സിബിയോടൊപ്പം നിധി തേടിയൊരു യാത്ര; ഫാന്റസിയും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്ന കാര്‍ബണ്‍

carbon movie review, carbon movie, movie review
കാര്‍ബണ്‍ ഒരു യാത്രയാണ്, ''ചാരവും വജ്രവും''വും പോലെ ഫാന്റസിയും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്നൊരു ചിത്രമാണ് വേണുവിന്റെ കാര്‍ബണ്‍. ചാരം പടര്‍ന്ന ജീവിതത്തെ വജ്രത്തിന്റെ മായിക വെളിച്ചത്തിലേക്കടുപ്പിച്ച് പിന്നെ അതിന്റെ ആലസ്യത്തില്‍ ജീവിക്കാന്‍ കൊതിക്കുന്ന പാലാക്കാരന്‍ സിബി. സങ്കല്‍പ ലോകത്തേക്കു കയറിയും ഇറങ്ങിയും പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിയും സിബിയങ്ങനെ യാത്ര പോകും ഒപ്പം പ്രേക്ഷകനെയും കൂട്ടി. ധന സമ്പാദനത്തിനായി എല്ലാ കുറുക്കുവഴികളും പരീക്ഷിക്കുന്ന, അതിനായി ഭൂമിയുടെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ആധുനിക സമൂഹത്തിലെ മനുഷ്യരുടെ ഒരു പ്രതിനിധിയാണ് കാര്‍ബണിലെ കേന്ദ്ര കഥാപാത്രമായ സിബി. ഇത്തരം ഓട്ടപ്പാച്ചിലിനിടയില്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ മറന്ന് പോകുന്ന അവനവന്റെയുള്ളില്‍ മറഞ്ഞ് കിടക്കുന്ന അമൂല്യമായ നിധിയുടെയും അത് കണ്ടെത്തുന്നതിലൂടെ നേടുന്ന ആത്മ സാക്ഷാത്കാരത്തിന്റെയും ആവിഷ്‌കാരമാണ് ഈ സിനിമ. പൂര്‍ണ്ണമായും ഒരു ഫഹദ് ഫാസില്‍ ചിത്രമാണ് കാര്‍ബണ്‍. മലയാള സിനിമയില്‍ ഇന്നുള്ളതില്‍ വച്ചേറ്റവും മികച്ച നടന്‍ താന്‍ തന്നെയാണെന്ന് സംശയലേശമന്യേ ഉറപ്പിക്കുകയാണ് ഫഹദ് സിബി എന്ന കഥാപാത്രത്തിലൂടെ. ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ശബ്ദ ക്രമീകരണത്തിലൂടെയും ആ കഥാപാത്രത്തിന് ഫഹദ് നല്കുന്ന സൂക്ഷ്മവ്യത്യാസങ്ങള്‍ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്തും വിചിത്രമാണ് സിബിയുടെ വീക്ഷണങ്ങള്‍. പച്ചമരതകവും വെള്ളിമൂങ്ങയുമൊക്കെയായി ആള്‍ക്കാരെ പറ്റിച്ച് നടക്കുന്ന സിബിക്ക് എടുത്തുപറയാന്‍ തക്കവണ്ണമുള്ളൊരു ജോലിയൊന്നുമില്ല. ഈ വക തട്ടിപ്പ് പരിപാടിയായി നടന്നിട്ടും ഒരു കരയ്‌ക്കെത്താന്‍ സിബിക്ക് സാധിക്കുന്നില്ല. ജീവിതത്തില്‍ ബംബര്‍ അടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിബിയെ വിധി കൊണ്ടെത്തിക്കുന്നത് ദൂരെ ഒരു കാട്ടിലേയ്ക്കാണ്. ചീങ്കണ്ണിപ്പാറക്കടുത്തുള്ള കൊടുംകാട്ടിലെ വലിയ എസ്റ്റേറ്റിന്റെ നടത്തിപ്പ് ചുമതല അയാള്‍ ഏറ്റെടുക്കുന്നു. അതും ഗതികേടുകൊണ്ടാണ്. വന്യമൃഗങ്ങളാല്‍ ചുറ്റപ്പെട്ട ആ കാട്ടില്‍ വലിയൊരു നിഗൂഢ രഹസ്യം ഉണ്ടെന്ന് സിബി മനസ്സിലാക്കുന്നു. കേട്ടറിവിനാല്‍ മാത്രം അറിയുന്ന കാടിനുള്ളിലെ രഹസ്യ നിധി തേടി പുറപ്പെടുന്നിടത്താണു കഥയുടെ ഗതി മാറുന്നത്. കരിങ്കാടിനിടയിലൂടെയുള്ള അയാളുടെ യാത്രയ്ക്കു അയാള്‍ ആഗ്രഹിക്കുന്ന ഉത്തരം കിട്ടുമോ എന്നതാണു കാര്‍ബണ്‍. സ്വന്തം നിലനില്‍പ്പിനായി ഏതറ്റംവരെയും പോകുന്ന പ്രകൃതമാണു