2016 ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. 2016 നവംബര്‍ എട്ടിനും 30-നുമിടയില്‍ റിസര്‍വ് ബാങ്ക് 2000, 500 രൂപാ നോട്ടുകള്‍ എത്രയെണ്ണം അടിച്ചിറക്കിയെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ വിവരങ്ങള്‍ നല്‍കണമെന്നും സിഐസി ആവശ്യപ്പെടുന്നു. വിവരാവകാശ നിയമപ്രകാരം ഹരീന്ദര്‍ ധിംഗ്ര എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.
എന്നാല്‍ കറന്‍സി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യത്തിന് വിരദ്ധമാണെന്ന് നേരത്ത റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ നേരത്തേ കമ്മിഷനെ അറിയിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവിടുന്നത് കള്ളനോട്ട് വ്യാപിക്കുന്നതിനും സാമ്പത്തികരംഗം താറുമാറാകാനും കാരണമാകുമെന്നായിരുന്നു വാദം. നോട്ടുക്കള്‍ അച്ചടിക്കുന്നത് രഹസ്യസ്വഭാവത്തോടെയാണ്.
നോട്ടിന്റെ പ്രത്യേകതകള്‍, അതിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, ഓരോ സ്ഥലത്തും നോട്ടുകള്‍ അച്ചടിച്ച് എത്തിക്കുന്നതിന്റെ ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയൊന്നും പരസ്യമാക്കാനാവില്ല. രാജ്യസുരക്ഷ, നയതന്ത്രം, സാമ്പത്തിക താത്പര്യം തുടങ്ങിയ കാര്യങ്ങളെ ഇത് ബാധിക്കും. വിവരാവകാശ നിയമത്തിന്റെ എട്ട് (ഒന്ന്)(എ) വകുപ്പുപ്രകാരം നോട്ടുകളെക്കുറിച്ചുള്ള വിവരം നല്‍കാനാവില്ലെന്നും നോട്ട് മുദ്രണ്‍ അറിയിച്ചു.
എന്നാല്‍ വാദം വിശദീകരിക്കാന്‍ അധികൃതര്‍ക്കായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് വിവരാവകാശ കമ്മിഷണര്‍ സുധീര്‍ ഭാര്‍ഗവ ഉത്തരവ് നല്‍കിയിരിക്കുന്നത്. ദിവസവും എത്ര നോട്ടുകള്‍ അച്ചടിക്കുന്നു എന്നതും ഇതുവെര എത്ര നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നുണ്ടെന്നും ഉള്ളത് അത്ര നിര്‍ണായക വിവരമൊന്നുമല്ലെന്നും വിലയിരുത്തിയാണ് വിവരാവാകാശ കമ്മിഷന്റെ ഉത്തരവ്.
2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പകരമായണ് 2000, 500 രൂപാ നോട്ടുകള്‍ ഇറക്കിയത്.