മുംബൈ: താരപ്രഭയിൽ മുങ്ങി നിൽക്കവെ സ്വയം എരിഞ്ഞടങ്ങിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ഓർമ്മകൾക്ക് ഒരു വയസ്. 2020 ജൂൺ 14 നായിരുന്നു താരത്തെ മുബൈയിലെ ഫഌറ്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമാപ്രേമികളെയും ബോളിവുഡിനെയും ഒന്നടങ്കം ഞെട്ടിച്ചാണ് സുശാന്തിന്റെ മരണവാർത്ത പുറത്തെത്തിയത്. മരണം ആത്മഹത്യ തന്നെയെന്ന് ലോക്കൽ പോലീസും പിന്നീട് എയിംസിലെ ഡോക്ടർമാരും വിധിയെഴുതിയിട്ടും ഇനിയും വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകരും പറയുന്നു.
സുശാന്ത് എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാമാണ് വിവരങ്ങൾ. മുംബൈ പോലീസും സുശാന്തിന്റെ ജന്മനാട്ടിലെ ബിഹാർ പോലീസും ഒടുവിൽ സിബിഐ വരെ അന്വേഷിച്ചിട്ടും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബോളിവുഡിലെ പല പ്രമുഖരുടേയും പേരുകൾ സുശാന്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയിൽ ഉയർന്നുകേട്ടു. കരൺജോഹർ ഉൾപ്പടെ പല വമ്പന്മാരുടെയും സിനിമകളിൽ നിന്ന് ഒഴിവാക്കിയതും തുടർച്ചയായി സിനിമകൾക്കേറ്റ പരാജയവും കോവിഡും തുടർന്നു വന്ന ലോക്ഡൗണിലെ ഒറ്റപ്പെടലും എല്ലാം താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. ബോളിവുഡിലെ സ്വജനപക്ഷപാതവും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. താരകുടുംബങ്ങളിലെ പുതുതലമുറയിലെ താരങ്ങളെ ബോയ്‌ക്കോട്ട് ചെയ്യുന്നതിലേക്കു വരെ സുശാന്തിന്റെ ആത്മഹത്യയെ തുടർന്നുള്ള സംഭവങ്ങൾ നയിച്ചു.
ഇതിനിടെ, സുശാന്തിന്റെ കാമുകിയായ റിയ ചക്രബർത്തിയുടെ നേരെയും സംശയങ്ങൾ ഉയർന്നു. റിയയേയും സഹോദരനേയും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു. ഒരു മാസത്തിന് ശേഷം റിയ ജയിൽ മോചിതയായി. എങ്കിലും സുശാന്തിന്റെ മരണകാരണം മാത്രം ഇന്നും അജ്ഞാതമാണ്.
മരണമടയുന്നതിന് തൊട്ടുമുമ്പ് ഇന്റർനെറ്റിൽ തിരഞ്ഞത് മാനസിക പ്രശ്‌നങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. മരണത്തിനും ഏതാനും ദിവസംമുമ്പ് ആത്മഹത്യ ചെയ്ത തന്റെ മുൻ മാനേജർ ദിഷ സാലിയാനെക്കുറിച്ചുള്ള വിവരങ്ങളും തിരഞ്ഞിരുന്നു. ദിഷയുടെ മരണത്തെ താനുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് അനുമാനം.
മരണത്തിന് കുറച്ചുമുമ്പ് ‘ പെയിൻലെസ് ഡെത്ത്’ എന്ന വാക്ക് അദ്ദേഹം ഗൂഗിളിൽ തിരഞ്ഞിരുന്നു. സ്‌കീസോഫ്രീനിയ, ബൈപോളാർ ഡിസീസ് എന്നീ മനോരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തന്റെ പേരിൽ ഇന്റർനെറ്റിലുള്ള വാർത്തകൾ നോക്കിയിരുന്നു. 2020 സെപ്റ്റംബർ 29ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോൾ കേസിൽ വീണ്ടും ഒരു അറസ്റ്റ് നടന്നു. മയക്ക് മരുന്ന് കേസിൽ താരത്തിന്റെ സുഹൃത്തും ഫ്‌ളാറ്റിലെ താമസക്കാരനുമായ സിദ്ധാർത്ഥ് പിത്താനി അറസ്റ്റിലായി. സുശാന്തിന്റെ മരണം നടന്ന ദിവസം താരത്തിനൊപ്പം വീട്ടിലുണ്ടായിരുന്ന നാല് പേരിൽ ഒരാളായിരുന്നു സിദ്ധാർഥ്.