മുംബൈ: ടെലികോം മന്ത്രാലയം നിർദേശിച്ച തുകയ്ക്ക് 5ജി സ്‌പെക്ട്രം വാങ്ങിക്കാനാവില്ലെന്ന് എയർടെൽ കമ്പനി. 2021 ജനുവരിക്കും മാർച്ചിനും ഇടയിലാണ് 5ജി ലേലം നടക്കുക. എന്നാൽ, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുകക്ക് 5ജി സ്‌പെക്ട്രം ഞങ്ങൾക്ക് വാങ്ങാനാവില്ലെന്നും ഗ്രാമീണമേഖലയിലെ കവേറജ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ 4ജി സ്‌പെക്ട്രം വാങ്ങുമെന്നും എയർടെൽ സിഇഒ ഗോപാൽ വിത്തൽ. വ്യക്തമാക്കി.
13 ശതമാനത്തിന്റെ കുതിപ്പാണ് എയർടെല്ലിന്റെ ഓഹരികൾക്ക് ഉണ്ടായിരിക്കുന്നത്. രണ്ടാംപാദ ലാഭഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരിവില കുതിച്ചത്. 450 രൂപക്ക് മുകളിലാണ് കമ്പനി ഓഹരികളുടെ വ്യാപാരം. നഷ്ടം കുറച്ചതും റെക്കോർഡ് വരുമാനവുമാണ് എയർടെൽ ഓഹരികളുടെ കുതിപ്പിന് കാരണമായത്.
ഇതിന് പിന്നാലെ തന്നെ, സ്‌പെക്ട്രം ലേലത്തിൽ 5ജി വാങ്ങില്ലെന്ന് എയർടെൽ അറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു. കോൾ, ഡാറ്റ ചാർജുകൾ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയും എയർടെൽ സിഇഒ നൽകിയിട്ടുണ്ട്. എപ്പോഴാണ് നിരക്ക് വർധനവ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുക എന്ന് വ്യക്തമല്ല. വൈകാതെ എല്ലാ കമ്പനികൾക്കും ഈ രീതിയിൽ ചിന്തിക്കേണ്ടി വരുമെന്നും കമ്പനി സിഇഒ മുന്നറിയിപ്പ് നൽകി.
Discussion about this post