സിബിയുടേത്. കാടിന്റെ ഭാവഭേദത്തെ അനുസ്മരിപ്പിക്കുന്ന അവന്റെ വികാര വിക്ഷോഭങ്ങളെ കൃത്യമായി അവതരിപ്പിച്ച് കാണിക്കുവാന്‍ സംവിധായകനു സാധിച്ചു. ഫഹദിന്റെ ആ അഭിനയം തന്നെയാണു സിനിമയുടെ പ്രധാനആകര്‍ഷണവും ബലവും. ഏറെ നാളുകള്‍ക്ക് ശേഷം സ്ഫടികം ജോര്‍ജിന്റെ മികച്ചൊരു വേറിട്ട കഥാപാത്രത്തെ ഈ സിനിമയിലൂടെ കാണാന്‍ സാധിച്ചു. ആകാംക്ഷ നിറയ്ക്കുന്ന കഥാപാത്രങ്ങളായി സൗബിനും പ്രവീണയും പ്രേക്ഷക മനസില്‍ കയറിക്കൂടും. മംമ്ത മോഹന്‍ദാസ്, മണികണ്ഠന്‍ ആചാരി, വിജയരാഘവന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍, എന്നിവരാണു മറ്റു താരങ്ങള്‍. സാങ്കേതികമായി ഒരുപാട് മുന്നില്‍ നില്‍ക്കുന്നു സിനിമ. പ്രേക്ഷകനെ ചിന്തിപ്പിച്ച് രസകരമായി മുന്നേറുന്ന ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമയുടെ വേഗം അല്‍പം കുറയുന്നുണ്ട്. അല്‍പം ഫാന്റസി കലര്‍ത്തിയ അവതരണശൈലിയാണ് വേണു ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള മുന്നറിയിപ്പ് സിനിമയിലെ അതേപാത ഇവിടെയും പിന്തുടരുന്നു. കെയു മോഹനന്റെ ക്യാമറക്കണ്ണുകളിലൂടെയുള്ള കാഴ്ചകള്‍ അതിമനോഹരമെന്നേ പറയാന്‍ കഴിയൂ. മികച്ച ദൃശ്യാനുഭവം തന്നെയാണ് സിനിമ നല്‍കുന്നത്. ഇതുവരെ മലയാള സിനിമ കാണാത്ത കാടും അതിന്റെ ഭംഗിയും കാമറക്കണ്ണുകള്‍ അത്രമേല്‍ വശ്യമായി പകര്‍ത്തിയെടുത്തു. വിശാല്‍ ഭരദ്വാജിന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ഇഴചേര്‍ന്ന് നില്‍ക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച എഡിറ്റര്‍മാരിലൊരാളായ ബീന പോളിന്റെ സംഭാവനയും എടുത്തുപറയണം. കൊടുംകാട്ടിനുള്ളില്‍ ജീവന്‍ തന്നെ പണയംവെച്ച് ഈ സിനിമ ചിത്രീകരിക്കാന്‍ തുനിഞ്ഞ അണിയറ പ്രവര്‍ത്തകര്‍കരെ അഭിനന്ദിച്ചേ മതിയാകൂ. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ മുഴുവന്‍ ആളുകളുടെയും പേരുകള്‍ ടൈറ്റില്‍ ക്രെഡിറ്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രസകരമായ കഥാതന്തു, മികച്ച ദൃശ്യഭംഗി, അഭിനയപ്രകടനം, സാങ്കേതികമികവ് ഇവയാണ് സിനിമയുടെ പ്രധാനസവിശേഷതകള്‍. കൊമേഷ്യല്‍ ചേരുവകളുടെ സ്വഭാവമല്ല കാര്‍ബണിന്റേത്. പ്രമേയത്തിനനുസരിച്ച് പതിഞ്ഞ താളത്തില്‍ നീങ്ങുന്നൊരു സിനിമയാണു കാര്‍ബണ്‍. മുന്‍വിധികള്‍ മാറ്റിവെച്ച്, പുതുമയുള്ള, നല്ലൊരു സിനിമ ആസ്വദിക്കാന്‍ ശ്രമിക്കുന്ന കാഴ്ചക്കാരനെ നിരാശപ്പെടുത്തില്ല ചിത്രം. അല്‍പം ഫാന്റസിയില്ലെങ്കില്‍ എന്ത് ജീവിതം എന്ന സിബിയുടെ ചിന്ത പ്രേക്ഷകരിലേക്കു കൂടി കടന്നുകൂടും. ആ ചിന്തയുടെ രസച്ചരട് മനസ്സിനോടു ഇനിയൊരിക്കലും പൊട്ടിപ്പോകാത്ത പോലെ ബന്ധിക്കപ്പെടും. കഥകളിലൂടെ മാത്രം അറിഞ്ഞ, ഭ്രമിപ്പിക്കുന്ന ഭംഗിയുള്ളൊരു കാടും, ആ കാടിന്റെ സിരകളിലൂടെയുള്ള സിബിയുടെ യാത്രയുടെ അവസാനവും പ്രേക്ഷകനെ പിടിച്ചിരുത്തുമെന്ന് തീര്‍ച്ച.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)