ഭാരമേറിയ ബ്രാന്‍ഡുകള്‍

ഫേവര്‍ ഫ്രാന്‍സിസ് ദിനംപ്രതി ഒന്നെന്ന തോതില്‍ നിരത്തിലിറങ്ങുന്ന കാറിന്റെയും ബൈക്കിന്റെയും പരസ്യം കണ്ട് മടുത്തവരാണ് നമ്മള്‍. എവിടെ നോക്കിയാലും അംബാസഡര്‍ കാറുകളും വല്ലപ്പോഴും ഒരു പ്രീമിയര്‍ പദ്മിനിയും കണ്ടു മനം നിറച്ച കാലം പൊയ്‌പ്പോയി. മാരുതി 800 എന്ന കുഞ്ഞന്‍ സുന്ദരന്‍ നിരത്തില്‍ ഇറങ്ങിയതിന്റെ പിന്നാലെ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ആയ ടാറ്റയുടെയും മഹീന്ദ്രയുടെയും കാറുകള്‍ക്കും ജീപ്പുകള്‍ക്കും ഒപ്പം വിദേശ ബ്രാന്‍ഡുകള്‍ കൂടി ഇരമ്പിപ്പാഞ്ഞെത്തിയപ്പോള്‍ വല്ലപ്പോഴും ഒരു ബെന്‍സ് കണ്ടാല്‍ അന്തം വിട്ടു നോക്കി നിന്നിരുന്ന മലയാളിക്ക് ഇപ്പോള്‍ മുന്നില്‍ കൂടി ലംബോര്‍ഗിനി മുരണ്ടു മൂളിപ്പാഞ്ഞാല്‍ പോലും കൂസലില്ല. നാട്ടില്‍ ലീവിന് എത്തുന്ന ഘടാഘടിയനായ പട്ടാളക്കാരനും സിനിമയിലെ കൊച്ചുമുതലാളിയും മാത്രം ഗമയില്‍ ഓടിച്ചു നടന്നിരുന്ന ബുള്ളറ്റിനെ സ്റ്റാറ്റസ് സിമ്പല്‍ ആയി കണ്ടിരുന്ന അപ്പര്‍ ക്ലാസ് മലയാളി യുവാക്കള്‍ സകല നരുന്ത് പിള്ളാരും ബുള്ളറ്റ് വാങ്ങി ചീറിപ്പായുന്നതില്‍ മനം നൊന്തു ഹാര്‍ലിയും ട്രയംഫും ഹ്യോസങ്ങും ഒക്കെ ഓടിച്ചു മനസുഖം നേടേണ്ട ഗതികേടിലാണ് ഇപ്പോള്‍. ഇങ്ങനെ കാറും ബൈക്കും സ്‌കൂട്ടറും ദിനം പ്രതി പെറ്റുപെരുകുമ്പോഴും ബസ്സിന്റെയും ലോറിയുടെയും കാര്യത്തില്‍ ഇന്നും നമുക്ക് വിശ്വാസം അശോക് ലെയ്‌ലന്റും ടാറ്റയും ഐഷറുമൊക്കെ തന്നെയാണ്. നഗരത്തിന്റെ തിരക്കില്‍ ഓടിക്കാന്‍ ആണെങ്കില്‍ ടാറ്റയും ലോങ്ങ് റൂട്ടിന് ആണെങ്കില്‍ ലെയ്‌ലാന്റും അതാണ് ഇന്നും നമ്മുടെ ബസ് മുതലാളിമാര്‍ക്ക് പ്രിയം. അങ്ങിനെ ഇന്ത്യന്‍ വമ്പന്മാര്‍ അരങ്ങു വാണിരുന്ന ഹെവി വെഹിക്കിള്‍ വിപണിയിലെക്കാണ് ബെന്‍സും വോള്‍വോയും സ്‌കാനിയയും ഒക്കെ കടന്നു വരുന്നത്. അവരുടെ വരവോടെ ലോറിയുടെയും ബസ്സിന്റെയും രൂപം തന്നെ അടിമുടി മാറി. 'ഹനുമാന്‍മോന്ത'യുമായി റോഡിലൂടെ നിരങ്ങി നീങ്ങിയിരുന്ന ലോഡ് ലോറികള്‍ രാമനെപ്പോലെ സുമുഖന്മാരായി മാറി. റോഡ് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒഴുകി നീങ്ങുന്ന എസീ ലോ ഫ്‌ലോര്‍ ബസ്സുകളെ കണ്ടു സാധാ ചക്കട വണ്ടികള്‍ വാ പൊളിച്ചു നിന്നു. റോഡിലൂടെ ബെന്‍സ് കാറുകള്‍ മാത്രമല്ല ഭാരത് ബെന്‍സിന്റെ സുന്ദരന്‍ ലോറികളും ചീറിപ്പാഞ്ഞു. അതിലെ എസീ കാബിനില്‍ ഇരുന്നു ഡ്രൈവര്‍മാര്‍ സാദാ ലോറി ഡ്രൈവര്‍മാരെ നോക്കി കളിയാക്കി ചിരിച്ചു. കാര്യങ്ങള്‍ കൈ വിട്ടു പോകും എന്ന സ്ഥിതി വന്നപ്പോള്‍ ഇന്ത്യയും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ടാറ്റയുടെ വക പ്രൈമ എന്ന ട്രക്ക് ആണ് ന്യൂ ജനറേഷന്‍ ഇന്ത്യന്‍ ട്രക്കുകളിലെ പ്രധാനി. തൊട്ട് പുറകെയുണ്ട് അജയ് ദേവ്ഗനെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി മഹീന്ദ്രയുടെ ബ്ലേസും. കെട്ടിലും മട്ടിലും ശക്തിയിലും വിദേശ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ വേണ്ടിത്തന്നെ ഒരുക്കിയെടുത്തവയാണ് ഹെവി വെഹിക്കിള്‍ രംഗത്തെ ഈ പുതുമുഖങ്ങളെ. തങ്ങളുടെ പ്രധാന ബ്രാന്‍ഡ് ആയ പ്രൈമയെ ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ഒരു മികച്ച ബ്രാന്‍ഡ് ആയി അവതരിപ്പിക്കുക എന്ന ടാറ്റയുടെ ആഗ്രഹം നടപ്പിലാക്കാന്‍ അവര്‍ തെരഞ്ഞെടുത്ത ബ്രാന്റിങ് രീതിയും പരസ്യ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റുകയാണ്. നിലവിലുള്ള മാധ്യമങ്ങളെയെല്ലാം മികച്ച രീതിയില്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ തന്നെ പ്രൈമ ടി വണ്‍ ട്രക്ക് റേസ് എന്ന ഒരു ആശയവും ടാറ്റ മുന്നോട്ടു വച്ചു. വിദേശ രാജ്യങ്ങളില്‍ ഫോര്‍മുല വണ്‍ റേസുകളെപ്പോലെത്തെന്നെ ഹരം പകരുന്ന ട്രക്ക് റേസുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ടാറ്റ ഈ ആശയം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തപ്പോള്‍ വാശിയേറിയ ഒരു മത്സരമായി വിദൂരഭാവിയില്‍പ്പോലും അത് മാറുമെന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് ലോകം ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഈ മാര്‍ച്ച് 20 നു അരങ്ങേറിയ പ്രൈമ ടി വണ്‍ ട്രക്ക് റേസ് മൂന്നാം സീസണ്‍ നേടിയ അന്താരാഷ്ട മാധ്യമ ശ്രദ്ധ ഏവരെയും ടാറ്റയുടെ മറ്റൊരു മികച്ച ബ്രാന്‍ഡിംഗ് വിജയത്തിന് കൂടി സാക്ഷികളാക്കി. 