ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് ഡിസൈന്‍ കൂട്ടം

mohanlal, sankar, movie
ഫേവര്‍ ഫ്രാന്‍സിസ് രണ്ടായിരത്തിഏഴിലെ ട്വന്റി 20 ലോകകപ്പ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കൈക്കലാക്കിയപ്പോള്‍ പ്രചാരം നേടിയ ഒരു താമശയുണ്ടായിരുന്നു. പഴയൊരു പ്രശസ്ത തമാശയുടെ റിമിക്‌സ് വേര്‍ഷന്‍. അവസാന ഓവറില്‍ സിക്‌സര്‍ എന്ന ലക്ഷ്യവുമായി പാകിസ്താന്റെ മിസ്ബാ ഉള്‍ ഹഖ് ഉയര്‍ത്തി അടിച്ച പന്ത് അത് വരെ സീനില്‍ ഇല്ലാതിരുന്ന ശ്രീശാന്ത് കൈകളില്‍ ഒതുക്കിയപ്പോള്‍ 'ഈ കുരുപ്പ് ഇത് എവിടെ നിന്നും വന്നു' എന്ന ഇന്നസെന്റ് ഭാവത്തില്‍ നിന്ന മിസ്ബയോടു നമ്മള്‍ പറഞ്ഞത്.ഇതാണ്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും .ചന്ദ്രനില്‍ ചായക്കട നടത്തുന്ന ചന്ദ്രേട്ടനെപ്പോലെ. ഇതേ അവസ്ഥയാണ് പരസ്യരംഗത്തെ മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞാലും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ ഏതു മികച്ച പരസ്യ ഏജന്‍സി എടുത്താലും അവിടെ കാണും ഒരു മലയാളി ഡിസൈനര്‍, അല്ലെങ്കില്‍ കോപ്പി റൈറ്റര്‍. നമ്മള്‍ ഇന്ന് കാണുന്ന പല ഉഗ്രന്‍ പരസ്യ ആശയങ്ങള്‍ക്ക് പിന്നിലും ഒരു മലയാളി സ്പര്‍ശം കാണാന്‍ കഴിയുന്നതും സ്വാഭാവികം. കേരളത്തില്‍ ഇന്ന് ധാരാളം യുവാക്കള്‍ ഗ്രാഫിക്‌സ് ഡിസൈന്‍ പഠിക്കുകയും ചെറുതും വലുതുമായ ഏജന്‍സികളില്‍ ഡിസൈനര്‍മാരായി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. ബിടെക് പഠിച്ചതിനു ശേഷം ഡിസൈന്‍ രംഗത്തേക്ക് തിരിഞ്ഞ എഞ്ചിനീയര്‍മാര്‍ പോലും ഇവിടെ ഉണ്ട്. ഇവരില്‍ പലരും ഫ്രീലാന്‍സര്‍മാരായി ആര്‍ക്കും ഒരു ലാപ്‌ടോപ് മാത്രം മുടക്കുമുതലാക്കി ആര്‍ക്കും പിടികൊടുക്കാതെ കറങ്ങി നടപ്പുണ്ട്. മറ്റു ചിലര്‍ ഒരാളുടെ കീഴിലും പണിചെയ്യാന്‍ പോകാതെ സ്വന്തമായി ഡിസൈന്‍ സ്ഥാപനങ്ങള്‍ നടത്തി ജീവിക്കുന്നു. സോഷ്യല്‍ മീഡിയയുടെ ആഗമനത്തോടെ ഒരു നല്ല ഡിസൈന്‍ പുറത്തു വന്നാല്‍ അത് ചെയ്ത ആളിനും ഏജന്‍സിക്കുമൊക്കെ തങ്ങളുടെ സുഹൃദവലയത്തില്‍ നിന്നും ലൈക്കും ഷെയറും കിട്ടാറുണ്ട്. ഒരിക്കല്‍ പോലും പുറം ലോകം അറിയാന്‍ സാദ്ധ്യതയില്ലാത്ത അണിയറക്കാരില്‍ ചിലരെ എങ്കിലും നാം ഇപ്പോള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു, പലരുടെയും പ്രത്യേക ഡിസൈന്‍ രീതികള്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. പലതും ട്രെന്‍ഡ് ആയി മാറുകയും ചെയ്യുന്നു. എന്നാല്‍ രണ്ടായിരത്തി ആറില്‍ ബിഹാന്‍സ് എന്ന ഓണ്‍ലൈന്‍ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോം നിലവില്‍ വന്നതോടെയാണ് ക്രിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ ഡിസൈനുകള്‍ ലോകമെമ്പാടുമുള്ള സമാനചിന്താഗതിക്കാര്‍ക്കു മുന്നില്‍ നിരത്തി വെക്കാനും അവരുടെ പ്രശംസ നേടാനും വഴിയൊരുങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഡിസൈന്‍ ലോകത്തെ ഫേസ്ബുക്ക് ആയി ബിഹാന്‍സ് മാറി. ഇവിടെ കേരളത്തിലെ ചെറിയൊരു ഗ്രാമത്തില്‍ ഇരുന്നു ഡിസൈന്‍ ചെയ്യുന്ന ഫ്രീലാന്‍സ് ഡിസൈനര്‍ പോലും ബിഹാന്‍സില്‍ തന്റെ ഇടം ഒരുക്കി വച്ചിട്ടുണ്ട്. അവന്റെ ഡിസൈനുകള്‍ക്ക് ആഗോള തലത്തില്‍ ആരാധകരുണ്ട്. ലോകമെമ്പാടുമുള്ള മികച്ച ഡിസൈന്‍നര്‍മാര്‍ ബിഹാന്‍സില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഡിസൈനുകളില്‍ നിന്നും അവന്‍ പുതിയത് പലതും പഠിക്കുന്നുണ്ട്. അതിന്റെ പിന്‍ബലത്തില്‍ അവന്റെ ആവനാഴിയില്‍ പുതിയ അമ്പുകള്‍ നിറയുന്നുണ്ട്. ബിഹാന്‍സിന്റെ ആഗമനം ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കലാപരമായ സാദ്ധ്യതകള്‍ക്ക് മാത്രമല്ല പുത്തന്‍ ഉണര്‍വ് പകര്‍ന്നത്. തങ്ങളുടെ ഡിസൈന്‍ ആവശ്യക്കാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിട്ടാണ് ഇപ്പോള്‍ ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ബിഹാന്‍സിനെ കാണുന്നത്. ബിഹാന്‍സില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ലിങ്ക് ആണ് ഇപ്പോള്‍ അവന്റെ ജോലി അപേക്ഷക്കൊപ്പം അവന്‍ അയക്കുന്നത്. തങ്ങളുടെ ടീമിലേക്ക് പുതിയ ആളുകളെ എടുക്കുന്നതിനു മുന്നോടിയായി ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോകളിലൂടെ ഒന്ന് കണ്ണോടിക്കാന്‍ നല്ല പരസ്യ എജന്‍സിക്കാരും മറക്കാറില്ല. പല വ്യാപാര സ്ഥാപനങ്ങളും അവരുടെ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ ആളെക്കണ്ടെത്തുന്നത് ബീഹാന്‍സ് വഴി തന്നെ. ബീഹാന്‍സിലൂടെ സാധ്യമായ ഓണ്‍ലൈന്‍ സമ്പര്‍ക്കം കേരളത്തിലെ ഡിസൈന്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തെളിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഡിസൈന്‍ എങ്ങിനെ ക്ലയന്റിനു മുന്നില്‍ അവതരിപ്പക്കണം എന്ന് മലയാളി ഡിസൈനറെ ആദ്യമായി പഠിപ്പിച്ചത് ബിഹാന്‍സ് ആണ്. ഒരു ലോഗോ വേണം എന്ന് പറഞ്ഞെത്തുന്ന ക്ലൈന്റിനു ഏതെങ്കിലും ഒന്ന് ചെയ്തു പ്രിന്റ് അടിച്ചു കൊടുക്കാതെ അതതു മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും അനുയോജ്യമായ ഒരു ഡിസൈന്‍ മോക്ക് അപ്പ് തേടി പിടിച്ച്. തങ്ങള്‍ ഡിസൈന്‍ ചെയ്ത ലോഗോ വിവിധ നിറങ്ങളിലും പ്രതലങ്ങളിലും എങ്ങിനെ പുറത്തു വരും എന്ന് മുന്‍കൂട്ടി ക്ലൈന്റിനു കാണിച്ചു കൊടുക്കാന്‍ മലയാളി ഡിസൈനര്‍ പഠിച്ചത് ബിഹാന്‍സില്‍ അവന്‍ നേരിട്ട് കണ്ടു ആസ്വദിച്ച പല മികച്ച പ്രസന്റേഷനുകളിലും നിന്നാണ്. ലോഗോ ഡിസൈനില്‍ ആനിമേഷനുകളും ഉപയോഗിച്ച നിറങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു മികച്ച അവതരണശൈലി സ്വയത്തമാക്കാന്‍ ബിഹാന്‍സിലെ പോര്‍ട്ട്‌ഫോളിയോകള്‍ കുറച്ചൊന്നുമല്ല അവരെ സഹായിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ എന്ന വിര്‍ച്വല്‍ ലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ബിഹാന്‍സിന്റെ പ്രവര്‍ത്തന പരിധി. ഓണ്‍ലൈന്‍ ആയി കണ്ടുമുട്ടുകയും ഓണ്‍ലൈന്‍ ആയി ആശയവിനിമയം ചെയ്യുകയും ചെയ്തു പോന്നിരുന്ന ഡിസൈനര്‍മാര്‍ക്കു നേരില്‍ കണ്ടുമുട്ടാനും അവരുടെ പോര്‍ട്ട്‌ഫോളിയോകള്‍ പരസ്പരം വിലയിരുത്താനുമുള്ള അവസരവും ഇപ്പോള്‍ ബീഹാന്‍സ് ഒരുക്കുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ ലോകത്തിന്റെ വിവധ സ്ഥലങ്ങളില്‍ വച്ച് സംഘടിപ്പിക്കപ്പെടുന്ന ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് എന്ന