കൊച്ചി: ഇന്ത്യയിലെ നഗരങ്ങളിൽ ചെറിയ കാലയളവിൽ വലിയതോതിൽ ലാഭം കൊയ്യാൻ സാധിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ വലിയ വിജയമാണ്. ഈ ലാഭക്കണക്കുകളിൽ കണ്ണുനട്ട് ഓൺലൈൻ ഭക്ഷണവിതരണ രംഗത്തേക്ക് ഇറങ്ങുകയാണ് കോർപ്പറേറ്റ് വമ്പന്മാരായ ആമസോണും. ആദ്യ പരീക്ഷണം ഇന്ത്യയിലായിരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചനകൾ. പുതിയ കമ്പനി ഈ വർഷം തന്നെ തുടങ്ങാനാണ് ആമസോണിന്റെ പദ്ധതി.
പുതിയ തുടങ്ങുക എന്ന പദ്ധതിക്കൊപ്പം തന്നെ മികച്ച വിപണിവിഹിതമുളള യൂബർ ഈറ്റ്സിനെ ഏറ്റെടുത്താലോ എന്ന ആലോചനയും ആമസോണിനുണ്ടായിരുന്നു. എന്നാൽ പുറത്തുവന്ന വാർത്തകൾ ചർച്ചയായതോടെ ഇരുകമ്പനികളും നിഷേധ കുറിപ്പുമായി രംഗത്തെത്തി. ഇതോടെ ഈ നീക്കത്തിന് നിലവിൽ സാധ്യതകൾ കുറവാണ്.
നിലവിൽ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുമായി ചേർന്നുളള പുതിയ സംരഭത്തിനാണ് ആമസോണിന്റെ ശ്രമമെന്നാണ് വിവരം. സെപ്റ്റംബറോടെ ഇന്ത്യയിലെ നഗരമേഖലകളിൽ ഭക്ഷണപൊതികൾ ആമസോൺ എത്തിച്ചേക്കും. മധ്യവർഗത്തിന്റെ വളർച്ചയാണ് ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണവിതരണരംഗത്തെ മുന്നേറ്റത്തിന് കാരണമെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2018ൽമാത്രം 176ശതമാനം വളർച്ചയാണ് വിപണിയിൽ ഉണ്ടായത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുളളിൽ സൊമാറ്റോ,സ്വഗ്ഗി അടക്കുമുളള ബ്രാന്റുകൾ വന്നതിനൊപ്പം തൊഴിൽ സാധ്യതയുളള മേഖലയും ആയി ഭക്ഷണവിതരണ രംഗം മാറി.
അതേസമയം, മത്സരം കടുക്കുന്നതോടെ പുതിയ ഓഫറുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കൾ പങ്കുവെയ്ക്കുന്നത്.