രാജ്യത്തെ കൈത്തറി തൊഴിലാളികള്‍ക്ക് കൈത്താങ്ങായി മൈക്രോസോഫ്റ്റ്; നെയ്ത്തുകാര്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

മൈക്രോസോഫ്റ്റിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത നെയ്ത്തുകാരെ പുതിയ വിപണി സാധ്യതകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍

ചെന്നൈ: രാജ്യത്തെ കൈത്തറി തൊഴിലാളികള്‍ക്ക് കൈത്താങ്ങായി മൈക്രോസോഫ്റ്റ് എത്തുന്നു. കമ്പനിയുടെ സാമൂഹിക പ്രതിബന്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ നെയ്ത്തുകാര്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ റീവീവ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്.

പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നാല്‍ നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയും. മൈക്രോസോഫ്റ്റിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത നെയ്ത്തുകാരെ പുതിയ വിപണി സാധ്യതകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായി ചേര്‍ന്ന് കംപ്യൂട്ടര്‍ സഹായത്തോടെയുളള ഡിസൈനിലും കൈത്തറിക്ക് നിറം നല്‍കുന്നതിലും നെയ്ത്തുകാര്‍ക്ക് സഹായം നല്‍കാനായി ഒരു പരിശീലന പദ്ധതിക്കും മൈക്രോസോഫ്റ്റ് രൂപം നല്‍കിയിട്ടുണ്ട്.

Exit mobile version