അതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന പരസ്യങ്ങള്‍

mohanlal, kamal, movie
ഫേവര്‍ ഫ്രാന്‍സിസ് ''കണ്ണുകള്‍ക്ക് വിസയുടെ ആവശ്യമില്ല. സ്വപ്നങ്ങളെ ഒരു അതിര്‍ത്തിക്കും തടഞ്ഞു നിര്‍ത്താനാകില്ല. കണ്ണുകളടച്ചു ഞാനെന്നും അതിര്‍ത്തി കടന്നു പോകാറുണ്ട് മെഹദി ഹസനെ കേള്‍ക്കാന്‍...'' പറയുന്നത് മറ്റാരുമല്ല, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗാനരചയിതാക്കളില്‍ ഒരാളായ ഗുല്‍സാര്‍. ഇന്ത്യയും പാകിസ്താനും പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന രണ്ടു ശത്രുരാജ്യങ്ങളെന്ന് കേട്ടും വായിച്ചും പറഞ്ഞും പഠിച്ച ഇരുരാജ്യത്തിലെയും ജനങ്ങളുടെ ഇടയില്‍ ഈ ശബ്ദം വേറിട്ട് നില്‍ക്കും. അതിര്‍ത്തിക്കപ്പുറമുള്ളവര്‍ തങ്ങളുടെ സഹോദരന്മാര്‍ ആണെന്നും ഒരു കാലത്ത് ഒരേ ഗലികളില്‍ തോളോട് തോള്‍ ചേര്‍ന്നു അദ്ധ്വാനിക്കുകയും ഒരുമിച്ചു ഭാവിയെ സ്വപ്നം കണ്ടവര്‍ ആണെന്നുമുള്ള സത്യം ഈ വാക്കുകളിലൂടെ ഇരുരാജ്യക്കാരും വീണ്ടും ഓര്‍മിക്കും. രാഷ്ട്രീയക്കാര്‍ പറഞ്ഞു പഠിപ്പിച്ചതു മാത്രമല്ല ഇരുരാജ്യങ്ങളിലെയും സാധാരണക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ശരിവെക്കും. പക്ഷെ എത്ര നയതന്ത്ര ചര്‍ച്ചകള്‍ നടന്നാലും വെടി നിറുത്തലുകള്‍ ഉണ്ടായാലും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സില്‍ അപ്പോഴും സംശയങ്ങള്‍ ബാക്കി നില്‍ക്കും. രാഷ്ട്രീയക്കാര്‍ ആലിംഗനം ചെയ്യുന്നതിലെ ആത്മാര്‍ഥത അവര്‍ സംശയിക്കും. അവിടെയും അവര്‍ സംശയിക്കാത്ത ഒന്നുണ്ടാകും. അതിര്‍ത്തികളെ അലിയിച്ചു കളയുന്ന കലയുടെ ശക്തിയെ. സംഗീതത്തിലും സിനിമയിലും ക്രിക്കറ്റിലും ഇരുരാജ്യങ്ങളും ഒരു പോലെ സ്‌നേഹിക്കുന്ന എത്രയോ മികച്ച വ്യക്തിത്വങ്ങള്‍ ഉണ്ട്. പുറമേക്ക് പ്രകടിപ്പിക്കുന്നിലെങ്കിലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആരാധിക്കുന്ന പാകിസ്താന്‍കാരും ഷഹീദ് അഫ്രീദിയെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ യുവാക്കളും കുറവല്ല. സംഗീതവും സിനിമയും പോലെത്തന്നെ ശക്തമായ ഒരു മാധ്യമമാണ് പരസ്യവും. കച്ചവടമാണ് പ്രഥമ ലക്ഷ്യം എങ്കിലും വിപണിയുടെ സന്ദേശം ആവശ്യക്കാരില്‍ എത്തിക്കുന്നതിന് പരസ്യങ്ങള്‍ സ്വീകരിക്കുന്ന രീതികള്‍ പലപ്പോഴും മനസ്സിനെ ആഴത്തില്‍ തൊടുന്നവയാണ്. വാങ്ങിക്കുന്നവനു കിട്ടുന്ന ലാഭത്തെക്കുറിച്ചോ ഉല്പന്നത്തിന്റെ മേന്മയെക്കുറിച്ചോ പ്രത്യക്ഷത്തില്‍ ഒന്നും പറയാതെ മനുഷ്യജീവിതത്തിലെ പല സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത നന്മയുടെ കാഴ്ചകളും നര്‍മത്തിന്റെ തിളക്കവുമായി അവ മനസ്സിന്റെ അതിര്‍ വരമ്പുകളെ അതിവേഗം ഇല്ലാതാക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളിലുമുള്ള മനുഷ്യരുടെ മനോവികാരങ്ങളും ഒട്ടേറെ നല്ല പരസ്യങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നില്‍ക്കുന്നവനെ സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കാന്‍ സ്‌നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന മനോഹരമായ പരസ്യങ്ങളുണ്ട് ആ പരസ്യങ്ങളുടെ ശ്രേണിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പരസ്യമാണ് ഗൂഗിള്‍ അവരുടെ വിവിധ സേവനങ്ങളെ കോര്‍ത്തിണക്കി പറഞ്ഞ 'റീ യൂണിയന്‍' പരസ്യം. [video id="gHGDN9-oFJE" type="youtube" width="" height="320"] ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഇരുന്നു വിഭജനത്തിനു മുന്‍പ് ലാഹോറില്‍ താന്‍ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും തന്റെ ഉറ്റ സുഹൃത്തായ യൂസഫിനെക്കുറിച്ചും വാചാലനാകുന്ന ബല്‍ദേവ് എന്ന വൃദ്ധന്റെ കഥയാണ് ഈ പരസ്യം പറയുന്നത്. തന്റെ ബാല്യകാല സുഹൃത്തായ യൂസഫിന്റെ ബേക്കറിയില്‍ നിന്നും ജാജരിയ എന്ന പലഹാരം അവര്‍ ഒരുമിച്ചു കട്ടെടുക്കാറുള്ളതും തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ അവര്‍ ഒന്നിച്ചു പട്ടം പറത്തികളിക്കാറുള്ളതും അയാള്‍ ഓര്‍മിക്കുന്നു. തന്റെ മുത്തച്ഛന്റെ വാക്കുകളില്‍ നിന്നും ലഭിച്ച സൂചനകള്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് അന്വേഷിച്ചു കണ്ടെത്തുകയാണ് പൗത്രി. ആ വിവരം വച്ച് അവള്‍ യൂസഫിന്റെ കടയിലേക്ക് വിളിക്കുന്നു. അവിടെ ഫോണ്‍ എടുക്കുന്നത് യൂസഫിന്റെ പൗത്രനാണ്. തന്റെ ഉപ്പൂപ്പയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളില്‍ നിന്നും അയാളുടെ ആഗ്രഹം വായിച്ചെടുക്കുന്ന ആ കൊച്ചു മകന്‍ ആദ്യം ചെയ്യുന്നത് ഇന്ത്യയിലേക്ക് വിസ ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെടുക്കുകയാണ്. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ പെട്ടെന്ന് മുന്നോട്ടു നീങ്ങുന്നു. യാത്ര പുറപ്പെടാന്‍ സമയം ഡല്‍ഹിയിലെ കാലാവസ്ഥ ഗൂഗിളില്‍ നിന്നും തന്നെ കണ്ടു പിടിച്ചു ഒരു കുട കൂടി പായ്ക്ക് ചെയ്യുന്നുണ്ട് അയാള്‍. അവരെ എയര്‍ പോര്‍ട്ടില്‍ കൂട്ടാന്‍ പോകുന്ന ബല്‍ദെവിന്റെ പൗത്രി ഫ്‌ലൈറ്റ് സമയം ഉറപ്പു വരുത്തുന്നതും ഗൂഗിളില്‍ തന്നെ. തന്റെ പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി തന്റെ മുന്‍പില്‍ എത്തിയ അതിഥി തന്റെ ബാല്യകാല സുഹൃത്തായ യൂസഫ് ആണെന്ന് തിരിച്ചറിയുമ്പോള്‍ ബല്‍ദേവിനു സന്തോഷം അടക്കാനാവുന്നില്ല. നിറഞ്ഞ കണ്ണുകളോടെ ഇരുവരും കെട്ടി പിടിച്ചു നില്‍ക്കുമ്പോള്‍ ഒരു നിമിഷം ചേര്‍ന്ന് നില്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും ജനതകള്‍ തന്നെയാണ്. [video id="A4WZF74dAg4" type="youtube" width="" height="320"] കാണുന്നവരുടെ കണ്ണു നിറക്കുന്ന പരസ്യങ്ങള്‍ മാത്രമല്ല ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഏറ്റവും അധികം കാണികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത പരസ്യമാണ് ഫെവി ക്വിക്ക് തോഡോ നഹി ജോഡോ (തകര്‍ക്കുകയല്ല വേണ്ടത്, കൂട്ടിചേര്‍ക്കൂ). വാഗ അതിര്‍ത്തിയില്‍ എന്നും നടക്കുന്ന ബീറ്റിങ്ങ് റിട്രീറ്റ് അഥവാ വാഗ ബോര്‍ഡര്‍ സെറിമണിയുടെ പശ്ചാത്തലത്തില്‍ പരസ്പരം സല്യൂട്ട് ചെയ്യുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെയും പാകിസ്താന്‍ പട്ടാളക്കാരന്റെയും കഥയാണ് ആ പരസ്യം പറയുന്നത്. ഉയരത്തില്‍ കാലുയര്‍ത്തി സല്യൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ പാകിസ്താന്‍ പട്ടാളക്കാരന്റെ ഷൂവിന്റെ സോള്‍ പൊട്ടിപ്പൊളിഞ്ഞു തൂങ്ങി നില്‍ക്കുന്നത് ഇന്ത്യന്‍ പട്ടാളക്കാരന്‍ കാണിച്ചു കൊടുക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നില്‍ക്കുന്ന പാകിസ്താന്‍ പട്ടാളക്കാരന്റെ ഷൂ കണ്ണടച്ച് തുറക്കുമ്പോഴേക്കും ഒരു മാന്ത്രികന്റെ കയ്യടക്കത്തോടെ ശരിയാക്കികൊടുക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരന്‍. പരസ്പര ബഹുമാനത്തോടെ സല്യൂട്ട് അടിച്ചു പിരിയുന്ന അവരുടെ മുഖം പറയുന്നത് തകര്‍ക്കാനല്ല, കൂട്ടിച്ചേര്‍ക്കാന്‍ തന്നെയാണ്. വിഭജനത്തിന്റെ വിങ്ങല്‍ പേറുന്ന മനസ്സുകളെ. തമാശ തന്നെയായിരുന്നു അതിര്‍ത്തിയിലെ രണ്ടു പട്ടാളക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി ഫോഗ് അവതരിപ്പിച്ച പരസ്യത്തിന്റെയും കാതല്‍. [video id="dz6YylorUGM" type="youtube" width="" height="320"] ഇന്ത്യയിലെ മുന്‍ നിര മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും പാകിസ്താനിലെ മാധ്യമപ്രമുഖരായ ദി ജംഗ് ഗ്രൂപ്പും ചേര്‍ന്ന് ഇന്ത്യാ-പാക് സൗഹൃദ സന്ദേശവുമായി ആരംഭിച്ച 'അമന്‍ കി ആശ' എന്ന പരസ്യ കാമ്പൈന്‍ പുറത്തിറക്കിയ പരസ്യങ്ങളും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലും ഒരു പോലെ ഹിറ്റ് ആയി മാറിയിരുന്നു. ഈ കുറിപ്പിന്റെ ആദ്യം ഉദ്ധരിച്ച ഗുല്‍സാറിന്റെ വരികള്‍ ഇത്തരം ഒരു പരസ്യത്തില്‍ നിന്നാണ്. അമന്‍ കി ആശ കാമ്പൈനില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തെ ആധാരമാക്കിയ പരസ്യമാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് മൂകാഭിനയത്തിലൂടെ തങ്ങള്‍ക്കു കേള്‍ക്കേണ്ട പാട്ട് അതിര്‍ത്തിക്കിപ്പുറത്തു നിന്ന് ബൈനോകുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്ന ഇന്ത്യന്‍ കൂട്ടുകാരെ പറഞ്ഞു മനസിലാക്കുന്ന ഒരു പാകിസ്താനി വൃദ്ധന്‍. അയാളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അയാളുടെ കൂട്ടുകാരും. വൃദ്ധന്‍ പറഞ്ഞത് ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേന്‍ഗെ എന്ന ചിത്രത്തിലെ ഗാനമാണെന്ന് മനസിലാക്കുമ്പോള്‍ തന്റെ കൂട്ടുകാരോട് റേഡിയോ സ്റ്റേഷനിലേക്കു വിളിക്കാന്‍ പറയുന്ന ഇന്ത്യക്കാരന്‍. റേഡിയോയില്‍ വിളിച്ചു ഒരു പാട്ട് വച്ച് തരണം എന്ന് ആവശ്യപ്പെടുന്ന ഇന്ത്യക്കാരനില്‍ നിന്ന് റേഡിയോയില്‍ ഓള്‍ ഇന്ത്യ റേഡിയോ ട്യൂണ്‍ ചെയ്തു തങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് വച്ച് തന്നത് ആസ്വദിക്കുന്ന പാകിസ്താനി വൃദ്ധനും കൂട്ടുകാരും കുട്ടികളും. അതിര്‍ത്തി കെട്ടി വേര്‍ത്തിരിച്ച് നിര്‍ത്താവുന്നതല്ല സ്‌നേഹം എന്ന് വിശ്വസിക്കുന്ന ആരുടേയും കണ്ണില്‍ ഒരിറ്റു കണ്ണീര്‍ പൊടിക്കാന്‍ കഴിവുണ്ട് ഈ പരസ്യത്തിന്. അമന്‍ കി ആശ പരമ്പരയില്‍ ഹിറ്റ് ആയ മറ്റൊരു