ബിസിനസില്‍ പ്രാഞ്ചിയേട്ടന്‍മാര്‍ ബാദ്ധ്യതയാകാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത്

apple inc, steve jobs, steve wozniak
പ്രാഞ്ചിയേട്ടന്‍മാരെ ആശ്രയിച്ചാണ് പല സ്റ്റാര്‍ട്അപ് ബിസിനസുകളും നിലനില്‍ക്കുന്നത്. മമ്മൂട്ടി അഭിനയിച്ച സിനിമ ഓര്‍മയില്ലേ. തന്റെ പേരും പെരുമയും കൂട്ടാന്‍ വളരെ ഉദാരമായി പണം ചിലവഴിക്കുന്ന സഹൃദനായ സമ്പന്നന്‍. അവരെ പുതിയ കമ്പോളത്തില്‍ വിളിക്കുന്ന പേര്‍ മാലാഖ നിക്ഷേപകര്‍ എന്നാണ്. അഥവാ Angel Investors. അവരുടെ നിക്ഷേപത്തെ ഏയ്ഞ്ജല്‍ ഇന്‍വസ്റ്റ്‌മെന്റ് എന്നും പറയുന്നു. പുറം നിക്ഷേപങ്ങളില്ലാത്തവര്‍ക്കും, വായ്പയ്ക്ക് പ്രയാസം നേരിടുകയും, വായപയെടുക്കാന്‍ ആശങ്കപ്പെടുകയും ചെയ്യുന്നവര്‍ക്കും Angel Investment അനിവാര്യമാണ്. പ്രത്യേകിച്ചും ഉയര്‍ന്ന വരുമാനവും സേവിംഗ്‌സുമുള്ള വിദേശികള്‍, നല്ല റിട്ടേണ്‍സ് ലഭിക്കുന്ന ബിസിനസുകാര്‍, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പുതിയ വിപണിയുടെയും സാമ്പത്തിക മേഖലകളുടെയും ചലനങ്ങളറിയാനും അതിന്റെ ഭാഗമാകാനും ഇപ്രകാരം മുതല്‍മുടക്കാറുണ്ട്. ഉദാരമായ സഹായം, പ്രണയം, ഭാവിയുലെ ബിസിനസ് സാദ്ധ്യതയോക്കുറിച്ചുള്ള സന്ദേഹം, തുടങ്ങി സാഹസികതയോടും റിസ്‌കിനോടുമുള്ള ഇഷ്ടം എന്നിങ്ങനെ പലതരം പ്രേരണകളാണ് മാലാഖ നിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളത്. അമേരിക്കയിലെ നാടകകലയുടെ ഹബ്ബായ ബ്രോഡ്വേ തീയറ്ററില്‍ നാടകങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കുന്നവരെ 'മാലാഖമാര്‍' എന്നാണ് വിളിച്ചിരുന്നത്. ചിത്രകലയെയും മറ്റും പ്രോത്സാഹിപ്പിച്ചിരുന്നവരെ രക്ഷാധികാരികള്‍ (patrons) എന്ന് വിളിച്ചതു പോലെ. 1980കളില്‍ അമേരിക്കയില്‍ മുളച്ചു പൊങ്ങിയ പല വ്യവസായങ്ങള്‍ക്കും പണമിറക്കിയവരെ മാലാഖമാര്‍ എന്ന് വിളിക്കപ്പെട്ടു. സ്റ്റീവ് ജോബ്‌സും, വോസ്‌നികും ചേര്‍ന്ന് വികസിപ്പിച്ച ആപ്പിള്‍ രണ്ട് പേഴ്‌സണല്‍ കംപ്യൂട്ടറിന് പണമിറക്കിയ മൈക് മറക്കുളയെ മറന്ന് കളയരുത്. തലമുടി ചീകാത്ത മോശം വസ്ത്രധാരിയായ സ്റ്റീവ് ജോബ്‌സും കൂടെയുള്ള ഒരു