വെറുതെയല്ല, ആവശ്യം വരുമ്പോള്‍ വില്‍ക്കാന്‍ ഒരു ഭാര്യ

ഫേവര്‍ ഫ്രാന്‍സിസ് ഓഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സെക്കന്റ് ഹാന്‍ഡ് വിപണികള്‍ അരങ്ങു വാഴുന്ന പുത്തന്‍ കാലത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മുദ്രവാക്യമാണിത്. പഴയതും ഔട്ട് ഓഫ് ഫാഷന്‍ ആയ എന്തും വില്‍ക്കാം പകരം പുതിയതും ലേറ്റസ്റ്റ് ട്രെന്‍ഡിന് ഇണങ്ങുന്നതുമായവ വാങ്ങിച്ചു കൂട്ടാം. കുറച്ചു കാലം കഴിഞ്ഞു അതും മടുക്കുമ്പോള്‍ ഈസി ആയി വിറ്റു വീണ്ടും പുതിയതു തേടിപ്പോകാം. ഈ പോക്കിന് ഒരു അവസാനവുമില്ലെങ്കിലും പരിമിതമായ സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളില്‍ ജീവിച്ചു പോരുന്നവര്‍ക്ക് പുതിയത് വാങ്ങുമ്പോള്‍ പഴയവ സൂക്ഷിക്കാന്‍ തങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ സ്ഥലം മാറ്റിവെക്കാന്‍ ഇല്ലാത്തത് കൊണ്ട് ഇവയൊക്കെ എവിടെ കൊണ്ട് പോയി കളയും എന്ന ആശങ്കക്ക് ഈ സെക്കന്റ് ഹാന്‍ഡ് വിപണി എന്തായാലും ഒരു അവസാനം നല്‍കും. ഒരാളുടെ സ്ഥലമോ വീടോ മറ്റൊരാള്‍ വാങ്ങിക്കുന്ന പരിപാടിയെ ഇന്നേ വരെ നമ്മള്‍ യൂസ്ഡ് ലാന്‍ഡ് സെയില്‍ എന്നോ സെക്കന്റ് ഹാന്‍ഡ് ഹൗസ് മാര്‍ക്കറ്റ് എന്നോ വിശേപ്പിക്കാത്തത് കൊണ്ട് വാഹനങ്ങള്‍ ആണ് മലയാളി ഒരു പക്ഷെ ആദ്യം പരിചയപ്പെട്ട സെക്കന്റ് ഹാന്‍ഡ് വിപണി. വണ്ടിക്കച്ചോടവും (സൈക്കിള്‍ തൊട്ടു റൂട്ടടക്കമുള്ള ബസ് വരെ) പിന്നെ സെക്കന്റ് ഹാന്‍ഡ് പുസ്തക കച്ചോടവും ആയിരിക്കും. കാറുകളുടെയും ബൈക്കുകളുടെയും വിപണിയില്‍ പുതിയ മോഡലുകള്‍ രംഗപ്രവേശം ചെയ്തതോടെ പഴയ വാഹനത്തിനൊരു വിലയിട്ട് പുതിയ വാഹനവുമായി എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും വാഹന കമ്പനിക്കാര്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. മിക്ക കമ്പനിക്കാരും അവര്‍ എക്‌സ്‌ചേഞ്ചിനു എടുത്ത കാറുകള്‍ ഒന്ന് തട്ടി മിനുക്കി ട്രൂ വാല്യൂ തുടങ്ങിയ പേരുകളില്‍ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വിപണിയിലും കൈ വച്ചു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ കേരളം കീഴടക്കിയ കാലം തൊട്ടാണ് പഴയതൊന്നു വിറ്റു കുറച്ചു പണം കൂടി കൊടുത്ത് പുതിയത് വാങ്ങുക എന്നത് നമ്മുടെ നാട്ടിലെ യുവാക്കളുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള കലാപരിപാടിയായി മാറിയത്. അനുദിനം പുറത്തിറങ്ങുന്ന പുതിയ മോഡലുകള്‍ മത്സരിച്ചു വാങ്ങുന്ന യുവത ഈ വിപണിയെ ഞൊടിയിടയില്‍ വളര്‍ത്തി വലുതാക്കി. ഈ പ്രവണത ഏതൊരു മൊബൈല്‍ ഷോപ്പില്‍ ചെന്നാലും ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകള്‍ പോലും എക്‌സ്‌ചേഞ്ച് വ്യവസ്ഥയില്‍ വാങ്ങിക്കമെന്ന ഭാഗ്യം മലയാളിക്ക് സമ്മാനിച്ചു. ക്യാമറയുടെ മെഗാ പിക്‌സല്‍ പോരാ എന്ന് തോന്നുന്നവരും