ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ അധികമൂലധനം സര്‍ക്കാരിലേക്കു മാറ്റുന്നതു ബാങ്കിന്റെ റേറ്റിംഗിനെ ബാധിക്കുമെന്നു മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. ഇപ്പോള്‍ ട്രിപ്പിള്‍ എ റേറ്റിംഗ് ഉണ്ട് റിസര്‍വ് ബാങ്കിന്. റേറ്റിംഗ് താണാല്‍ വായ്പ എടുക്കുമ്പോള്‍ കൂടുതല്‍ പലിശ നല്‌കേണ്ടിവരും. ഒരു ടിവി ചാനലിനു നല്കിയ ഇന്റര്‍വ്യൂവിലാണു രാജന്റെ മുന്നറിയിപ്പ്.
ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ ആണ്. ഇതു നിക്ഷേപയോഗ്യമായ റേറ്റിംഗുകളില്‍ ഏറ്റവും താണതാണ്. അതേസമയം, റിസര്‍വ് ബാങ്കിന് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉണ്ട്. ഇതു നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. താന്‍ ഗവര്‍ണറായപ്പോള്‍ രൂപയുടെ വിലയിടിവ് തടയാന്‍ വലിയ ഡോളര്‍ വായ്പ എടുക്കേണ്ടിവന്നു.
അങ്ങനെയുള്ളപ്പോഴാണു റേറ്റിംഗിന്റെ പ്രാധാന്യം. ഉയര്‍ന്ന റേറ്റിംഗ് ഉണ്ടെങ്കില്‍ പലിശനിരക്ക് കുറയും. വായ്പ എളുപ്പം ലഭിക്കുകയും ചെയ്യും. ഉയര്‍ന്ന റേറ്റിംഗിനു നല്ല ഭദ്രമായ ബാലന്‍സ് ഷീറ്റ് വേണം: രാജന്‍ വിശദീകരിച്ചു.
റിസര്‍വ് ബാങ്കിന് ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭത്തില്‍ ഒരു ചെറിയ ഭാഗമേ പിടിച്ചുവയ്ക്കുന്നുള്ളൂ. ബാക്കി മുഴുവന്‍ ഗവണ്‍മെന്റിനു നല്കുകയാണ്. പിടിച്ചുവയ്ക്കുന്നത് ആകസ്മികമായ ബാധ്യതകള്‍ കണക്കിലെടുത്താണ്. രൂപയുടെ വില കുറയുന്നതുപോലെ കൂടുകയും ചെയ്യാം. വില കുറയുന്‌പോള്‍ വിദേശ കറന്‍സി നിക്ഷേപങ്ങളില്‍ ലാഭമുണ്ടാകും. രൂപയുടെ വില കൂടുന്‌പോള്‍ ആ നിക്ഷേപത്തില്‍ നഷ്ടം വരാം. അങ്ങനെ വരുന്നതു നേരിടാനാണ് ആകസ്മികതാ നിധി.
റിസര്‍വ് ബാങ്കിന്റെ അധികമൂലധനം സര്‍ക്കാരിലേക്ക് എടുക്കാന്‍ സര്‍ക്കാര്‍ വലിയ സമ്മര്‍ദം ചെലുത്തിവരികയാണ്. ഒക്ടോബറില്‍ കൂടിയ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മൂലധനനില പഠിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. കമ്മിറ്റി ഘടന ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
റിസര്‍വ് ബാങ്കിന്റെമേലുള്ള സര്‍ക്കാരിന്റെ സമ്മര്‍ദം രാജ്യത്തെ ധനകാര്യ ഭദ്രതയ്ക്കു ഭീഷണിയാണെന്നും പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ് ആന്‍ഡ് പി) മുന്നറിയിപ്പു നല്കി.
ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയുടെ സാഹചര്യം. ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ പ്രേരിപ്പിക്കുന്നതാണെന്നും എസ് ആന്‍ഡ് പി പറഞ്ഞു. ഏതാനും വര്‍ഷമായി ധനകാര്യ മേഖലയുടെ കെട്ടുറപ്പ് വീണ്ടെടുക്കാന്‍ നടത്തിപ്പോന്ന പരിശ്രമങ്ങളെ വൃഥാവിലാക്കാനേ സര്‍ക്കാരിന്റെ നീക്കം സഹായിക്കൂ എന്നും അവര്‍ വിലയിരുത്തി.
ഈ മേഖലയിലെ മറ്റു കേന്ദ്രബാങ്കുകളേക്കാള്‍ കൂടുതല്‍ സ്വയംഭരണവും സ്വാതന്ത്ര്യവും റിസര്‍വ് ബാങ്കിനുണ്ട്. എന്നാല്‍, സര്‍ക്കാരില്‍നിന്നു നിരന്തരം സമ്മര്‍ദം തുടര്‍ന്നാല്‍ ഇതു നഷ്ടമാകും. അതു ദീര്‍ഘകാല ധനകാര്യ ഭദ്രത ഇല്ലാതാക്കും: ഏജന്‍സി അഭിപ്രായപ്പെട്ടു.
പ്രശ്‌നകടങ്ങള്‍ നിര്‍ണയിക്കുകയും അവയ്ക്കു വകയിരുത്തല്‍ നടത്തുകയും ചെയ്യാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നടപടിക്രമം കിട്ടാക്കട പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിച്ചെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.
റിസര്‍വ് ബാങ്കിന്റെ ത്വരിത തിരുത്തല്‍ നടപടി (പിസിഎ)യും ഉചിതമായെന്ന് എസ് ആന്‍ഡ് പി കരുതുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്കു കൂടുതല്‍ മൂലധനം നല്‍കേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തില്‍ റിസര്‍വ് ബാങ്കിനു വേണ്ടത്ര പങ്കാളിത്തം അനുവദിക്കാത്തതിനെ എസ് ആന്‍ഡ് പി വിമര്‍ശിച്ചു.
Discussion about this post