ചിക്കന്‍ ബിരിയാണി; ഈവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം

കൊച്ചി: ഭക്ഷണപ്രേമികളുടെ ഇഷ്ടഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയും ബിരിയാണി. വ്യത്യസ്ത രുചിയുമായി വിവിധ തരത്തിലുണ്ട് ബിരിയാണികള്‍. എങ്കിലും ചിക്കന്‍ ബിരിയാണിയോടാണ് പൊതുവേ ഇഷ്ടക്കൂടുതല്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ച ഭക്ഷണവും ചിക്കന്‍ ബിരിയാണെന്നാണ് ഓണ്‍ലൈന്‍ സര്‍വേ പറയുന്നത്. ഓണ്‍ലൈനിലൂടെ ഭക്ഷണം ഓര്‍ഡര്‍ സ്വീകരിച്ച് ഡെലിവറി ചെയ്യുന്ന സ്വിഗിയാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇന്റര്‍നാഷണല്‍ വിഭവങ്ങളോട് ഇന്ത്യാക്കാര്‍ക്ക് താല്‍പര്യം കൂടിവരുന്നുണ്ടെന്നും സര്‍വേ പറയുന്നു. വ്യത്യസ്തമായ രുചികള്‍ പരീക്ഷിക്കാന്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. മസാലദോശ, ബട്ടര്‍നാന്‍, തന്തൂരി റൊട്ടി, പനീര്‍ ബട്ടര്‍ മസാല എന്നിവയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് നാല് വിഭവങ്ങള്‍. പിസയെക്കുറിച്ച് സ്വിഗിയുടെ ഓണ്‍ലൈനില്‍ തിരയുന്നുണ്ടെങ്കിലും അത്ര പ്രിയം പോരാ. ബര്‍ഗര്‍, ചിക്കന്‍, കേക്ക്, മോമോസ് എന്നിവയ്ക്കും ഇഷ്ടക്കാരുണ്ട്. പ്രഭാത ഭക്ഷണത്തിനായി ഭൂരിഭാഗം ദക്ഷിണേന്ത്യക്കാരും തെരഞ്ഞെടുക്കുന്നത് മസാലദോശ, ഇഡ്ഡലി, വട എന്നിവയാണ്. ഇവയുടെ ആധിപത്യം തകര്‍ക്കാന്‍ വിദേശ വിഭവങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ചിക്കന്‍,മട്ടന്‍, വെജിറ്റബിള്‍ ബിരിയാണിയും തെരഞ്ഞെടുക്കുന്നു. സ്‌നാക്കുകളില്‍ കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് പാവ് ബജി, ഫ്രഞ്ച് ഫ്രൈസ്, സമോസ, ചിക്കന്‍ റോള്‍, ബര്‍ഗര്‍, ബേല്‍പുരി എന്നിവയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കൊത്ത, ഹൈദരാബാദ്, ചെന്നൈ, പൂനൈ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ നടത്തിയ സര്‍വേ പ്രകാരമാണ് സ്വിഗി കണക്കുകള്‍ പുറത്തുവിട്ടത്. മുംബൈക്കാരാണ് പാവ് ബജിയുടെ ആരാധകര്‍. കൂടാതെ ചിക്കന്‍ ബിരിയാണിയും മുംബൈക്കാരുടെ ഇഷ്ടവിഭവമാണ്. ഡല്‍ഹി, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ ദാല്‍ മക്കാനി, നാന്‍ എന്നിവയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡല്‍ഹി സ്വദേശികള്‍ പാസ്തയുടെ ഇഷ്ടക്കാരാണ്. ബിരിയാണി പ്രേമത്തിന്റെ കാര്യത്തില്‍ കൊല്‍ക്കൊത്തക്കാരും ഒട്ടും പിന്നിലല്ല. ചെന്നൈ നിവാസികള്‍ക്ക് പൊങ്കലിനോടും ബിരിയാണിയോടുമാണ് പ്രിയം. പുനൈക്കാര്‍ക്ക് ദാല്‍ കിച്ചടിയും ബിരിയാണിയുമാണ് ഇഷ്ടം. മെട്രോ നഗരമാണെങ്കിലും ബംഗളൂരുവിന് പ്രിയം ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)