സ്‌ക്രീനിന്റെ വലുപ്പം പോരാ എന്ന് തോന്നുന്നവരും ഇത്തരം കടകള്‍ക്ക് മുന്നില്‍ ക്യൂ നിന്നു തങ്ങളുടെ പഴയ ചപ്പടാച്ചി ഫോണുകള്‍ മാറ്റി വാങ്ങി. ഒറ്റയടിക്ക് പണം അടക്കാന്‍ കഴിവില്ലാത്തവന് വേണ്ടി മൊബൈല്‍ കമ്പനികള്‍ തവണ വ്യവസ്ഥയില്‍ പണമടക്കാനുള്ള സൌകര്യവും നല്‍കി. അതോടെ മാസം പതിനായിരം രൂപ ശമ്പളം വാങ്ങിക്കുന്നവന്‍ നാല്‍പതിനായിരത്തിന്റെ ഫോണുമായി ഓഫീസില്‍ വിലസി. വീടിനും കാറിനും ഫ്രിഡ്ജിനും ടീവീക്കും വേണ്ടി ലോണ്‍ എടുത്ത പോലെ മലയാളി മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഒക്കെ ലോണ്‍ എടുത്തു വാങ്ങാനും പഠിച്ചു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുടെ ആഗമനത്തോടെയാണ് എന്തും ഓണ്‍ലൈനില്‍ വാങ്ങാം എന്ന ഒരു അവസരം കൂടി നമുക്ക് മുന്നില്‍ ആഗോള കുത്തകകള്‍ തൊട്ടു നമ്മുടെ തോട്ടയലത്തെ പച്ചക്കറിക്കട മുതല്‍ തുറന്നു വച്ചത്. ആദ്യമൊക്കെ മലയാളിക്ക് ഓണ്‍ലൈന്‍ വാങ്ങലിനോട് അല്‍പം താല്‍പര്യക്കുറവുണ്ടായിരുന്നു എന്നത് സത്യം. പണ്ട് തൊട്ടേ കുറിയറില്‍ വരുന്ന ഇഷ്ടിക കട്ടയുടെ കഥകള്‍ കേട്ട് വളര്‍ന്ന തലമുറ ഓണ്‍ലൈന്‍ ആയി വാങ്ങുന്ന സാധനങ്ങളുടെ ഗുണമേ•യെക്കുറിച്ച് എന്നും സംശയാലുവായിരുന്നു. തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനം തന്നെയായിരിക്കുമോ കയ്യില്‍ എത്താന്‍ പോകുന്നത്? സൈസ് മാറിപ്പോയിട്ടുണ്ടാകുമോ? ഇട്ടു നോക്കാതെ എങ്ങിനെയാണ് ഷര്‍ട്ടും ചെരുപ്പുമൊക്കെ വാങ്ങുന്നത്? ഞെക്കി നോക്കാതെ എങ്ങിനെ പച്ചക്കറി വാങ്ങും? ഇങ്ങനെ അസംഖ്യം സംശയങ്ങള്‍ അവരെ എന്നും അലട്ടി. എന്നാല്‍ ബാംഗ്ലൂര്‍ പോലുള്ള മെട്രോകളില്‍ താമസമാക്കിയ അവരുടെ അടുത്ത തലമുറ ഓണ്‍ലൈന്‍ ആയി വാങ്ങിക്കൂട്ടിയ സാധനങ്ങളുമായി അവര്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ പതുക്കെ പതുക്കെ അവരും ഓണ്‍ലൈന്‍ വാങ്ങലിനു വഴങ്ങി. നാട്ടിലെ കടയില്‍ കിട്ടാത്ത പുസ്തകങ്ങളും വാച്ചും കണ്ണടയുമൊക്കെ അവര്‍ നല്ല ഓഫറുകള്‍ വരുന്നതും കാത്തിരുന്നു ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ആമസോണില്‍ നിന്നും മിന്ത്രയില്‍ നിന്നുമൊക്കെ വാങ്ങി സംതൃപ്തിയടഞ്ഞു. ഓണ്‍ലൈന്‍ വാങ്ങല്‍ അവര്‍ക്ക് പഥ്യമായിതീര്‍ന്നെങ്കിലും ഓണ്‍ലൈന്‍ വില്‍പനയിലേക്ക് ഇറങ്ങാന്‍ മലയാളി വീണ്ടും മടിച്ചു. മലയാളിയുടെ ഈ ശങ്ക മാറ്റിയെടുത്തത് ഓഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സെക്കന്റ് ഹാന്‍ഡ് വിപണികളുടെ വന്‍ വിജയത്തോടെയാണ്. പുതുതലമുറ തന്നെയാണ് അവിടെയും ആദ്യം എത്തി നോക്കിയത്. പ്രത്യേകിച്ച് അവരുടെ പഴയ ഫോണുകള്‍ക്ക് മൊബൈല്‍ ഷോപ്പുകാരന്‍ തരുന്നതിനെക്കാള്‍ കൂടുതല്‍ വില നല്‍കാന്‍ തയ്യാറുള്ള ആളുകള്‍ അവിടെ ഉണ്ടെങ്കിലോ? തങ്ങളുടെ ബൈക്കിനു എക്‌സ്‌ചേഞ്ച് വിലയെക്കാളും