ന്യൂഡൽഹി: കൊവിഡ് വ്യാപനം കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും ജിഎസ്ടിയിൽ സെസ് ചുമത്തേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള കടുത്ത പ്രയോഗം വേണ്ടെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. തിരിച്ചടി നേരിടുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ നിലംപൊത്താൻ ഇത് വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം.
ലോക്ക്ഡൗൺ കാരണം വാണിജ്യ, വ്യവസായ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൻതോതിൽ തൊഴിൽ നഷ്ടവുമുണ്ടാകുന്നു. വിപണിയിൽ ഉണർവുണ്ടാക്കാനും പണലഭ്യത ഉറപ്പാക്കാനും ആളുകളുടെ വാങ്ങൽശേഷി കൂട്ടാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സെസ് ചുമത്തിയാൽ ഉത്തേജന നടപടികൾ തകിടംമറിയുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. സെസ് ഏർപ്പെടുത്തിയാൽ എതിർക്കുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
കാവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജിഎസ്ടിയിൽ ദുരന്ത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. പ്രളയസമയത്ത് കേരളം രണ്ടുവർഷത്തേയ്ക്ക് ഒരു ശതമാനം സെസ് ചുമത്തിയ മാതൃകയിലായിരുന്നു പരീക്ഷണത്തിന് തീരുമാനം. എന്നാൽ അധിക ബാധ്യത ചുമത്തുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തലിൽ കേന്ദ്രം പിന്മാരിയെന്നാണ് സൂചന.
Discussion about this post