കുറുക്കനും കണ്ടെത്തിയ ഉപകരണത്തിന് നിക്ഷേപമിറക്കാന്‍ പലരും വിമുഖത കാണിച്ചു. സാങ്കേതികവിദ്യാ ബിസിനസ് രംഗത്ത് പണമിറക്കി വിജയിച്ച പ്രഗത്ഭരായ റെജിസ് മക്കന്ന, ഡോണ്‍ വാലന്റെയിന്‍ എന്നിവരാണ് അവരെ ഒന്ന് ഒഴിവാക്കാനായി മറക്കുളയുടെ അടുക്കലേക്ക് പറഞ്ഞയക്കുന്നത്. ചെരുപ്പിടാത്ത, തല ചീകാത്ത സ്റ്റീവിനെയല്ല, അയാളുടെ എനര്‍ജിയും ആത്മവിശ്വാസവുമാണ് മറക്കുളയെ ആകര്‍ഷിച്ചത്. ഒരു പുതിയ സാങ്കേതിക ഉപകരണത്തെ, സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍ക്കിടിയില്‍ അഗ്രഗണ്യരാക്കി ഉയര്‍ത്തുന്നതിന് പിന്നില്‍ മറക്കുള ഇറക്കിയ പണം മാത്രമല്ല ഉള്ളത്. ഒരു ബിസിനസ് സംരംഭമായി ആപ്പിളിനെ പരിവര്‍ത്തിപ്പിച്ച ദിശോബോധവും, ബിസിനസ് സംഘാടനവും, കൂടുതല്‍ നിക്ഷേപങ്ങളും മറക്കുളയുടെ സംഭാവനയായിരുന്നു. ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഒരു കാലത്ത് ഇങ്ങനെ പറയും 'അവന്‍ തേരാപ്പാര നടന്ന കാലത്ത്, ഞാനാ അവന് കാശു കൊടുത്തത്. എന്നിട്ടത് നശിപ്പിച്ചു. അവനൊന്നും ഒരു ഗുണോം ഒരു കാലത്തും ഉണ്ടാവൂല.' വളരെ റിസ്‌കേറിയ ബിസിനസ് നവപ്രവര്‍ത്തനങ്ങളുടെ കാലത്ത് ഇത്തരം വര്‍ത്തമാനങ്ങള്‍ സര്‍വസാധാരണമാണ്. ഒരു പക്ഷെ കുറഞ്ഞ ഒരു നിക്ഷേപത്തിന്റെ പുറത്തും ആത്മവീര്യം കെടുത്തുന്ന ഇത്തരം നെടുങ്കന്‍ പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കാന്‍ പുതിയ സംരംഭകര്‍ ശ്രദ്ധിക്കേണ്ടത് ഒന്നാമതായി ഒരു കാര്യമാണ്. പണം മാത്രം നല്‍കുന്നവരെ നിക്ഷേപകര്‍ ആക്കാതിരിക്കുക. മറക്കുളയെപ്പോലെ ബിസിനസ് സംഘാടനത്തിന്റെ ടെക്‌നികുകള്‍ അറിയാവുന്നവരോ, ദിശാബോധമുള്ളവരോ ആയിരിക്കണം അവര്‍. നമ്മുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുകയും, റിസ്‌കിനെ ഇഷ്ടപ്പെടുകയും, നമ്മുടെ ഭാവിയെക്കുറിച്ച് അന്തര്‍ജ്ഞാനമുള്ളവരുമായിരിക്കണം അവര്‍. അല്ലാത്തവര്‍ പണം തരുമായിരിക്കും. പണം വേണം എന്നതല്ല പ്രാമുഖ്യം, ബിസിനസ് വളര്‍ച്ചയുടെ നിക്ഷേപമാണ് വേണ്ടത്. അതില്ലാത്ത പണം ബാദ്ധ്യതയാണ്. Article by Shahir Esmail

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)