ഹോട്ടലുകളിലുൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ കയറിയാൽ ഗൂഗിൾ പേ ഇല്ലേ എന്ന ചോദ്യം ചോദിക്കാത്തവർ വിരളമായിരിക്കും. ഇടയ്‌ക്കൊക്കെ ഈ ഡിജിറ്റൽ പണമിടപാട് പണി തരാറുണ്ടെങ്കിലും പണം കൈയ്യിൽ സൂക്ഷിക്കേണ്ടെന്ന മെച്ചം ആലോചിച്ച് ഗൂഗിൾ പേ ഉപയോഗം തുടരുകയാണ് പലരും.
ഗൂഗിൾ പേ സുരക്ഷിതമാണോ എന്ന ചോദ്യവും ഉപഭോക്താക്കൾ ഇടയ്ക്കിടെ ചോദിക്കാറുണ്ടെങ്കിലും പണമിടപാടിന് ആശ്രയിക്കുന്നത് ഈ ആപ്പിനെ തന്നെയാണ്. ഇപ്പോഴിതാ ഗൂഗിൾ പേയുടെ പ്രവർത്തനം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിർത്താൻ പോവുകയാണ് ഗൂഗിൾ.
എന്നുകരുതി പേടിക്കേണ്ട ഈ തീരുമാനം ഉടനെ ഇന്ത്യയിലെത്തില്ല എന്നാണ് വിവരം. ഇന്ത്യയിൽ നിരവധി പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ലെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് ആപ്പ് അമേരിക്കയിൽ നിന്നും പിൻവലിക്കുന്നത്. ഇവിടങ്ങളിൽ ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ നിർദേശം.
അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപഭോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വരുന്ന ജൂൺ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ ഇപ്പോഴുള്ള അതേ രീതിയിൽ തന്നെ സേവനം തുടരുക തന്നെ ചെയ്യും.