ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്; 1157 കോടി രൂപ സമാഹരിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്ന് ഇഡി

കൊച്ചി: കേരളത്തിൽ ക്രിപ്‌റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറപറ്റി ഹൈറിച്ച് സ്ഥാപന ഉടമകൾ നടത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പ്. ഹൈറിച്ച് ഉടമകൾ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങളിൽ നിന്ന് 1157 കോടി രൂപ സമാഹരിച്ച ഉടമകളായ ശ്രീനയും പ്രതാപനും ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 500ശതമാനം വരെ വാർഷിക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഹൈറിച്ച് ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയത്.

ഈ മാസം 23,24 തീയതികളിൽ നടന്ന റെയ്ഡിലാണ് ഈ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് സ്മാർടക് പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ടർമാർ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ നടത്തിയ റെയ്ഡിലാണ് വിവരങ്ങൾ കണ്ടെത്തിയത്. ഇതുവരെ പൊതുജനങ്ങളെ പറഞ്ഞ് പറ്റിച്ച് 1157.32 കോടി രൂപയാണ് ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും സമാഹരിച്ചത്.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി മൾട്ടിലെവൽ മാർക്കറ്റിങ് സ്‌കീമിന്റെ പേരിലുള്ള മെമ്പർഷിപ്പ് ഫീസ് എന്ന പേരിലായിരുന്നു ധനസമാഹരണം. അക്കൗണ്ട് രേഖകളിൽ ഇത് രേഖപ്പെടുത്തിയത് പലചരക്ക് വാങ്ങുന്നതിനുള്ള അഡ്വാൻസ് എന്ന നിലയിൽ. 1157 കോടിയിൽ 1138 കോടി രൂപ എച്ച്ആർ കോയിൻ എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്.

സമാഹരിച്ച തുകയുടെ ഒരു വിഹിതം അംഗങ്ങൾക്ക് കമ്മി
>ഷൻ നൽകാനായി വിനിയോഗിച്ചിരുന്നു. ബാക്കി തുക മറ്റ് പല ഇടപാടുകളിലേക്ക് വകമാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലായിരുന്നു ക്രിപ്‌റ്റോ കറൻസി ഇടപാട്. 2022 23 സാമ്പത്തിക വർഷം ക്രിപ്‌റ്റോ കറൻസിക്കായി സമാഹരിച്ചത് 20കോടി രൂപയാണ്.

ALSO READ- അങ്കമാലിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് പിടിയില്‍

2023-24 സാമ്പത്തിക വർഷം 8 ലക്ഷവും സമാഹരിച്ചു. ക്രിപ്‌റ്റോ ഇടപാടിലെ നിക്ഷേപകർക്ക് 15ശതമാനം പലിശയായിരുന്നു വാഗ്ദാനം. നിക്ഷേപകർക്ക് നൽകിയ ടോക്കൺ ഉപയോഗിച്ച് മണി എക്‌സ്‌ചേഞ്ചുകളിൽ ട്രേഡിങ് നടത്താമെന്നും പറഞ്ഞു കബളിപ്പിക്കൽ നടത്തി.


ഇതുവരെ ഒരു എക്‌സ്‌ചേഞ്ചിലും എച്ച് ആർ ക്രിപ്‌റ്റോ ഉപയോഗിച്ച് ട്രേഡിങ് നടന്നിട്ടില്ലെന്ന് ഇഡി വിശദീകരിച്ചു. കോടികളാണ് പ്രതാപൻ ശ്രീനാ ദമ്പതികളുടെയും കമ്പനികളുടെയും പേരിലുള്ള അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നത്. നാല് ബാങ്കുകളിലായി ഉണ്ടായിരുന്ന 30അക്കൗണ്ടുകളിൽ 76 കോടി രൂപയും രണ്ട് ബാങ്കുകളിലായി 135 കോടിയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി ഇഡി മരവിപ്പിച്ചു. കൂടുതൽ അന്വേഷണവും ഇക്കാര്യത്തിൽ നടത്തി വരികയാണ്.

Exit mobile version