുള്ള പോസ്റ്ററുകള്‍ പോസ്റ്ററുകള്‍ ഒരുക്കിയിരുന്നത്. നാം കണ്ട മികച്ച പോസ്റ്ററുകളില്‍ പലതും ഡിസൈന്‍ ചെയ്തത് ഭരതനെപ്പോലുള്ള സംവിധായകരും ഗായത്രി സുരേഷ്, സാബൂ കൊളോണിയ പോലുള്ള പോസ്റ്റര്‍ ഡിസൈനര്‍മാരും ആയിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ വ്യാപകമായപ്പോള്‍ പെട്ടെന്ന് തന്നെ പോസ്റ്റര്‍ ഡിസൈനില്‍ ഒരു പുത്തന്‍ തലമുറയുടെ കടന്നു വരവ് കേരളം കണ്ടു. കോളിന്‍സ് ലിയോഫില്‍, ജിസന്‍ പോള്‍ തുടങ്ങിയ വ്യക്തികളും ഓള്‍ഡ് മങ്ക്‌സ്, തോട്ട്‌സ്റ്റേഷന്‍ തുടങ്ങി ന്യൂ ജനറേഷന്‍ പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനങ്ങളും ഈ രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ സ്ഥാപനങ്ങള്‍ സിനിമാ പോസ്റ്ററുകളില്‍ മാത്രം അവരുടെ ഡിസൈന്‍ പ്രാഗത്ഭ്യം ഒതുക്കി നിറുത്തിയില്ല. കേരളത്തിലെ ഇന്ന് കാണുന്ന പല മികച്ച പരസ്യ ഡിസൈനുകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും പിന്നില്‍ ഇതേ യുവാക്കളുടെ കരവിരുത് തന്നെയാണെന്നത് എടുത്തു പറയേണ്ടതാണ്. ഈ പരസ്യ കമ്പനികള്‍ സിനിമയുടെ പോസ്റ്റര്‍ ഡിസൈനുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മോഷന്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസറുകള്‍, ഓണ്‍ലൈന്‍ ട്രെയിലറുകള്‍, മേകിംഗ് വീഡിയോകള്‍ തുടങ്ങി ഒരു സിനിമയെ എങ്ങിനെയൊക്കെ സിനിമാ പ്രേമികളുടെ മുന്നില്‍ എത്തിക്കാമോ ആ മാര്‍ഗങ്ങളെല്ലാം പയറ്റുന്നു. ഇത്രയും സംഗതികള്‍ അരങ്ങു വാഴുന്ന സിനിമാലോകത്ത് ഇന്നും പോസ്റ്ററുകള്‍ ഒരു കാരണവരുടെ തലയെടുപ്പോടെ വേറിട്ട് നില്‍ക്കുന്നു പാട്ടും പരസ്യം തന്നെ ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകം ആണ് ഗാനങ്ങള്‍. നടീ നടന്മാര്‍ മാത്രമല്ല സിനിമാപ്രേമിക്കു സൂപ്പര്‍ സ്റ്റാറുകള്‍. ആ ഗണത്തില്‍ മുഹമദ് റഫി തൊട്ടു കൊല്ലം ഷാഫി വരെയുള്ള ഗായകരുമുണ്ട്. സിനിമയെ ജനമനസ്സുകളില്‍ എത്തിക്കുന്ന പരസ്യങ്ങളുടെ മുന്‍നിരയില്‍ എന്നും ഈ ഗാനങ്ങളും ഇടം നേടിയിട്ടുണ്ട്. നമ്മള്‍ അതിനെ പരസ്യം എന്ന് പേരിട്ടു വിളിക്കാറില്ലെങ്കിലും. സിനിമയ്ക്കു മുന്‍പേ സിനിമാ പ്രേമിയെ തേടിയെത്തുന്ന ഗാനങ്ങള്‍ ഒരു സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. സിനിമാ തിയേറ്ററില്‍ വിതരണം ചെയ്യുന്ന പാട്ട് പുസ്തകം പലര്‍ക്കും അക്കാലത്ത് ഒരു അമൂല്യ സമ്പത്തായിരുന്നു. അതിന്റെ പരസ്യസാദ്ധ്യതയെക്കുറിച്ചൊന്നും ചിന്തിക്കാത്ത സിനിമാപ്രേമി ആ പാട്ടുപുസ്തകങ്ങള്‍ നോക്കി പാട്ടുകള്‍ കാണാപാഠം പഠിച്ചു പാടി നടന്നു. പിന്നീട് റേഡിയോ വീടുകളില്‍ പ്രചാരം നേടിയതോടെ റേഡിയോകളില്‍ നമ്മള്‍ ഇഷ്ടഗാനങ്ങള്‍ക്ക് കാതോര്‍ത്തു. ചലച്ചിത്രഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറി. കൂടെ ആ സിനിമകളും. ഗള്‍ഫില്‍ നിന്നും ടേപ്പ് റെക്കോര്‍ഡര്‍ എന്ന അതിഥി എത്തിയതോടെ പാട്ടു കേള്‍ക്കാന്‍ ചലച്ചിത്രഗാനങ്ങളും സിബാക്കാ ഗീത് മാലയും കാത്തിരുന്ന നമ്മള്‍ നമ്മുടെ ഇഷ്ട ഗാങ്ങളുടെ കാസറ്റുകള്‍ ശേഖരിച്ചു അവ വീണ്ടും വീണ്ടും കേട്ട് രസിച്ചു. കാസറ്റില്‍ പാട്ടും കേട്ട് ആ ഗാനരംഗങ്ങള്‍ മനസ്സില്‍ കണ്ടു കാലം കഴിച്ചു പോന്ന മലയാളി സിനിമാപ്രേമിക്ക് ഒരായിരം വര്‍ണക്കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ദൂരദര്‍ശന്റെ വരവ്. പാട്ടിനൊപ്പം പാട്ടുരംഗങ്ങളും ടീവിയിലൂടെ മലയാളിയുടെ സ്വീകരണമുറിയിലെത്തി. ചിത്രഗീതവും ചിത്രമാലയും ചിത്രഹാറും കണ്ടു അവന്‍ സിനിമയെ പ്രേമിച്ചു. ടീവിയിലൂടെ ഗാനരംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു മറ്റേതു പരസ്യത്തിനും കയറിക്കൂടാവുന്നതില്‍ ആഴത്തില്‍ സിനിമ അവരുടെ ഉള്ളില്‍ കയറിക്കൂടി. ഒരു ട്രെയിലര്‍ പോലും പുറത്തിറക്കാതെ 'ആലുവാപ്പുഴയുടെ തീരത്ത്' എന്ന ഒരൊറ്റ ഗാനത്തിന്റെ ദ്രിശ്യാവിഷ്‌കാരം ടീവിയില്‍ പുറത്തു വിട്ടാണ് 'പ്രേമം' എന്ന സിനിമ ഒരു സര്‍വകാല സൂപ്പര്‍ ഹിറ്റിലേക്കുള്ള ആദ്യ പടി ചവിട്ടിയത് എന്ന വസ്തുത പാട്ട് പരസ്യമായി മാറിയതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നാണ്. സീരിയലുകളും ക്രിക്കറ്റും വാര്‍ത്തയും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സിനിമയോടും സിനിമാപാട്ടുകളോടും നമുക്കുള്ള സ്‌നേഹത്തെ കുറക്കാന്‍ കഴിഞ്ഞില്ല. അവസാനം ടീവിയും സിനിമയ്ക്കു വഴങ്ങിക്കൊടുത്തു. ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയതു പോലെ അവര്‍ തമാശ രംഗങ്ങളും കൂട്ടിച്ചേര്‍ത്തു നര്‍മ പരിപാടികള്‍ തുടങ്ങി. പിന്നീടു സിനിമക്കും സിനിമാ ഗാനങ്ങള്‍ക്കും മാത്രമായി സ്വകാര്യ ചാനല്‍ മുതലാളിമാര്‍ പുതിയ ചാനലുകള്‍ തുടങ്ങി. തിയേറ്ററില്‍ നാലു ദിവസം തികച്ചോടാത്ത പടങ്ങളെപ്പോലും അവര്‍ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം എന്ന് വിളിച്ചു. ശരിക്കും സൂപ്പര്‍ ഹിറ്റ് ആയ ചലച്ചിത്രങ്ങള്‍ ഓണത്തിനും പെരുന്നാളിനും സംപ്രേഷണം ചെയ്തു അവര്‍ കോടികള്‍ പരസ്യയിനത്തില്‍ വാരിയെടുത്തു. രാവിലെ തൊട്ടു വൈകീട്ട് വരെ പാട്ടായും ട്രെയിലറായും നുറുങ്ങു രംഗങ്ങളായും താരസല്ലാപമായും അവാര്‍ഡ് നൈറ്റായും സാറ്റലൈറ്റ് റൈറ്റായും ചാനലുകളില്‍ നിറഞ്ഞു നിന്ന് സിനിമ കോടികളുടെ ലാഭം കൊയ്തു. കൂടെ ഒരു രൂപാ ചെലവില്ലാതെ അവര്‍ പരസ്യവും നേടിയെടുത്തു. ഒരു ലൈക്ക് കിട്ടിയിരുന്നെങ്കില്‍... വെറുമൊരു ടീവി സമ്മാനിച്ച സൗഭാഗ്യത്തില്‍ ഒതുങ്ങി നില്‍ക്കാനൊന്നും സിനിമ തയ്യാറായിരുന്നില്ല. ടോട്ടല്‍ ആര്‍ട്ട് എന്ന പോലെ ടോട്ടല്‍ ബിസിനസ്സുമാണ് സിനിമ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ക്ക് നന്നായി അറിയാം. അതു കൊണ്ട് തന്നെ സിനിമയെ കൂടുതല്‍ പ്രചരിപ്പിക്കാനും അത് വഴി കൂടുതല്‍ ലാഭം നേടാനും അവര്‍ പരസ്യത്തിന്റെ നൂതന വഴികള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് ഒരു മുതലാളിയുടെയും കാലു പിടിക്കാതെയും സാറ്റലൈറ്റ് വില പേശാതെയും തങ്ങളുടെ തങ്ങള്‍ക്കിഷ്ടമുള്ളതെന്തും പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു മാദ്ധ്യമം അവര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്. ഓര്‍ക്കുട്ട് എന്ന തുടക്കം മലയാളിക്ക് സമ്മാനിച്ചത് അപരന്റെ ജീവിതത്തില്‍ എത്തിനോക്കാന്‍ അവനു ജന്മനാ ഉള്ള ഒരു താല്പര്യത്തിന്റെ മിനുക്കിയെടുത്ത വേദിയായിരുന്നു എങ്കില്‍ ഫേസ്ബുക്കില്‍ എത്തിയപ്പോള്‍ അവന്‍ അതിന്റെ ബിസിനസ് സാദ്ധ്യതകളും മനസിലാക്കി. ഇപ്പോഴും ഒരു ചെറിയ ശതമാനം ആളുകള്‍ ആണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടു പോലും ആ ചെറിയ ശതമാനമാണ് തങ്ങളുടെ യഥാര്‍ത്ഥ ടാര്‍ഗറ്റ് എന്ന തിരിച്ചറിവ് അവനെ ആവേശഭരിതനാക്കി. സിനിമ മാത്രമല്ല എല്ലാ മേഖലകളും ഫേസ്ബുക്കിന്റെ പരസ്യസാദ്ധ്യത തിരിച്ചറിഞ്ഞു. പക്ഷെ അവിടെയും വിജയം നേടിയത് ഏറ്റവും ജനപ്രിയ മാദ്ധ്യമമായ സിനിമ തന്നെ. ഫേസ്ബുക്കിനു വേണ്ടി സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉണ്ടായി. പല സംവിധായകരും നടന്മാരും അവരുടെ പുതിയ സിനിമകള്‍ ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ഫേസ്ബുക്കില്‍ തന്നെ ഫസ്റ്റ്‌ലുക്കും ടീസറും പുറത്തിറക്കി. യു ട്യൂബില്‍ ട്രെയിലര്‍ അപ്ലോഡ് ചെയ്തു ഫേസ്ബൂക്കിലൂടെ അത് മാലോകരില്‍ എത്തിച്ചു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ആഷിഖ് അബു വളരെ വിദഗ്ദമായി ഫേസ്ബുക്ക് പരസ്യമാദ്ധ്യമമാക്കി. സിനിമ വന്‍ വിജയമായതോടെ ഇപ്പോള്‍ എല്ലാ സിനിമകളുടെയും ടൈറ്റില്‍ കാര്‍ഡില്‍ 'താങ്ക്‌സ് ടു ഫേസ്ബുക്ക് ഫ്രണ്ട്‌സ്' എന്ന ക്രെഡിറ്റ് കൂടി വന്നു ചേര്‍ന്നു. ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷമാക്കാന്‍ മറ്റൊരു വേദി കൂടി കിട്ടി. അവര്‍ തങ്ങളുടെ താരങ്ങളുടെ പടങ്ങളെ വാനോളം പുകഴ്ത്തി പോസ്റ്റുകള്‍ ഇട്ടു. എതിര്‍ താരത്തിന്റെ പടത്തെ ഓണ്‍ലൈന്‍ ആയി കൂക്കി വിളിച്ചു. ഇതെല്ലാം കണ്ടു സിനിമാക്കാര്‍ സന്തോഷിച്ചു. ഒരു രൂപാ പോലും ചെലവില്ലാതെ ആരാധകന്റെ ഡാറ്റാ ചെലവില്‍ അവരുടെ സിനിമാ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ ലോകമാകെ പറന്നു നടന്നു. ഇതിന്റെ സാധ്യത മനസിലാക്കിയ ചില യുവാക്കള്‍ ഓണ്‍ലൈന്‍ സിനിമാ പ്രൊമോഷന്‍ എന്ന പുതിയ ബിസിനസ്സിലേക്ക് തിരിഞ്ഞു. ആദ്യമൊക്കെ പണം വാങ്ങാതെ പ്രചരണം നടത്തിയ ഇവര്‍ പച്ച പിടിച്ചപ്പോള്‍ കൃത്യമായി കൂലി പറഞ്ഞു വാങ്ങി. സിനിമാ പ്രാന്തന്‍, മെട്രോ മാറ്റിനി, അങ്ങിനെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേര്‍ ഈ പുതിയ പരസ്യ രീതി പയറ്റി. പല സിനിമകളെയും അവര്‍ വിജയിപ്പിച്ചു. പലതും അവര്‍ ഉത്സാഹിച്ചിട്ടും എട്ടു നിലയില്‍ പൊട്ടി. അത് ബിസിനസ്സില്‍ പറഞ്ഞിട്ടുള്ളത് തന്നെ. കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങള്‍ കൊടുത്തു കൊട്ടിഘോഷിച്ചു വിപണിയില്‍ എത്തുന്ന എത്രയോ ബ്രാന്‍ഡുകള്‍ പോട്ടിപ്പോകുന്നു. അതെ ഇവിടെയും സംഭവിച്ചുള്ളൂ. നല്ലത് വിജയിച്ചു. പക്ഷെ പലതിനെയും നല്ലതെന്ന് തിരിച്ചറിയാന്‍ ഈ സൈറ്റുകള്‍ സഹായിച്ചു. മുഴുവന്‍ സിനിമകളെയും ഓണ്‍ലൈന്‍ സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിച്ചു അവര്‍ അവരുടെ പരസ്യധര്‍മം കൃത്യമായി നിര്‍വഹിച്ചു. ഗോസ്സിപ്പില്‍ നിന്നും ചളിയിലേക്ക് ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടീനടന്മാരെ ഏറ്റവും ആകുലപ്പെടുത്തിയിരുന്നത് സിനിമാ മാസികകളില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഗോസിപ്പുകള്‍ ആയിരുന്നു. അവരെക്കുറിച്ച് എന്തെങ്കിലും ഗോസിപ്പുകള്‍ പ്രസിദ്ധീകരിച്ചു വരുന്നതില്‍ ആയിരുന്നില്ല അവര്‍ക്ക് വിഷമം, മറിച്ചു പുതിയ ലക്കത്തില്‍ അവരെക്കുറിച്ച് ഗോസിപ്പുകള്‍ ഒന്നും തന്നെ അച്ചടിച്ചു വന്നിട്ടില്ലെങ്കില്‍ ആയിരുന്നു അവര്‍ക്ക് സങ്കടം. കാര്യം സിമ്പിള്‍ ആണ്. ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോഴും നല്ല വിപണി മൂല്യം ഉള്ള താരങ്ങള്‍ ആണെന്നത് തന്നെ. ഗോസ്സിപ്പ് കോളങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുന്നവര്‍ പതുക്കെ പതുക്കെ സിനിമയില്‍ നിന്നും മാഞ്ഞു പോകുമെന്നത് അവരുടെ വിശ്വാസം. ഇന്ന് സിനിമാ മാസികകളുടെ കാര്യമേ പരുങ്ങലില്‍ ആണ്. അപ്പോള്‍ പിന്നെ ഗോസ്സിപ്പ് കോളങ്ങളുടെ കാര്യം പറയണ്ടല്ലോ. ഇപ്പോള്‍ എല്ലാ നടീനടന്‍മാരും ഉറ്റു നോക്കുന്നത് ഫേസ്ബുക്കില്‍ സജീവമായ ട്രോള്‍ പേജുകളിലേക്കാണ്. ട്രോള്‍ മലയാളം, ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ തുടങ്ങി എന്തിലും ഇതിലും തമാശ കണ്ടെത്താന്‍ കഴിവുള്ള ഈ ട്രോള്‍ പേജുകളുടെയും അതിലെ ആസ്ഥാന ചളിയന്‍മാരുടെയും പ്രധാന ഇരകള്‍ സിനിമാ താരങ്ങള്‍ തന്നെ. 1983 എന്ന സിനിമയില്‍ ഗ്രിഗറി അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഇതേ ചളിയന്മാര്‍ തന്നെയാണ് അനാര്‍ക്കലിയിലെ ബിജു മേനോനെ കിണറ്റിലും കപ്പിയിലും ശൂന്യാകാശത്ത് പോലും കൊണ്ട് വച്ച് ട്രോളിയത്. ട്രോളുകളും സിനിമക്ക് നല്കുന്നത് പബ്ലിസിറ്റി തന്നെയാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞത് യുവതാരങ്ങളെക്കാള്‍ ചെറുപ്പം സൂക്ഷിക്കുന്ന സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. തന്റെ ഏറ്റവും പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ് ലോക്ക് പോസ്റ്ററിനെ ചളിയന്മാര്‍ ഒരു മെഗാ ബമ്പര്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ അതെല്ലാം തിരഞ്ഞു പിടിച്ചു ഷെയര്‍ ചെയ്തു മമ്മൂട്ടി കയ്യടി വാങ്ങി. ഒപ്പം തന്റെ പുതിയ ചിത്രത്തിനുള്ള ഗംഭീര പരസ്യവും. ഇതില്‍ അന്തം വിട്ട ചളിയന്മാര്‍ ഒന്ന് മനസ്സിലാക്കി. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! അതെ. ചന്തുവിനെപ്പോലെത്തന്നെയാണ് പരസ്യങ്ങളും. അവന്‍ ഏതു രൂപത്തിലും വരാം. ആരാന്റെ ചുവരില്‍ വിരിഞ്ഞു നില്‍ക്കുന്ന സിക്‌സ് ഷീറ്റ് പോസ്റ്റര്‍ തൊട്ടു ഉള്ളം കയ്യില്‍ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണിലെ വാട്ട്സാപ്പ് മെസേജ് വരെ അവന്റെ വിഹാരരംഗങ്ങളാണ്. സിനിമ മാസ് ആണെങ്കില്‍ സിനിമാപ്പരസ്യങ്ങള്‍ കൊലമാസാണ്. ഫേവര്‍ ഫ്രാന്‍സിസ് favourfrancis@gmail.com

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)