പരസ്യം ആധാരമാക്കിയിരിക്കുന്നത് ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ വീറും വാശിയുമാണ്. ഒരു ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഇന്ത്യാക്കാരനും പാകിസ്താന്‍കാരനും തമ്മിലുള്ള സംഭാഷണമാണ് പരസ്യത്തിന്റെ ഇതിവൃത്തം. സച്ചിന്‍ റിട്ടയര്‍ ചെയ്യുന്നതിനെ പറ്റിയാണ് പാകിസ്താന്‍ ക്രിക്കറ്റ് പ്രേമി പറയുന്നത്. സച്ചിന്‍ പോയാല്‍ പിന്നെ ഇന്ത്യ വട്ടപൂജ്യമാകും എന്നാണു അയാളുടെ അഭിപ്രായം. എന്നാല്‍ സച്ചിന്‍ പോയാല്‍ ഞങ്ങള്‍ക്ക് വീരുവും വിരാടും ഉണ്ടെന്നാണ് ഇന്ത്യക്കാരന്റെ മറുപടി. നിങ്ങള്‍ക്ക് ആരുണ്ട് എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഹാഫിസും അക്മലും ഉണ്ടെന്നും അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യ ഫീല്‍ഡര്‍മാരെ ബൌണ്ടറിക്ക് പുറത്തു നിറുത്തേണ്ടി വരുമെന്നും പാകിസ്താാന്‍കാരന്‍. അതിനിടക്ക് അയാള്‍ക്ക് അമ്മയുടെ ഫോണ്‍ വരുന്നു. ഫോണില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുന്ന അയാള് തന്റെ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഇന്ത്യക്കാരനോട് പറയുന്നു. ഇന്ത്യക്കാരന്‍ അത് തന്റെ അടുത്തേക്കുനീക്കി വക്കുക മാത്രമല്ല പാകിസ്താന്‍കാരന്‍ ഇരുന്ന സ്ഥലത്ത് മറ്റൊരാള്‍ ഇരിക്കാന്‍ തുനിയുമ്പോള്‍ ഇവിടെ ആളുണ്ട് എന്ന് പറഞ്ഞു അയാളെ തടയുകയും ചെയ്യുന്നു. മത്സരമാകാം ശത്രുത വേണ്ട എന്ന് പറഞ്ഞാണ് ആ രസികന്‍ പരസ്യം അവസാനിക്കുന്നത്. [video id="ItvmW-cmIkY" type="youtube" width="" height="320"] ഇന്ത്യാ പാകിസ്താന്‍ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പരസ്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഇരു രാജ്യങ്ങളുടെയും വീറും വാശിയും വിഷമയമാക്കി നിര്‍മിച്ച പരസ്യങ്ങളും ഹിറ്റ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഒരിക്കലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന സന്ദേശവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കഴിഞ്ഞ ലോകകപ്പ് സമയത്ത് പുറത്തിറക്കിയ മോക്കാ..മോക്കാ പരസ്യങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. സംഗതി പാകിസ്താനെ കളിയാക്കിയിട്ടാണെങ്കിലും ആ പരസ്യങ്ങളിലെ തമാശ ആസ്വദിച്ചവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങളും ഉണ്ട്. പാകിസ്താനിലെ ചില ക്രിക്കറ്റ് താരങ്ങളുടെ മിന്നുന്ന പ്രകടനം കാണുമ്പോള്‍ ഇന്ത്യാ വിഭജനം ഇന്ത്യന്‍ ക്രിക്കറ്റിനു ഒരു വലിയ നഷ്ടം ആണെന്ന് കരുതുന്നവരും ഉണ്ട്. ഷാരുഖ് ഖാന്റെ സിനിമയെ സ്‌നേഹിക്കുന്ന പാകിസ്താന്‍കാരും മെഹദി ഹസന്റെ ഗസലുകളെ പ്രണയിക്കുന്ന ഇന്ത്യക്കാരും ഉള്ളിടത്തോളം അതിര്‍ത്തികള്‍ വെറും ജീവനില്ലാത്ത മുള്ളു വേലികള്‍ മാത്രമായി അവശേഷിക്കുകയേ ഉള്ളൂ. അതിനപ്പുറവും ഇപ്പുറവും തുടിക്കുന്ന മനസ്സുകളെ വേലി കെട്ടി അകത്തി നിറുത്താന്‍ അവക്ക് കഴിയില്ലല്ലോ. favourfrancis@gmail.com

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)