റഷ്യയുമായി മത്സരിച്ച് എണ്ണവില കുറച്ച് സൗദി; നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഇടിവിൽ അസംസ്‌കൃത എണ്ണവില; കേരളത്തിലും വില ഇടിഞ്ഞു

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വൻ ഇടിവ്. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് റഷ്യയുമായി മത്സരിച്ചാണ് സൗദി എണ്ണവില കുത്തനെ കുറച്ചത്. ഇതാണ് വിപണിയിൽ വില ഇടിയാൻ കാരണമായത്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം(14.25 ഡോളർ) ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

1991 ജനുവരി 17നുശേഷം എണ്ണവിലയിൽ ഇത്രയധികം ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളർ നിലവാരത്തിലായിരുന്നു അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദക രാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരത്തിലാണിപ്പോൾ. കൊറോണ മൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം റഷ്യ തള്ളി കളയുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കേരള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളം പെട്രോൾ വിലയിൽ ഇടിവുണ്ടായി.

Exit mobile version