നികുതി വരുമാനം കുറഞ്ഞത് ജിഎസ്ടിയിലെ അപാകത മൂലമെന്ന് ഗീത ഗോപിനാഥ്

ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധി ഐഎംഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാനമേഖലയാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു

പരോക്ഷനികുതി വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായത് ജി എസ് ടി നടപ്പാക്കിയതിലെ അപാകതകള്‍ വ്യക്തമാക്കുന്നതായി ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധി ഐഎംഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാനമേഖലയാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം കാര്‍ഷകകടം എഴുതിത്തള്ളല്‍ പ്രശ്നപരിഹാരമല്ലെന്നും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുകയാണ് വേണ്ടതെന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ സബ് സിഡികള്‍ അനിവാര്യമല്ലെന്നും അവര്‍ പറഞ്ഞു.

സബ്സിഡിക്ക് പകരം കര്‍ഷകര്‍ക്ക് പണം നല്‍കുക എന്ന തീരുമാനമാണ് മോദി സര്‍ക്കാരിന്റേത്. എന്നാല്‍ സബ്സിഡിക്ക് പകരം പണം നല്‍കുന്നത് സര്‍ക്കാരിന് വര്‍ഷം തോറും 70,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019ല്‍ 7.5 ശതമാനം സാമ്പത്തികവളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഇത് ലോകത്തെ ഏറ്റവും വേഗതയില്‍ വളര്‍ച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ എന്നാണ് വ്യക്തമാക്കുന്നത് – ഗീത ഗോപിനാഥ് പറഞ്ഞു.

Exit mobile version