കങ്കണ മാത്രമല്ല ബോളിവുഡ്; കർഷകർക്ക് പരസ്യ പിന്തുണയുമായി പ്രിയങ്ക ചോപ്രയും ബിജെപി എംപി സണ്ണി ഡിയോളും; മൗനം വെടിഞ്ഞ് ബി-ടൗൺ സെലിബ്രിറ്റികൾ

bollywood stars | india news

ന്യൂഡൽഹി: രാജ്യത്തെ കർഷകർ തെരുവിൽ പ്രക്ഷോഭത്തിൽ അണിനിരന്നിട്ടും മൗനം തുടരുന്ന ബോളിവുഡ് താരങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ചോപ്രയും സണ്ണി ഡിയോളും രംഗത്തെത്തി. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഉറച്ച പിന്തുണയുമായാണ് നടി പ്രിയങ്ക എത്തിയിരിക്കുന്നത്. പഞ്ചാബി ഗായകനും നടനും കർഷക സമരത്തെ ശക്തമായി പിന്തുണച്ച് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത ദിൽജിത് ദോസാഝിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്.

”നമ്മുടെ കർഷകർ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകൾ നിറവേറ്റുകയും വേണം. വളർന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഈ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്”- പ്രിയങ്കയുടെ ട്വീറ്റ് പറയുന്നതിങ്ങനെ.

കേന്ദ്രസർക്കാരിനെ പിണക്കാനും കർഷക സമരത്തെ പിന്തുണയ്ക്കാൻ ധൈര്യമില്ലാതെയും ഒളിച്ചിരിക്കുന്ന ബോളിവുഡ് താരങ്ങളുടെ ഇരട്ടതാപ്പിനൊപ്പം നിൽക്കാതെയാണ് പ്രിയങ്ക നിലാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മോഡി ആരാധികയായ കങ്കണ റണൗത്തിന് കർഷകരെ പിന്തുണയ്ക്കുക മാത്രമാണ് മുന്നിലുള്ള മാർഗ്ഗം. എന്നാൽ ബിജെപി എംപി കൂടിയായ ബോളിവുഡ് നടൻ സണ്ണി ഡിയോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് ബോളിവുഡിന് തന്നെ മാതൃകയാവുകയും ചെയ്തു. കർഷകരെ പിന്തുണച്ചാണ് സണ്ണി രംഗത്തെത്തിയിരിക്കുന്നത്.

കർഷക സമരത്തെ അവഹേളിച്ചും കേന്ദ്ര സർക്കാരിന് കടുത്ത പിന്തുണയും നൽകി നടി കങ്കണ റണൗത്ത് തുടക്കം മുതൽ രംഗത്തുണ്ടായിട്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ഇതുവരെ മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ തയ്യാറായിട്ടില്ല. ഇതിനെതിരെ സമരത്തെ പിന്തുണയ്ക്കുന്ന പഞ്ചാബിലെ പ്രാദേശിക താരങ്ങൾ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. ബോളിവുഡിന്റെ വലിയ ആരാധകരായ പഞ്ചാബിലെ കർഷകർ സമരത്തിൽ ഏർപ്പെട്ടിട്ടും ബോളിവുഡ് താരങ്ങൾ തുടരുന്ന മൗനം നിരാശനാക്കിയെന്ന് പഞ്ചാബി താരം ഗിപ്പി ഗ്രൂവൽ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞും കർഷകർക്കുള്ള പിന്തുണ ഉറപ്പാക്കിയും നടി താപ്‌സി പന്നു മാത്രമാണ് പ്രതികരിച്ചത്.

ഇതിനിടെ, താൻ കർഷകർക്കും പാർട്ടിക്കും ഒപ്പമാണ് എന്നായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം. ബിജെപി എംപിയാണെന്ന കാരണത്താൽ കർഷക സമരത്തെ തള്ളിക്കളയാൻ തയ്യാറാകാതിരുന്ന സണ്ണിയുടെ നിലപാട് ശ്രദ്ധേയമാവുകയും ചെയ്തു. പഞ്ചാബിലെ ഗുരുദാസ്പുറിൽനിന്നുള്ള എംപിയായ സണ്ണി ഡിയോളിന് കർഷക സമരത്തെ തള്ളി കളയുക എന്നത് സാധ്യവുമല്ല. കർഷകരുടെ ഉന്നമനത്തെ കുറിച്ചാണ് കേന്ദ്രസർക്കാർ എപ്പോഴും ചിന്തിക്കുന്നതെന്നും അദ്ദേഹം ആശ്വാസവചനമായി പറഞ്ഞു.

വിഷയം കർഷകരും സർക്കാരും തമ്മിലാണ്. അതിനിടയിലേക്ക് കടക്കരുതെന്ന് ഈ ലോകത്തോടു മുഴുവൻ അഭ്യർത്ഥിക്കുകയാണ്. കാരണം ചർച്ചകൾക്കു ശേഷം ഇരുകൂട്ടരും വഴി കണ്ടെത്തിക്കോളും. പലരും ഇതിൽനിന്ന് ലാഭം കൊയ്യാൻ നോക്കുകയാണെന്ന് എനിക്കറിയാം. അതിനായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. അവർ ചിന്തിക്കുന്നത് കർഷകരെ കുറിച്ചല്ല. അവർക്ക് അവരുടേതായ അജണ്ടയുണ്ടെന്ന് സണ്ണി ട്വീറ്റിലൂടെ വിമർശിക്കുകയും ചെയ്തു.

Exit mobile version