കഴിക്കുന്നതിന് മുന്‍പും കഴിച്ചതിനു ശേഷവും

mohanlal, sankar, movie
ഫേവര്‍ ഫ്രാന്‍സിസ് എന്റെ കുട്ടിക്കാലത്തെ ഏറ്റവും സുപരിചിതമായ പരസ്യ വാചകങ്ങളില്‍ ഒന്നാണിത്. വളര്‍ന്നു വലുതായി മാധ്യമ വിദ്യാര്‍ത്ഥി ആയ കാലത്താണ് ഈ വാചകം അടിസ്ഥാനമാക്കി പരസ്യങ്ങളുടെ ഒരു പ്രത്യേക വിഭാഗം തന്നെ പ്രചാരത്തിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. 'ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ പരസ്യരീതിയെ മലയാളിക്കിടയില്‍ പ്രശസ്തമാക്കിയത് ഒരു കാലത്ത് സകല 'മ' വാരികകളുടെയും പുറംചട്ടയില്‍ സ്ഥിരക്കാരനായിരുന്ന ജീവന്‍ടോണ്‍ എന്ന ശരീര സൗന്ദര്യ വര്‍ദ്ധക മരുന്നിന്റെ പരസ്യങ്ങളായിരുന്നു. ഈ പരസ്യങ്ങള്‍ നോക്കി കഴിക്കുന്നതിനു മുന്‍പുള്ള മോഡലിന്റെ മെലിഞ്ഞ ശരീരത്തിനുടമയായ ഞാന്‍ കഴിച്ചതിനു ശേഷമുള്ള ഘടാഘടിയന്‍ രൂപം സ്വപ്നം കണ്ടു. പക്ഷെ വീട്ടില്‍ പറഞ്ഞാല്‍ ഉള്ള ആരോഗ്യം നഷ്ടപ്പെടും എന്ന സാഹചര്യമായതിനാല്‍ തല്‍ക്കാലം തടി വെക്കാന്‍ ഞാന്‍ ഏറ്റവും ലളിതവും ആഗോളതലത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ മാര്‍ഗം തെരഞ്ഞെടുത്തു. മൂക്ക് മുട്ടെ തിന്നുക! ഇന്ത്യയില്‍ ഒരു പക്ഷെ ഏറ്റവും എളുപ്പത്തില്‍ വിറ്റഴിക്കാവുന്ന രണ്ടു ഉത്പന്നങ്ങള്‍ ആണ് തടി കൂട്ടല്‍ / കുറക്കല്‍ മരുന്നുകളും പിന്നെ വെളുവെളുത്ത നിറം നേടാന്‍ സഹായിക്കും എന്ന് പ്രചരിപ്പിക്കുന്ന ക്രീമുകളും. തടിയും കറുപ്പുമൊക്കെ നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ചേര്‍ന്നതല്ല എന്ന സാമൂഹ്യ ബോധത്തിനൊപ്പം അമിത വണ്ണം വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പട്ടിക കൂടി ചേരുമ്പോള്‍ കിട്ടുന്നതെന്തും കഴിച്ചു എങ്ങിനെയെങ്കിലും മെലിയണം എന്ന ചിന്ത നമ്മുടെ യുവാക്കളുടെ ഉള്ളില്‍ കടന്നു കൂടുന്നത് സ്വാഭാവികം. തടി കൂട്ടാന്‍ ഏറ്റവും നല്ല മാര്‍ഗം മൂക്ക് മുട്ടെ തിന്നുക എന്നതാണെങ്കില്‍ തടി കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എല്ലു മുറിയെ പണിയെടുക്കുക എന്നതാണെന്ന് നമ്മുടെ പൂര്‍വികര്‍ അവരുടെ ജീവിതം കൊണ്ട് കൃത്യമായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത്രയൊന്നും എല്ലു മുറിയാന്‍ ഇഷ്ടപ്പെടാത്ത നമ്മുടെ യുവാക്കള്‍ മേലനങ്ങാതെ എങ്ങിനെ മിടുക്ക•ാരാകാം എന്നുള്ള ഗവേഷണത്തിനൊടുവില്‍ കണ്ടെത്തിയത് മൂന്നു നേരം ഭക്ഷണ ശേഷം മുന്‍പോ മിണുങ്ങാവുന്ന