പരിപാടിയിലൂടെയാണ് ഈ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഓഫ്‌ലൈന്‍ ആയി തുടരാനുള്ള സാധ്യതകള്‍ ബീഹാന്‍സ് തുറന്നു നല്‍കുന്നത്. സമാന ചിന്താഗതിയുള്ള ഡിസൈനര്‍മാര്‍ക്ക് ഒരു ദിവസം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒത്തു ചേരാനുള്ള അവസരമാണ് ബിഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂസ് നല്‍കുന്നത്. പ്രധാനമായും മൂന്നു പരിപാടികളാണ് അന്നത്തെ അജണ്ടയില്‍ ഉണ്ടായിരിക്കുക. പരസ്യ/ഡിസൈന്‍ മേഖലയിലോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലോ ഉള്ള ഒരു വിദഗ്ദന്‍ നയിക്കുന്ന ക്യൂറേറ്റഡ് സ്പീച്ച് ആണ് അതിലെ ആദ്യ ഇനം. മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെയോ പ്രവണതകളെയോ പരിചയപ്പെടുത്തുന്ന ആ ക്ലാസ്സിനു ശേഷം തങ്ങളുടെ പോര്‍ട്ട് ഫോളിയോകള്‍ പരസ്പരം വിശകലനം ചെയ്യാനും അതിന്റെ ഗുണങ്ങളെക്കുരിച്ചും ന്യൂനതകളെക്കുറിച്ചുമെല്ലാം തുറന്നു ചര്‍ച്ച ചെയ്യാനുമുള്ള അവസരമാണ് രണ്ടാമത്തേത്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം പരസ്പരം പരിചയപ്പെടാനുള്ള സമയമാണ് അവസാനത്തെ ഇനം. ഇത്തവണ കേരളത്തില്‍ നടക്കുന്ന ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂകളില്‍ ഒന്നാമത്തേത് അരങ്ങേറുന്നത് മലബാറിന്റെ വ്യാപാരസിരാകേന്ദ്രമായ കോഴിക്കോടാണ്. ചുരുങ്ങിയ കാലം കൊണ്ട് ലോക ശ്രദ്ധ നേടിയ മലബാര്‍ ഗോള്‍ഡ്, വികെസി, പികെ സ്റ്റീല്‍ തുടങ്ങിയ പല മികച്ച ബ്രാന്‍ഡുകളുടെയും നഗരമായ കോഴിക്കോട് പരസ്യ രംഗത്തും വന്‍ കുതിച്ചു കയറ്റമാണ് ഈ അടുത്ത കാലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടേറെ മലബാറുകാര്‍ ഗള്‍ഫ് മേഖലയില്‍ വലിയ സംരംഭങ്ങള്‍ ആരംഭിച്ചപ്പോള്‍ മികച്ച പരസ്യ കാമ്പൈനുകളുമായി അവയെ ജനഹൃദയത്തില്‍ എത്തിച്ചത് കോഴിക്കോട്ടെ വലുതും ചെറുതുമായ ഒട്ടനവധി ഏജന്‍സികളാണ്. അവയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന യാരാ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനമാണ് ബീഹാന്‍സ് പോര്‍ട്ട്‌ഫോളിയോ റിവ്യൂ എന്ന ആശയത്തെ ആദ്യമായി കോഴിക്കോട്ടെത്തിക്കുന്നത്. മെയ് 14 ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ കോഴിക്കോട് തൊണ്ടയാട് ബൈ പാസ്സില്‍ ഉള്ള കോപ്പര്‍ ഫോളിയോ ഹോട്ടലില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത്. മലബാറില്‍ നിന്ന് മാത്രമല്ല കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും ധാരാളം ഡിസൈന്‍ര്‍മാര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകളുമായി ചടങ്ങിനെത്തും. പങ്കെടുക്കുന്നവര്‍ക്ക് ബിഹാന്‍സിന്റെ വക ടോക്കണ്‍ ഓഫ് അപ്രീസിയേഷനും സമ്മാനമായി ലഭിക്കും. തികച്ചും സൗജന്യമായ പരിപാടിക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും യാര കമ്മ്യൂണിക്കേഷന്‍സ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യാര കമ്മ്യൂണിക്കെഷന്‍ വെബ്‌സൈറ്റ് www.yara.co.in സന്ദര്‍ശിക്കുക. ഫേവര്‍ ഫ്രാന്‍സിസ് BRAND CONSULTANT favourfrancis@gmail.com

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)