ബോളിവുഡില്‍ മീടൂ ആരോപണങ്ങള്‍ക്ക് തുടക്കമിട്ട തനുശ്രീ ദത്തയ്ക്കെതിരേ രാഖി സാവന്ത് പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. ഇതിനു പുറമെ ലെസ്ബിയനായ തനുശ്രീ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നായിരുന്നു രാഖിയുടെ പ്രധാന ആരോപണം.നാനാ പടേക്കറിനെതിരേ തനുശ്രീ ഉന്നയിച്ച മീടൂ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഖി ആരോപിച്ചിരുന്നു.
ഇപ്പോള്‍ രാഖി സാവന്തിന്റെ വാര്‍ത്താസമ്മേളനത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. രാഖിയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്നും ആകെ ഒരേയൊരു തവണയേ അവരുമായി നേരില്‍ സംസാരിച്ചിട്ടുള്ളുവെന്നും തനുശ്രീ ദത്ത. രാഖി സാവന്ത് തന്നെ സമീപിച്ചത് മതപരിവര്‍ത്തനം എന്ന ഉദ്ദേശത്തോടെയാണെന്നും താരം പറഞ്ഞു.
രാഖി സാവന്തിനെപ്പോലെ വിദ്യാഭ്യാസമോ വ്യക്തിത്വമോ ഇല്ലാത്ത ഒരാള്‍ എന്റെ മേല്‍ സൗഹൃദം ആരോപിക്കുന്നത് തന്നെ വെറുപ്പുളവാക്കുന്നു. 2009ല്‍ ഒരു വിമാനത്താവളത്തില്‍ വെച്ച് മാത്രമാണ് അവരോട് താന്‍ നേരിട്ട് സംസാരിച്ചിട്ടുള്ളത്. പിന്നീട് അവര്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിവാക്കാനാണ് ഞാന്‍ നോക്കിയത്. എന്നാലും അവര്‍ ഞാനുമായുള്ള ആശയവിനിമയം തുടര്‍ന്നു. എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം.
യേശുവില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഹിന്ദുമതത്തിലെ വിഗ്രഹപൂജ സാത്താന് സേവയാണെന്നായിരുന്നു രാഖിയുടെ അഭിപ്രായം. ഇത്രയും ആയപ്പോഴേക്കും ഞാന്‍ അവരുമായി കൃത്യമായി അകലം പാലിച്ചുതുടങ്ങി. രാഖിയെപ്പോലെ ഒരാളുടെ ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ട് ക്രിസ്ത്യന്‍ മതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നിയില്ലെന്നും അതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്തുവിനെ മനസിലാക്കാനും സ്നേഹിക്കാനും തുടങ്ങിയതെന്നും തനുശ്രീ ദത്ത പറയുന്നു. രാഖി സാവന്ത് ഇപ്പോള്‍ തനിക്കെതിരേ നടത്തുന്ന ചെളിവാരിയെറിയലിന് കാരണം അന്നത്തെ മതപരിവര്‍ത്തന ശ്രമം പരാജയപ്പെട്ടതിനാലാണെന്നും.
താന്‍ മുന്‍പ് തല മുണ്ഡനം ചെയ്തത് ലെസ്ബിയന്‍ ആയതുകൊണ്ടും ഉള്ളാലെ പുരുഷന് ആയതുകൊണ്ടാ ണെന്നായിരുന്നു രാഖിയുടെ വാദം. ഹിന്ദു, ബുദ്ധമത സംസ്കാരങ്ങളില്‍ ആത്മീയ താല്പര്യങ്ങളോടെ ‘ദീക്ഷ’ സ്വീകരിക്കുമ്പോള്‍ തല മുണ്ഡനം ചെയ്യാറുണ്ട്. ഇതിനെയാണ് ഹോമോസെക്ഷ്വാലിറ്റി കൊണ്ടാണ് മുടി കളഞ്ഞതെന്ന് രാഖി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ തലച്ചോറിനും പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്ന, രാഖിയോടുള്ള ചോദ്യത്തോടെയാണ് തനുശ്രീ ദത്ത തന്റെ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post