ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍ നില്ക്കവേ കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു, എന്നാല്‍ വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.