ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധിനീട്ടി. മുൻ തീരുമാനപ്രകാരമുള്ള കാലാവധി സെപ്റ്റംബർ 30ന് തീർന്നതോടെയാണ് 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിയത്.
നിലവിൽ ഒക്ടോബർ ഏഴ് വരെയാണ് തീയതി റിസർവ് ബാങ്ക് നീട്ടിയിരിക്കുന്നത്. ഒരേ സമയം പരമാവധി 10 നോട്ടുകളാണ് മാറ്റിയെടുക്കാനാവുക. 2016ൽ ബിജെപി സർക്കാർ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിന് ശേഷമാണ് 2000 രൂപ നോട്ട് ആർബിഐ പുറത്തിറക്കിയത്.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പഴയ നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കിയത്. നിലവിൽ സർക്കുലേഷനിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ അറിയിച്ചിരുന്നു. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്.
നോട്ട് പിൻവലിച്ചതിന് ശേഷം ജൂലൈയിൽ തന്നെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ അറിയിച്ചിരുന്നു. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ അറിയിച്ചിരുന്നത്.
Discussion about this post