വാഷിങ്ടൺ: മഹാമാരി സാമ്പത്തികമായി എല്ലാ രാജ്യങ്ങളേയും പിന്നോട്ടടിക്കുമെന്ന പഠനത്തിന് പിന്നാലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു. അതേസമയം, അധികം നിരാശപ്പെടാനില്ലെന്നും 2021 ൽ 8.8 ശതമാനമെന്ന മികച്ച വളർച്ചാ നിരക്കിനൊപ്പം ഇന്ത്യ വൻ തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി.
2021 ൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്നാണ് ഐഎംഎഫിന്റെ കണ്ടെത്തൽ. നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ വിവരങ്ങളുളളത്.
ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള വളർച്ച ഈ വർഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ൽ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. അമേരിക്കയും ചുരുങ്ങുംഅമേരിക്കയുടെ സമ്പദ് വ്യവസ്ഥ 2020 ൽ 5.8 ശതമാനം ചുരുങ്ങുമെന്നും അടുത്ത വർഷം 3.9 ശതമാനം വളർച്ച കൈവരിക്കും. പ്രധാന സമ്പദ് വ്യവസ്ഥകളിൽ, 2020 ൽ പോസിറ്റീവ് വളർച്ചാ നിരക്ക് കാണിക്കുന്ന ഏക രാജ്യം ചൈനയാണെന്നും (1.9 ശതമാനം വളർച്ച) റിപ്പോർട്ടിൽ പറയുന്നു.
ആഗോളതാപനത്തിന്റെ ഏറ്റവും വലിയ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളവരിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം മൂലമുളള ആഘാതം 2100 ഓടെ ജിഡിപിയുടെ 60-80 ശതമാനം വരെ ആയിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള നഷ്ടത്തിന്റെ കണക്കുകൾ തണുത്ത പ്രദേശങ്ങളിൽ (ഉദാഹരണത്തിന്, യൂറോപ്പ്, വടക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ) താരതമ്യേന കുറവായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.