മുംബൈ: രാജ്യം കൊവിഡ് പ്രതിസന്ധിയിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ നടപടികളുമായി റിസർവ് ബാങ്ക്. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.40 ശതമാനം കുറവുവരുത്തിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തിൽനിന്ന് 3.35ശതമാനമാക്കിയും കുറച്ചു.
അതേസമയം, നിരക്ക് കുറയ്ക്കുന്നത് വിപണിയിൽ പ്രതിഫലിച്ചുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകൾക്കായി ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കാര്യമായ കുറവുന്നു. ജൂണിൽ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കിയാണ് റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ നടത്തിയത്.
ഇതോടൊപ്പം വായ്പാ തിരിച്ചടവുകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള അടച്ചിടൽ വിവിധ ഘട്ടങ്ങളിലായി മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് ഒന്നുമുതൽ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാരവ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും.
റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ:
മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി
റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തിൽനിന്ന് 3.35ശതമാനമാക്കിയും കുറച്ചു
പണലഭ്യത ഉറപ്പുവരുത്താനും നടപടി
പണപ്പെരുപ്പ നിരക്കിൽ കാര്യമായ വ്യതിയാനമില്ല
കയറ്റുമതി 30വർഷത്തെ താഴ്ന്ന നിലവാരത്തിൽ
202021ലെ വളർച്ച നെഗറ്റീവിലെത്തും
എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആർബിഐ പ്രഖ്യാപിച്ചു.
ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.