2009 ല്‍ ആദ്യമായി പുറത്തിറങ്ങുമ്പോള്‍ ടാറ്റ പ്രൈമക്ക് ഒരു മൂന്നാം ലോക സാങ്കേതിക വിദ്യ പേറുന്ന വാഹനം എന്ന ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. ആ ഇമേജിനെ ബോധപൂര്‍വം മറികടക്കാനുള്ള ശ്രമങ്ങളില്‍ ഒന്നമാത്തെതായിരുന്നു ടാറ്റ സംഘടിപ്പിച്ച ഈ പ്രൈമ ടി വണ്‍ ട്രക്ക് റേസ്. അന്താരാഷ്ട ഭീമന്മാരായ വോള്‍വോക്കും മാനിനും സ്‌കാനിയക്കും ഒക്കെ ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളവയാണ് തങ്ങളുടെ ട്രക്കുകളും എന്ന് തെളിയിക്കാന്‍ ടാറ്റക്ക് ഈ റേസ് ഗുണം ചെയ്തു. റേസില്‍ പങ്കെടുത്ത വാഹനങ്ങളുടെ ശക്തിയും ഗുണവും നേരിട്ട് കണ്ടു തിരിച്ചറിഞ്ഞ അന്താരാഷ്ട്ര കമ്പനികളില്‍ നിന്നും ടാറ്റക്ക് ധാരാളം ഓര്‍ഡര്‍റുകള്‍ ഇപ്പോള്‍ ലഭിക്കുന്നു. മുന്‍പ് ഇന്ത്യയില്‍ വെറും നൂറു പ്രൈമ ട്രക്കുകള്‍ മാത്രമാണ് ഒരു മാസം വിറ്റു പോയിരുന്നതെങ്കില്‍ ഇന്നത് അഞ്ഞൂറായി വര്ദ്ധിച്ചിരിക്കുന്നു. അന്താരാഷ്ട വിപണിയില്‍ നിന്നും എന്താണ്ട് അത്ര തന്നെ ഓര്‍ഡര്‍ ടാറ്റക്ക് മാസാമാസം ലഭിക്കുന്നു. ഇന്ത്യക്ക് പുറമേ ഗള്‍ഫ് നാടുകളിലും സൌത്ത് ആഫ്രിക്ക, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പ്രൈമ ഇപ്പോള്‍ പ്രചാരം നേടിക്കഴിഞ്ഞു. എണ്ണത്തില്‍ കുറവാണെങ്കിലും ഒരു മൂന്നാം ലോക സാങ്കേതിക വിദ്യ പേറുന്ന വാഹനം എന്ന ഇമേജ് മാറ്റി മറിക്കാന്‍ ഈ രാജ്യങ്ങളില്‍ ഉള്ള സാന്നിദ്ധ്യം പ്രൈമയെ സഹായിക്കുന്നു ഇത്തവണ പ്രൈമ ടി വണ്‍ ട്രക്ക് റേസില്‍ പങ്കെടുത്തത് ആകെ ആറു ടീമുകളാണ്. കാസ്‌ട്രോള്‍ വെക്റ്റണ്‍, കമ്മിന്‍സ്, ഡീലര്‍ ഡെയര്‍ ഡെവിള്‍സ്, ഡീലര്‍ വാരിയെര്‍സ്, ടാറ്റ മോട്ടോര്‍സ്‌പോര്‍ട്‌സ് ടെക്‌നോളജീസ്, ടാറ്റ ഫിനാന്‍സ് തുടങ്ങിയവയാണ് ട്രാക്കില്‍ ഇറങ്ങിയ ടീമുകള്‍. 12 അന്താരാഷ്ട്ര റേസിംഗ് ഡ്രൈവര്‍മാരും 17 ഇന്ത്യന്‍ റേസിംഗ് ഡ്രൈവര്‍മാരുമാണ് ഇത്തവണ മത്സരത്തിനു ഇറങ്ങിയത്. തങ്ങളുടെ ട്രക്ക് റേസിന്റെ വിജയത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു തങ്ങളുടെ ചെറുവണ്ടികളായ ഏയ്‌സിനും അള്‍ട്രാക്കുമൊക്കെയായി ഇനിയും റേസുകള്‍ സംഘടിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നു. എന്തായാലും ഇന്ത്യന്‍ ഹെവി വെഹിക്കിള്‍ വിപണിയെ തങ്ങളുടെ വരുതിക്ക് വരുത്താന്‍ ഈ ബ്രാന്‍ഡിംഗ് റേസുകള്‍ക്ക് തീര്‍ച്ചയായും കഴിയും എന്ന് തന്നെയാണ് ടാറ്റയുടെ വിശ്വാസം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)