ബോളിവുഡിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളാണ് വിദ്യാ ബാലന്‍. ശരീരസൗന്ദര്യത്തിലല്ല, അഭിനയമമികവാണ് വേണ്ടതെന്ന് തെളിയിച്ച് താരം ബോളിവുഡിലെ നിറസാന്നധ്യമായിട്ട് പതിനാല് വര്‍ഷം പൂര്‍ത്തിയായി. ഇതിനിടയില്‍ അമിതവണ്ണം മൂലം നിരവധി തവണ പരസ്യമായി ബോഡി ഷെയിമിങ്ങും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ അമിതവണ്ണത്തെ വിമര്‍ശിക്കുന്നവരോട് വിദ്യ പറയുന്നതിങ്ങനെയാണ്;
തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍ എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? വിദ്യ ചോദിക്കുന്നു.
കുട്ടിക്കാലത്ത് ഹോര്‍മോണ്‍ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഒരു പക്ഷേ ശരീരത്തെക്കുറിച്ച് എനിക്കുണ്ടായ മുന്‍വിധികളെ തുടര്‍ന്നാകാം.
ചിലരെന്നോട് ചോദിച്ചിക്കാറുണ്ട്, നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ല എന്ന്. അതുകേട്ട് ഞാന്‍ പട്ടിണി കിടക്കും. ഭാരം കുറയ്ക്കാന്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യും. അപ്പോള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് അല്‍പ്പം ശമനം ലഭിക്കും എന്നാല്‍ വൈകാതെ രോഗം വീണ്ടും കൂടും. മെലിയുന്ന അവസരത്തില്‍ പോലും തടി കൂടുന്നതായി എനിക്ക് തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയും ഇരുന്നു.
ഏതാനും വര്‍ഷം വരെ ഷൂട്ടിങ് സമയത്ത് മോണിറ്ററില്‍ എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ അതില്‍ നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തില്‍ നോക്കി പോയാല്‍ തടി കൂടിയതായി എനിക്ക് തോന്നും. എന്നെ കാണുമ്പോള്‍ എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലര്‍ ചോദിക്കും. അവരെ ഇംഗ്ലീഷില്‍ ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നത്.
വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്‌നം മൂലമാണ് എനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? വര്‍ക്കൗട്ടുകള്‍ എത്രത്തോളും ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാന്‍ കഴിയാതെ വരുന്ന സമയങ്ങള്‍ ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുത് എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത് വിദ്യ പറയുന്നു.