ന്യൂഡൽഹി: ഇന്ത്യയിൽ പബ്ജി ഗെയിംസിന് ഏർപ്പെടുത്തിയ നിരോധനം ചൈനയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നൽകിയിരിക്കുന്നു. പബ്ജി നിരോധനം വന്നതിനു ശേഷം ആദ്യ ദിവസം തന്നെ ടെൻസെന്റിന് വിപണി മൂല്യത്തിൽ 1,400 കോടി ഡോളർ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോർട്ട്. പബ്ജി നിരോധിച്ചതിന് ശേഷം ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബർ രണ്ടാം തീയതിയാണ് നിരോധിച്ചത്.
ഇന്ത്യ-ചൈന ലഡാക്ക് അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് ബാൻ ചെയ്തവയുടെ പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. എന്നാൽ നിരോധിത പട്ടികയിൽ ഏറ്റവും വാർത്ത പ്രധാന്യം നേടുന്നത് പബ് ജി തന്നെയാണ്.
ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെൻസെന്റ് ആണ് പബ്ജി മൊബൈൽ പതിപ്പുമായി രംഗത്ത് ഉണ്ടായിരുന്നത്. പബ് ജി, പബ് ജി ലൈറ്റ് എന്നീ ആപ്പുകൾക്ക് ഇന്ത്യയിൽ 50 ദശലക്ഷം സജീവ കളിക്കാർ ഉണ്ട്. 13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം.