ന്യൂഡല്‍ഹി: പെതുമേഖലാ ബാങ്കുകളായ വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കും. ഇതോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി മാറും.
ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തില്ല. ദേന, വിജയ ബാങ്കുകളിലെ ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറ്റും. ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകളെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ബാങ്കുകളെ ലയിപ്പിക്കുന്നകാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ബാങ്കുകളുടെ ലയനം സംബന്ധിച്ച തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2017 ഏപ്രില്‍ ഒന്നിന് അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു.