ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ എല്ലാം പെടും.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 14,166 കോടിയും ബാങ്കുകളിലെ നിക്ഷേപമായ 11,302 കോടിയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ 1,094 കോടിയും പോസ്റ്റ് ഓഫീസ് സേവിങ്സ് സ്‌കീമുകളില്‍ 981 കോടി രൂപയും വാങ്ങാന്‍ ആളില്ലാതെ കിടക്കുകയാണ്. വാങ്ങാന്‍ ആളില്ലാതെ കിടന്നിരുന്ന കമ്പനി ഡെപ്പോസിറ്റും ഡിവിഡന്റും മറ്റും ചേര്‍ത്ത് 2017 ജൂലായില്‍ നിക്ഷേപ ബോധവത്കരണ ഫണ്ടിലേയ്ക്കു ചേര്‍ത്ത തുക വേറെ. 1673 കോടി രൂപയാണ് ഈയിനത്തില്‍ മാറ്റിയത്.
മ്യച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തി തിരിച്ചെടുക്കാത്തതും അവയിലെതന്നെ ഡിവിഡന്റുമുള്‍പ്പടെ 800 കോടി രൂപ വേറെയും വരും. എന്നിരുന്നാലും പുതു സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ പണം കൈമാറാന്‍ ആര്‍ബിഐയും ഐആര്‍ഡിഎഐയും സെബിയും മുന്‍കയ്യെടുത്തുവരികയാണ് ഇപ്പോള്‍.