വിവാഹമോചന വാര്‍ത്ത നല്‍കി; മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രിയങ്ക ചോപ്ര

യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാസികയാണ് നിക് ജൊനാസും പ്രിയങ്കയും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്

താന്‍ വിവാഹ മോചിതയാകാന്‍ പോകുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാസികയാണ് നിക് ജൊനാസും പ്രിയങ്കയും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇതിനെതിരെയാണ് താരദമ്പതികള്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

താര സുന്ദരി പ്രിയങ്കയുടെ പെരുമാറ്റത്തോടും ജീവിതരീതികളോടും നിക്കിന്റെ കുടുബത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും പല കാര്യങ്ങളിലും പ്രിയങ്കയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണെന്നും മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇരുവരും വളരെ പെട്ടെന്നാണ് പ്രണയത്തിലായതെന്നും പരസ്പരം മനസിലാക്കുന്നതിന് മുന്‍പ് തിരക്കിട്ട് വിവാഹവും നടത്തി. ഇതിനുള്ള വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നതെന്നും പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രിയങ്കയോ നിക്കോ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും നിക്കിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. പിന്നാലെയാണ് ദമ്പതികള്‍ മാസിക്കയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

ഇരുവരും ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരെയും കുറിച്ച് പല കഥകളുമെത്തുന്നുണ്ട്. ഇത് വളരെ മോശമാണ്. ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്ത ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകളെ പറ്റിക്കാനുള്ളതാണെങ്കില്‍ അത് ശരിക്കും ക്രൂരമായിപ്പോയെന്നും ഇവര്‍ പ്രതികരിച്ചിട്ടുണ്ട്.

അതേ സമയം വിവാഹമോചന വാര്‍ത്തകള്‍ തള്ളി പ്രിയങ്കയുടെ പ്രതിനിധിയും രംഗത്തെത്തിയിട്ടുണ്ട്. മോശമായ തരത്തില്‍ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പ്രതികരിക്കണമെന്ന് പ്രിയങ്ക കരുതിയാല്‍ പിന്നെ ആര്‍ക്കും അവരെ തടയാനാവില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. പ്രിയങ്ക അഭിഭാഷകര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയാല്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരിക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.

Exit mobile version