കൂടുതല്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ ഉണ്ടെങ്കിലോ? ഇനി അങ്ങിനെ ഇല്ലെങ്കില്‍ പോലും ബ്രോക്കറുടെ കമ്മീഷന്‍ ലാഭമായില്ലേ. മലയാളി യുവാക്കള്‍ ഓഎല്‍എക്‌സില്‍ സജീവമായതോടെ തിരുവനന്തപുരത്തു വില്‍ക്കാന്‍ വച്ച 83 മോഡല്‍ ബുള്ളറ്റും തേടി കൊച്ചീന്നും കൊയിലാണ്ടീന്നും വരെ ആളെത്തി. കയ്യോടെ കച്ചോടവും നടന്നു കാശും കിട്ടി. ഇന്ന് എന്തെങ്കിലും ഒരു സാധനം വാങ്ങണം എന്ന് തോന്നുന്ന പലരും ഓഎല്‍എക്‌സില്‍ അത് ആരെങ്കിലും വില്‍പനയ്ക്ക് പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്നാണു ആദ്യം നോക്കുന്നത്. അങ്ങിനെ ഓണ്‍ലൈന്‍ വില്‍ക്കല്‍ വാങ്ങല്‍ തകൃതിയായി നടക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ത്യയില്‍ നിന്ന് തന്നെ ഒരു വാര്‍ത്ത പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു 30 വയസ്സുകാരന്‍ ഫേസ്ബുക്കിലൂടെ നടത്താന്‍ ശ്രമിച്ച ഒരു ഓണ്‍ലൈന്‍ വില്‍പന കണ്ടാണ് വാര്‍ത്താലോകം അന്തം വിട്ടു നിന്നത്. തന്റെ ഭാര്യയെത്തന്നെയാണ് അയാള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പനയ്ക്ക് വെച്ചത്. ഒരു ലക്ഷം രൂപയാണ് പുള്ളി തന്റെ ഭാര്യക്കിട്ട വില. ഇങ്ങനെ സ്വന്തം ഭാര്യയെ വില്‍പനയ്ക്ക് വച്ചതിന്റെ പിന്നിലെ കാരണവും അയാള്‍ തന്റെ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. താന്‍ പലരുടെയും കയ്യില്‍ നിന്നായി കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനായിട്ടാണ് താന്‍ ഭാര്യയെ വില്‍ക്കാന്‍ ഒരുങ്ങുന്നതെന്നും ഒരു ലക്ഷം രൂപ ചെലവാക്കി അവളെ വാങ്ങാന്‍ തയ്യാറുള്ളവര്‍ മൊബൈലില്‍ തന്നെ വിളിക്കണമെന്നും പുള്ളി പോസ്റ്റില്‍ പറയുന്നു. ആരും ഈ ഓഫര്‍ സ്വീകരിച്ചില്ലെങ്കിലും ഓണ്‍ലൈന്‍ വഴി തന്റെ ഭാര്യയെ വില്‍ക്കാന്‍ ശ്രമിച്ച വിരുതന് ഭാര്യ തന്നെ ഒന്നാംതരം പണികൊടുത്തു. തന്റെ ബന്ധുക്കളില്‍ നിന്ന് ഈ പോസ്റ്റിനെക്കുറിച്ച് അറിഞ്ഞ അവര്‍ ഉടന്‍ പോലീസില്‍ പരാതി കൊടുത്തു. പോലീസ് ഭര്‍ത്താവിനെതിരെ ഐപിസി സെക്ഷന്‍ 509 പ്രകാരം കേസും എടുത്തു. നമ്മളില്‍ പലരും തമാശയായിട്ടെങ്കിലും ഇപ്പോഴത്തെ ഭാര്യയെ മാറ്റി വേറെ പുതിയതൊന്നിനെ കിട്ടുമോ എന്ന് ആശിച്ചിട്ടുണ്ടാകാം. പഴയ സാധനങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ പലപ്പോഴും ഭാര്യമാരും ഇതേ കാര്യം തിരിച്ചു ചോദിച്ചു കളിയാക്കാറുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത ഇത്രത്തോളം മുതലാക്കാന്‍ ഒരാള്‍ ഇറങ്ങിപ്പുറപ്പെടും എന്ന് വിപണി വിദഗ്ദര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. തല്‍ക്കാലം വില്‍ക്കലും വാങ്ങലും ഫാഷന്‍ ആക്കിയ മലയാളനാട്ടിലല്ല ഇങ്ങനെ ഒരു കടുംകൈ നടന്നതെന്ന് നമുക്ക് ആശ്വസിക്കാം. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)