മുംബൈ: സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ആരാധകരായിരിക്കും മിക്കവാറും മധുരപ്രേമികളും. എന്നാൽ ഈയടുത്ത കാലത്തായി സോഷ്യൽമീഡിയയിൽ ഡാർക്ക് ഫാന്റസിയിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാദം വലിയതോതിൽ പ്രചരിച്ചിരുന്നു. ഒടുവിൽ ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ആരോപണം പൂർണമായും തള്ളിയ കമ്പനി ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും വ്യക്തമാക്കി.
ഉത്പന്നങ്ങളിലെ പച്ച അടയാളം സസ്യാഹാരം എന്നതിന്റെ സൂചനയാണെന്നും ഐടിസി ബിസ്‌ക്കറ്റ് കേക്ക് ഫുഡ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലി ഹാരിസ് വിശദീകരിച്ചു. ഡാർക്ക് ഫാന്റസി ബിസ്‌ക്കറ്റിന്റെ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയ ഐഎൻഎസ് 471 ഉൾപ്പെടെ എല്ലാ ചേരുവകളും 100 % വെജിറ്റേറിയനാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമാണെന്നും ഇതിനെ കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം വ്യാജപ്രചാരണം നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ ആശങ്കകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കമ്പനി നൽകുന്നു.
Discussion about this post