ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി ജീവ; ബോളിവുഡ് അരങ്ങേറ്റം രണ്‍വീറിനൊപ്പം

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന '83'യില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി തമിഴ് താരം ജീവ. ബോളിവുഡ് ചിത്രം 83യിലൂടെയാണ് ഭാഗമായി ജീവയുടെ അരങ്ങേറ്റം. ഇന്ത്യ ആദ്യമായി ലോകകപ്പ് കരസ്ഥമാക്കിയ 1983യിലെ സുവര്‍ണ നിമിഷങ്ങള്‍ ആണ് ’83’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്‍.

പ്രശസ്ത ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ റോളിലാണ് ജീവ ചിത്രത്തിലെത്തുന്നത്. ചിത്രത്തിനായി ജീവ ഏഴ് കിലോയോളം ഭാരം കുറയ്ക്കുകയും ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റര്‍ ശ്രീകാന്തിന്റെ പഴയകാല വീഡിയോകള്‍ കണ്ട് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി അനുകരിക്കാനുള്ള ശ്രമത്തിലാണ് ജീവ.

കൃഷ്ണമാചാരി ശ്രീകാന്ത് തമിഴ്‌നാട്ടുക്കാരനായത് കൊണ്ടാണ് തമിഴില്‍ നിന്നുള്ള താരത്തെ തന്നെ തെരഞ്ഞെടുത്തത്. അതേ സമയം താന്‍ ജീവയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ ‘കോ’ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും, ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവയെ പോലെ മറ്റൊരു താരമില്ലെന്നും 83യുടെ നിര്‍മ്മാതാവ് മധു മന്തേന പറഞ്ഞു.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ’83’യില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്.

Exit mobile version