ബജറ്റിന് പിന്നാലെ ഉയര്‍ന്നു; മണിക്കൂറുകള്‍ക്കകം ഇടിഞ്ഞു; ചാഞ്ചാടി സ്വര്‍ണ്ണവില

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നേട്ടമുണ്ടാക്കിയും ഇടിഞ്ഞും സ്വര്‍ണ്ണവില. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ്ണവിലയില്‍ ഉടനടി പ്രതിഫലനങ്ങളുണ്ടായി. ഇന്നലെ രാവിലെ 25,200 രൂപയില്‍ നടന്ന സ്വര്‍ണ്ണ വ്യാപാരം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുകയറി. സ്വര്‍ണ്ണത്തിന് ഉച്ചയോടെ നിരക്ക് 25,680 രൂപയായി ഉയര്‍ന്നു.

എന്നാല്‍, ഇന്ന് സ്വര്‍ണ്ണവിലയില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,399.15 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ സ്വര്‍ണ്ണത്തിന്റെ തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുവ 12.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. അതേസമയം, പുതിയ സാഹചര്യത്തോടെ കള്ളക്കടത്ത് വര്‍ധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ആശങ്ക.

Exit mobile version