തടി കുറക്കല്‍ ഗുളികകളെയാണ്. തീരെ മെലിഞ്ഞ മലയാള മങ്കകള്‍ക്ക് വിവാഹ വിപണിയില്‍ തീരെ ഡിമാന്റ് ഇല്ല എന്ന് പരസ്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചത് കേട്ട് പേടിച്ച യുവതികള്‍ ആശ്വാസം കണ്ടെത്തിയതോ തടി കൂട്ടാന്‍ സഹായിക്കും എന്ന അവകാശവാദവുമായി എത്തിയ അനേകം ലേഹ്യങ്ങളിലും. തടി കുറക്കാനുള്ള എളുപ്പ വഴികള്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ ആയുര്‍വേദത്തിന്റെ പിന്‍ബലവുമായി ഇറങ്ങുന്ന മരുന്നുകളാണ് വിപണിക്ക് ഏറ്റവും പ്രിയം. വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നവനു സമ്മാനിക്കില്ല എന്ന സാമാന്യ വിശ്വാസമാണ് ഈ മരുന്നുകളുടെ ആരാധകരാക്കി സാധാരണക്കാരെ മാറ്റുന്നത്. തടി കുറയ്ക്കാന്‍ ഉള്ള ബേരിയാട്രിക് ശസ്ത്രക്രിയക്ക് ലക്ഷങ്ങളാണ് ചിലവെങ്കില്‍ ഇത്തരം ഗുളികള്‍ക്ക് വേണ്ടത് നൂറോ നൂറ്റമ്പതോ രൂപ മാത്രമാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ഭക്ഷണ നിയന്ത്രണമൊന്നും ഇത്തരം മരുന്നുകള്‍ക്ക് ബാധകവുമല്ല. ചുരുങ്ങിയ ചെലവിലും പ്രയത്‌നത്തിലും യവനദേവന്‍മാര്‍ തോല്‍ക്കുന്ന സിക്‌സ് പാക്ക് മോഹിച്ച് ഇത്തരം മരുന്നുകളുടെ പിന്നാലെ പോയ ഒരു യുവാവിന്റെ ദാരുണ അന്ത്യം ഈ മാസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. തടി കുറക്കാനായി ആ യുവാവ് കഴിച്ച മരുന്ന് 93 കിലോ തൂക്കമുണ്ടായിരുന്ന അവനെ 55 കിലോ മാത്രം തൂക്കമുള്ളവനാക്കി. സംഗതി മരുന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടതു പോലെ തടി കുറഞ്ഞെങ്കിലും ആ ശരീരം ഇന്ന് ഭൂമിയിലില്ല. മരുന്നിന്റെ ഉപയോഗം അവനെ കടുത്ത പ്രമേഹ രോഗിയാക്കി മാറ്റുകയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. സ്വന്തം ശരീരത്തിന് വേണ്ടതെന്തെന്ന് ശാസ്ത്രീയമായി മനസ്സിലാക്കാതെയും അതിനായി മികച്ച ആരോഗ്യപരിപാലകരുടെ സഹായം തേടാതെയുമുള്ള ഇത്തരം സ്വയം പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ പരസ്യത്തിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും എളുപ്പം മയങ്ങിപ്പോകുന്ന ഇടത്തരക്കാരാണെന്നതാണ് ഏറെ ദുഖ:കരം. കുറഞ്ഞ ചെലവ്, കുറഞ്ഞ അദ്ധ്വാനം എന്നിങ്ങനെ ഏതൊരു പരസ്യവും ഉപയോഗിക്കുന്ന അതെ ചൂണ്ടകള്‍ തന്നെയാണ് ഈ മരുന്നുകളും വീശുന്നത്. ഇത്തരം പ്രലോഭനങ്ങളില്‍പ്പെട്ടു ജീവിതം ഹോമിക്കാതെ സ്വന്തം കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും ശരീരത്തിന് മേല്‍ വിജയം നേടിയ എത്രയോ പ്രശസ്തരുടെ കഥകള്‍ നമുക്കറിയാം. അത്രയൊന്നും പ്രശസ്തരല്ലാത്തതിന്റെ പേരില്‍ നാമറിയാതെ പോയ കഥകളെത്ര. അത്തരമൊരു പേര് ചോദിച്ചാല്‍ നമുക്കെല്ലാവര്‍ക്കും പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയുന്ന ഒന്നാണ് പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമിയുടെത്. തന്റെ മാസ്മരിക ശബ്ദത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഈ പാകിസ്താനി ഗായകന് പക്ഷേ സ്വന്തം ജീവിതം അത്ര സുഖകരമായിരുന്നില്ല. പൊതുവെ ഭക്ഷണപ്രിയനായ അദ്‌നാന്‍ ടെന്‍ഷന്‍ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചിരുന്നത്രേ. അങ്ങിനെ സന്തോഷത്തിലും സങ്കടത്തിലും ഭക്ഷണം കഴിച്ചു കഴിച്ചു ഒറ്റക്ക് നേടിയത് ഒത്ത മൂന്നു മനുഷ്യന്മാര്‍ക്ക് വേണ്ട തൂക്കമാണ്. 206 കിലോ. ഈ ഭാരവും വച്ച് അഞ്ചടി തികച്ചും നടക്കാന്‍ അദ്‌നാനു കഴിയുമായിരുന്നില്ല. അതിനു പോലും വാക്കറിന്റെ സഹായം വേണം താനും. ശരീരഭാരം താങ്ങാന്‍ ശക്തിയില്ലാതെ കാലുകള്‍ക്ക് ലിംഫഡീമ എന്ന അസുഖം ബാധിച്ചു. അതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ അദ്‌നാനെ മൂന്നു മാസം കിടക്കയില്‍ തന്നെ കെട്ടിയിട്ടു. പക്ഷെ കിടന്നത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. ഒന്നുറങ്ങണ്ടേ. അമിത വണ്ണം മൂലം മലര്‍ന്നു കിടന്നാല്‍ ശ്വാസം മുട്ടും. ഇടയ്ക്കു കൊഴുപ്പ് ലങ്ഗ്‌സിലേക്ക് തള്ളി സ്ലീപ് അപ്നിയ എന്ന അവസ്ഥയില്‍ എത്തിക്കും. കിടക്കയില്‍ നിന്ന് ഒന്നെണീക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥ. യാത്രകളുടെ കാര്യമായിരുന്നു അതിലും പരിതാപകരം ലോകം മുഴുവന്‍ ആരാധകരുള്ള ഒരു ഗായകന്‍ എന്ന നിലക്ക് യാത്രകള്‍ ഒരിക്കലും അദ്‌നാന് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഓരോ യാത്രക്ക് തയ്യാറെടുക്കുമ്പോഴും അയാളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കും. തനിക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു വീല്‍ ചെയര്‍ അദ്‌നാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ കൂടെ കരുതും. തനിക്കു പാകത്തിനുള്ള വലിയ സീറ്റ് തരാന്‍ തയ്യാറുള്ള വിമാനക്കമ്പനിയുടെ വിമാനങ്ങളിലേ അയാള്‍ യാത്ര ചെയ്യൂ. തനിക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കുന്ന ഹോട്ടലുകളിലെ അയാള്‍ കയറാറുള്ളൂ. വസ്ത്രം വാങ്ങുന്ന കാര്യത്തില്‍ പോലും വെപ്രാളമായിരുന്നു അക്കാലത്ത് അദ്‌നാന്. തന്റെ പാകത്തിലുള്ള 6 എക്‌സ് എല്‍ വസ്ത്രങ്ങള്‍ യാത്രകളില്‍ എവിടെ കണ്ടാലും കുറെയെണ്ണം വാങ്ങിക്കൂട്ടുമായിരുന്നു അക്കാലത്ത്. കാരണം ആ സൈസിലുള്ള വസ്ത്രങ്ങള്‍ എല്ലായിടത്തും സുലഭമല്ലല്ലൊ. ഈ ടെന്‍ഷനുകളില്‍ നിന്നെല്ലാം മോചിതനാകാന്‍ അദ്‌നാന്‍ തീരുമാനമെടുക്കുന്നത് അമിത ഭാരം തന്റെ ജീവനു പോലും ഭീഷണി ഉയര്‍ത്തിയപ്പോഴാണ്. അതിനായി അത്ഭുത മരുന്നുകളുടെ പുറകെ പോകാതെ വിദഗ്ദ ഡോക്ടര്‍മാരുടെയും മികച്ച ട്രെയിനര്‍മാരുടെയും സഹായം തേടുകയായിരുന്നു അയാള്‍ ചെയ്തത്. ആദ്യമൊന്നും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. തന്റെ ഈ മഹാ ശരീരത്തില്‍ നിന്നും നാലോ അഞ്ചോ കിലോ കുറഞ്ഞതൊന്നും അദ്‌നാനു മനസ്സിലാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഏകദേശം നാല്‍പതു കിലോയോളം കുറച്ചപ്പോള്‍ ആണ് തനിക്കു ട്രെഡ്മില്ലില്‍ നടക്കാന്‍ പോലും കഴിഞ്ഞത് എന്ന് അദ്‌നാന്‍ ഓര്‍മ്മിക്കുന്നു. പിന്നീടങ്ങോട്ടുള്ള നിതാന്ത പരിശ്രമമാണ് നാം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് അദ്‌നാനെ എത്തിക്കുന്നതിന് സഹായിച്ചത്. അദ്‌നാനെപ്പോലെ തന്നെ ശ്രദ്ധ നേടുകയാണ് നന്നേ ചെറുപ്പത്തില്‍ തന്നെ പൊണ്ണത്തടിയോടു പൊരുതി വിജയം നേടിയ അനന്ത് അംബാനിയും. മുകേഷ് അംബാനിയുടെയും നീത അംബാനിയുടെയും മകനായ ഈ ഇരുപത്തിയൊന്നുകാരന്‍ ഐപിഎല്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് തന്റെ ഭീമാകാരമായ ശരീരം കൊണ്ടാണ്. കയ്യില്‍ ഇപ്പോഴും കൊറിക്കാന്‍ എന്തെങ്കിലുമായി ഐപിഎല്‍ മത്സരങ്ങളിലെത്തുന്ന 140 കിലോക്കാരന്‍ പയ്യന്‍സിനെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം. പതിനെട്ടു മാസം കൊണ്ട് 108 കിലോ ആണ് ഈ പയ്യന്‍ കുറച്ചത്. അതും ഒരു അത്ഭുത മരുന്നുകളുടെ സഹായം കൊണ്ടല്ല. മറിച്ച് നല്ല വണ്ണം വിയര്‍പ്പൊഴുക്കി തന്നെയാണ്. അനന്തിന്റെ ഈ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി എത്തിയതും ചില്ലറക്കാരല്ല. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമടക്കം ഒട്ടേറെ പ്രമുഖരാണ് ട്വിറ്ററിലൂടെ അനന്തിന്റെ നേട്ടത്തിനെ പ്രകീര്‍ത്തിച്ചു ട്വീറ്റ് ചെയ്തത്. അദ്‌നാന്‍ സാമിയുടെയും അനന്ത് അംബാനിയുടെയും ഈ വിജയങ്ങള്‍ അവരുടെ പണക്കൊഴുപ്പ് കൊണ്ട് മാത്രം സാധ്യമായതെന്ന് പറഞ്ഞു തള്ളിക്കളയരുത്. ജീവിതകാലം മുഴുവന്‍ സുഖിച്ചു കഴിയാമായിരുന്നിട്ടും തടി കുറക്കാനുള്ള ഏതൊക്കെ ഊടുവഴികളുണ്ടോ അതൊക്കെ പണം കൊടുത്തു സ്വന്തമാക്കാന്‍ കഴിവുണ്ടായിരുന്നിട്ടും അവര്‍ ആ മാര്‍ഗം തേടാതെ വിയര്‍പ്പൊഴുക്കിത്തന്നെ തങ്ങളുടെ ശരീരത്തെയും ജീവിതത്തെയും വരുതിയിലാക്കിയെടുത്തു എന്നത് ചെറിയ കാര്യമായി കാണരുത്. പരസ്യങ്ങള്‍ ഏതൊരു കച്ചവടത്തിന്റെയും അനിവാര്യതയാണ്. അതെന്നും എളുപ്പ വഴികളാണ് നമുക്ക് മുന്നില്‍ നിരത്തുന്നതും. എന്നാല്‍ എല്ലാ കാര്യത്തിലും ഈ എളുപ്പ വഴികള്‍ നമ്മെ വിജയത്തിലെക്കായിരിക്കില്ല നയിക്കുന്നത്. ചില വിജയങ്ങള്‍ നമ്മള്‍ നേരായ വഴിക്ക് പൊരുതി നേടേണ്ടവ തന്നെയാണ്. പ്രത്യേകിച്ച് അത് നമ്മുടെ ആരോഗ്യത്തിനെ സംബന്ധിച്ചുള്ളതാണെങ്കില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് വിദഗ്ദരുടെ അഭിപ്രായം തേടുന്നതാണ് ഏറ്റവും ഉചിതം. ഒരു ഫ്രിഡ്‌ജോ ടിവിയോ വാങ്ങുന്നതിന് മുന്‍പ് പതിനായിരം പേരുടെ അഭിപ്രായം അന്വേഷിക്കുന്ന മലയാളി ഇത്തരം മരുന്നുകളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ആരുടേയും വാക്ക് വക വെക്കാറില്ല. അവിടെ അവന്‍ പരസ്യം മുന്നോട്ട് വയ്ക്കുന്ന പ്രലോഭനങ്ങളില്‍ മൂക്കും കുത്തി വീഴുന്നു. അവസാനം തന്റെ ആരോഗ്യം അവതാളത്തിലായി ഗുരുതര രോഗങ്ങളുമായി ശേഷിച്ച കാലം ജീവിച്ചു തീര്‍ക്കേണ്ടി വരുന്നു. പലപ്പോഴും മരണം തന്നെ സംഭവിക്കുന്നു. മരുന്നുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ പല നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമെഡീസ് ആക്ട് (1954). അത്ഭുത രോഗശാന്തി വാഗ്ദാനം ചെയ്യുന്ന മരുന്നുകള്‍ക്ക് തടിയിടാനാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. എന്നാല്‍ ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും ഒക്കെ ലേബലില്‍ ഈ നിയമത്തിന്റെ നൂലാമാലകളില്‍ ഒന്നും കുരുങ്ങാതെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ തടി കുറക്കല്‍ / കൂട്ടല്‍ മരുന്നുകള്‍ വിപണി വാഴുമ്പോള്‍ ഇനിയും ദുരന്തങ്ങള്‍ സംഭവിച്ചേക്കാം. പരസ്യങ്ങള്‍ പറയുന്നത് അപ്പാടെ വിഴുങ്ങാതെ അതിലെ നെല്ലും പതിരും തിരിച്ചറിഞ്ഞു സ്വന്തം ആരോഗ്യം വച്ച് കളിക്കാതിരിക്കാന്‍ നമ്മള്‍ പഠിക്കാത്തിടത്തോളം കാലം.
ഫേവര്‍ ഫ്രാന്‍സിസ് favourfrancis@gmail.com 9847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)