മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരന് അനില്‍ അംബാനി പാപ്പര്‍ നടപടികളുമായി മുന്നോട്ട് പോകുന്നെന്ന് സൂചന. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പണമില്ലെന്ന് കാണിച്ച് പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങിയിരിക്കുകയാണ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്മാന് അനില്‍ അംബാനി വ്യക്തമാക്കുന്നത്.
2017 ജൂണ്‍ രണ്ടിനാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടര്‍ന്ന് പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണ്ണമായും പിന്മാറാനും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു.
18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കമ്പനി പാപ്പര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയാണെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കുന്നത്. കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനിയുടെ മൊബൈല്‍ ബിസിനസ്, സ്പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവ മുകേഷ് അംബാനിയുടെ ജിയോ ഏറ്റെടുത്തിരുന്നു.
45,000 കോടി രൂപയുടെ കടബാധ്യതയുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് രക്ഷപ്പെടാനുള്ള അവസാന അവസരം കൂടിയായിരുന്നു ഇത്. റിലയന്‍സിന്റെ ഡിടിഎച്ച് ബിസിനസായ ബിഗ് ടിവി കടബാധ്യത കാരണം 2017ല്‍ പൂട്ടിയിരുന്നു.
Discussion about this post