മുംബൈ: രാജ്യം കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്നതിനിടെ പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.
എംപിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആർബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പാ പലിശകൾ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതമാകും.
കോവിഡ് രോഗബാധ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അസാധാരണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റം ഉണ്ടായേക്കാമെന്നും സാമ്പത്തിക സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാമെന്നും ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകി.
Discussion about this post